Friday, March 27, 2009

സഖാക്കളെ മുന്നോട്ട് (എങ്ങോട്ട്)

പി ക്യഷ്ണപിള്ളയുടെ, സഖാക്കൾക്ക് എന്നും ആവേശകരമായ മുദ്രാവാക്യം . ഒളിവിൽ കഴിഞ്ഞും, മർദ്ദക ഭരണകൂടങ്ങളുടെ കൊടിയ പീഢനമേറ്റും,പട്ടിണികിടന്ന്,‘പരിപ്പുവടയും കട്ടൻ ചായയും’ ഭക്ഷണമാക്കി സഖാക്കൾ വളർത്തിയ പാർട്ടി,സാമ്രജ്യത്വ - വർഗ്ഗീയ-മത ശക്തികൾക്കെതിരെ മുദ്രാവാക്യം ഉയർത്തിയ പാർട്ടി,എന്തിന്, മതം മനുഷ്യനെ മയക്കുന്ന കറുപ്പാണന്ന് പറഞ്ഞ മാക്സിന്റെ പാർട്ടി-വർത്തമാന കാലത്തിൽ അവയല്ലോം വാരിപുണരുമ്പോൾ,സഖാക്കളെ നിങ്ങൾ എങ്ങോട്ടാണന്ന ചോദ്യം ഉയരുന്നു. ഒരു വശത്ത് വിശാല ഇടതുപക്ഷ ഐക്യം എന്ന് വാചകമടിക്കുകയും മറുവശത്ത് അവരെയെല്ലാം മുന്നണിയിൽ നിന്ന് ചവിട്ടിപുറത്താക്കി pdp,പഴയ bjp കാരൻ രാമൻപിള്ളയുടെ ജനപക്ഷം തുടങ്ങിയ വർഗ്ഗിയകക്ഷികളുമായി കൂട്ടുകൂടുന്ന പുതിയ സമീപനമാണ് cpm കൈകൊണ്ടിട്ടുള്ളത്.ഒറിസ്സയിലെ ന്യുനപക്ഷങ്ങളെ സംഘപരിവാറുകാർ ചുട്ടുകൊന്നപ്പോൾ ഒരു ചെറുവിരൽ പോലും ഇനക്കാതിരുന്ന നവീൻ പട്നായിക്കുമായി കൂട്ടുചേരുകയും അതേ സമയം ന്യൂനപക്ഷങ്ങൾക്കു വേണ്ടി കണ്ണിർ ഒഴുക്കുകയും ചെയ്യുന്ന സഖാക്കൾ.പത്ത് വോട്ടിന് വേണ്ടി ഏത് ചെകുത്താന്മാരുമായി കൂട്ട് കൂടാം എന്ന് പോളസി. വി.പി.സിംഗ് അധികാരത്തൽ എത്തിയ 89-ലെ ഇലക്ഷനിൽ ബി.ജെ.പിയുമായി കൂട്ട് കൂടിയ ഇടതുപക്ഷം,അതിന് വലിയ വില കൊടുക്കേണ്ടി വന്നു.വെറും 2 സീറ്റിൽ നിന്നും 84 സീറ്റിലേക്കുള്ള BJPയുടെ വളർച്ചയും,പിന്നീട് അവരുടെ തീവ്രഹിന്ദുത്വ നിലപാടുകളും ഇന്ത്യാ രാജ്യം കണ്ടതാണ്. ഭരണപരാജയവും,അഴിമതി ആരോപണങ്ങളും,തമ്മിൽ തല്ലും കൊണ്ട് പൊറുതിമുട്ടിയ പാർട്ടിക്ക്,ജനശ്രദ്ധ തിരിച്ച് വിടാൻ ഒരു പുതിയ വിഷയം കൂടിയായി pdpയുമായുള്ള ബന്ധം.pdp വർഗ്ഗീയ കക്ഷിയാണോ അല്ലയോ എന്നുള്ള വിഷയത്തിലേക്ക് ശ്രദ്ധ/ചർച്ച കൊണ്ട് വരാൻ cpmന് കഴിഞ്ഞു.cpmഉം pdpയും ഇന്നും ഇന്നലെയുമായി തുടങ്ങിയ ബന്ധമല്ല, മറിച്ച് പണ്ടുണ്ടായിരുന്ന ഒളിസേവ മതിയാക്കി ഇപ്പോൾ പരസ്യമാഇ സേവ ചെയ്യുന്നു എന്നു മാത്രം.93ലെ ഒറ്റപ്പാലം ഉപതിരഞ്ഞടുപ്പിൽ എസ്.ശിവരാമൻ എന്ന SFI നേതാവ് ഒരു ലക്ഷ്ത്തിലധികം വോട്ടിന് ജയിച്ചത്,ബാബറി മസ്‌ജ്ജിദ് പ്രശ്നം മാത്രമായിരുന്നില്ല കാരണം PDP യുടെ പരസ്യമായ പിന്തുണ കൂടിയുണ്ടായിരുന്നു.മദനിയുടെ തീപൊരി പ്രസംഗങ്ങളുടെ കാസറ്റ് സഖാക്കൾ മണ്ഡലത്തിൽ വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.അന്ന് മദനിക്ക് പ്രസംഗിക്കാൻ സ്റ്റേജ് കെട്ടികൊടുത്ത ഇവർ തന്നെയാണ് പിന്നീട് അദ്ദേഹത്തെ കോയമ്പത്തൂർ സ്ഫോടനങ്ങളുടെ പേരിൽ തീവ്രവാദിയെന്ന് മുദ്രകുത്തി തമിഴ്നാട് സർക്കാറിന് പിടിച്ചു കൊടുത്തത്.അന്ന് സ: നായനാർക്കും പാർട്ടിക്കും വർഗ്ഗിയവാദിയായ മദനി ഇന്ന് ഇങ്ങനെ പിണറായിക്ക് നല്ലവനായി.കഴിഞ്ഞ ഇലക്ഷനിൽ പിഡിപി ക്ക് പൊന്നാനിയിൽ കിട്ടിയ വോട്ടിലാണ് സിപീഎം ന്റെ കണ്ണ്. ഒരു പക്ഷെ അന്ന് വിചാരണ കൂടാതെ ജയിലിൽ കിടന്നിരുന്ന മദനിക്ക് കിട്ടിയ സഹതാപ വോട്ടായിരുന്നു അതെന്ന് ആരു കണ്ടു.പിഡിപി വർഗ്ഗിയപാർട്ടിയാണോ അല്ലെയോ എന്നുള്ളത് ജനങ്ങൾ തീരുമാനിക്കട്ടെ,പിണറായി വിജയനും സഖാക്കളും നൂറ് തവണ ആവർത്തിച്ചാലും സത്യം സത്യമല്ലാതെ വരില്ലല്ലോ.പിഡിപി യുടെ ആദ്യ രൂപമായ ISS ന്റെ പ്രവർത്തനങ്ങളും, പിന്നിട് പിഡിപി യായി രൂപം മാറിയപ്പോഴും അവരുടെ നേതാക്കൾ സ്വീകരിച്ച് നിലപാടുകൾ കേരള സമൂഹം മറക്കാറായിട്ടില്ല.


