Saturday, September 19, 2009

വിശുദ്ധ പശുക്കളുടെ പ്രഹസനങ്ങൾ

‘വിശുദ്ധ പശു’ ഈ ആഴ്ച ചാനലുകൾക്ക് ആഘോഷിക്കാൻ കിട്ടിയ പുതിയ പദപ്രയോഗം.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 'S' ആകൃതിയും,വിശുദ്ധ വെളിപ്പെടുത്തലും കൊണ്ട് ബോറടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പുതിയ കക്ഷിയുടെ വരവ്. തരൂർ സാറിനു നന്ദി. പഞ്ചനക്ഷത്ര സംസ്കാരമുള്ള തരൂരിനെ പോലെയുള്ള മില്ല്യനയർ ബ്യൂറോക്രാറ്റുകളോട് കന്നുകാലി ക്ലാസ്സിൽ യാത്ര ചെയ്യാൻ പറയുന്ന ഹൈക്കമാന്റിനെല്ലേ സത്യത്തിൽ വിവരമില്ലാത്തതെന്ന് സംശയിച്ചു പോകുന്നു. ജനങ്ങളിലേക്ക് ഇറങ്ങിചെന്ന്, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജനപ്രതിനിധികൾ അപൂർവ്വമായി വരികയാണ്. അങ്ങനെ പ്രവർത്തിച്ചിരുന്നവർ ഉണ്ടായിരുന്നു. അവരല്ലാം ഇന്ന് പാർലമെന്റിന്റെ സെൻ‌ട്രൽ ഹാളിൽ പടമായിരിക്കുന്നുണ്ട്. ഇന്നുള്ള എം.പിമാരിൽ ഭൂരിപക്ഷവും ജനങ്ങളുമായി ബന്ധമില്ലാത്ത കോടിശ്വരന്മാരാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ യാത്രാചിലവ് ചുരുക്കിയുള്ള ഈ നാടകം കളി എത്ര നാൾ ഇവർ തുടരും. വീടു മോടി പിടിപ്പിക്കാനും, സുരക്ഷാക്രമീകരണങ്ങൾക്കും, ഓഫീസ് സ്റ്റാഫിനുമായി കോടികളാണത്രെ ഇവർ ചിലവിടുന്നത്. ഒരു മന്ത്രി തന്റെ ഓഫീസിൽ ഇറ്റാലിയൻ മാർബിൾ വിരിക്കാൻ പറഞ്ഞു പോലും.(ഇറ്റാലിയൻ ആയാൽ മേഡം സന്തോഷിക്കുമായിരിക്കും).
സാർ,
ഞങ്ങൾ കന്നുകാലികൾക്ക് ഒരു അപേക്ഷയുണ്ട്. ദയവായി താങ്കളെ പോലെയുള്ള കുബേരന്മാർ കന്നുക്കാലി ക്ലാസ്സിൽ യാത്ര ചെയ്യരുത്.ടിക്കറ്റ് ദൌർലഭ്യവും,അമിതമായ ചാർജ്ജും, തൊട്ട് തൊട്ടുരുമിയുള്ള ഇരിപ്പിടവും,ആട്ടും തുപ്പുമായി ഞങ്ങൾ ഇപ്പോഴെ ദുരിതത്തിലാണ്. തങ്കളെ പോലെയുള്ള വിശുദ്ധ പശുക്കളും,അവരുടെ പരിചാരകരും,കരിമ്പൂച്ചകളും ചേർന്ന് ഞങ്ങളുടെ കന്നുകാലി ക്ലാസ്സിലെ യാത്രാദുരിതം വർദ്ധിപ്പിക്കരുത്. താങ്കളെ പോലുള്ളവരുടെ സാന്നിധ്യം ഞങ്ങളുടെ സുരക്ഷക്കും ഭീഷിണിയാണ്. എപ്പോഴാണ് കല്ലേറ് വരുന്നതെന്ന് അറിയില്ലല്ലോ!!!

3 comments:

ഒരു നുറുങ്ങ് said...

ഇപ്പോള്‍ കന്നുകാലി ക്ലാസ്സിനാ ചിലവു കൂടുതല്‍..

ഗൗരിനാഥന്‍ said...

ജുജൂസെ, തരൂരിനെ പോലെ ഇന്ത്യയെ കണ്ടെത്താത്ത ഒരാള്‍ക്ക് എന്തും പറയാം, അതില്ലുമുപരി തിരുവന്തോരത്തെ കന്നുകാലികളെ പറഞ്ഞാല്‍ പോരെ

Rajesh T.C said...

തിരുവന്ത്വോരം ശശിയെ തലസ്ഥാനത്തെ ഏതേങ്കിലും കോൺ‌ഗ്രസ്സ് ഓഫീസിൽ പോയി അനേഷിച്ചാൽ ചോദിക്കുന്നവന് അടികിട്ടും.പക്ഷെ ശശി ആരാ മോൻ നെഹറുവിനേയും മേഡത്തിനേയും വിമർശിച്ചിട്ടു പോലും കോൺ‌ഗ്രസ്സിൽ തന്നെ നിൽക്കണമെങ്കിൽ ഒരു കഴിവ് വേണം
നന്ദി ഹാർണൂപ്, ഗൗരിനാഥന്‍