വി.എസിനെ പോലെയുള്ളവർ ഒരു പരിധി വരെ പാർട്ടിക്കുള്ളിൽ ഇത്തരം പ്രവണതകൾക്കെതരെ പ്രതിഷേധ ശബ്ദം ഉയർത്തുന്നുണ്ടങ്കിലും,ഒടുവിൽ അവരും നിലവിലെ വ്യവസ്ഥിതിയുമായി ഒത്തു പോകുന്ന് കാഴ്ചയാണ് നമ്മുക്ക് കാണാൻ കഴിയുന്നത്.വി.എസ് പാർട്ടി വിട്ട് പോരാത്തിന് കാരണം ഒരു പക്ഷെ പാർട്ടിക്കുള്ളിൽ നിന്ന് കൊണ്ട് പാർട്ടിയെ ശുദ്ധികരിക്കാമെന്ന മൂഢവിശ്വാസം കൊണ്ടാവാം;അല്ലെങ്കിൽ അധികാരത്തിന്റെ മത്ത് അദ്ദേഹത്തേയും ബാധിച്ചിട്ടുണ്ടാവാം.ADB തുടങ്ങിയ കാര്യത്തിൽ അദ്ദേഹത്തിന്റെ മലക്കം മറച്ചിൽ കേരളം കണ്ടതാണല്ലോ.ബക്കറ്റിലെ വെള്ളമാകാതെ സമുദ്രത്തിന്റെ മാർതട്ടിൽ അലിഞ്ഞ ചേരാനാണാണ് പാർട്ടി സെക്രട്ടറിയുടെ ആഹ്വാനം.സമുദ്രത്തെ പല തരത്തിൽ വ്യഖ്യാനിക്കാം,അഴിമതിയുടെ സമുദ്രമെന്നോ,വർഗ്ഗിയതയുടെ സമുദ്രമെന്നോ.അത്തരം സമുദ്രത്തിൽ അലിഞ്ഞ് ചേർന്ന് വൻ തിരമാലയായി കേരളത്തിൽ ആഞ്ഞടിക്കണം.അപ്പോഴേ ‘സുരക്ഷിത ഇന്ത്യ-ഐശ്വര്യ കേരളം’ എന്ന ജാഥയുടെ വിജയം പൂർണ്ണമാവുകയുള്ളു.ഈ വിവാ‍ദങ്ങൾക്കിടയിൽ നേട്ടമുണ്ടാക്കിയ വ്യക്തി ഹുസൈൻ രണ്ടത്താണിയാണ്,അദേഹത്തെ ഒറ്റദിവസം കൊണ്ട് കേരളം മുഴുവൻ അറിയപ്പെടുന്ന വ്യക്തിയക്കി മാറ്റിയില്ലേ നമ്മുടെ മാധ്യമങ്ങൾ എന്തായാലും പുതിയ സഖ്യത്തിന്റെ നേട്ടങ്ങളും കോട്ടങ്ങളും അറിയാൻ ഇലക്ഷൻ കഴിയുന്നതു വരെ കാത്തിരിക്കാം.