Saturday, October 24, 2009

പാലഭിഷേകം


ഇഷ്ട താരങ്ങൾക്ക് അമ്പലങ്ങൾ പണിയുന്ന തമിഴ്നാട്ടിൽ, ഓരോ സിനിമയുടെ റിലീസും ഉത്സവങ്ങളാണ്.റിലീസ് ദിവസം, കൊട്ടും പാട്ടും, കൂറ്റൻ കട്ടൌട്ടുകളും, കട്ടൌട്ടുകൾക്കു മുകളിലൂടെയുള്ള പാലഭിഷേകവും,ആരാധകരുടെ വാക്കുതർക്കങ്ങളും കത്തികുത്തും അവിടെ ഒരു പതിവു കാഴ്ചയാണ്. നൂറ് കണക്കിന് ലിറ്റ്‌ർ പാൽ ഇങ്ങനെ അഭിഷേകങ്ങൾക്കായി ചിലവക്കുന്നുണ്ടന്നാണ് പറയപ്പെടുന്നത് വീട്ടിലേക്ക് വാങ്ങികൊണ്ട് പോകുന്ന പാൽ പേക്കറ്റിന് തുളയിട്ട് വഴിയിൽ കണ്ട സൂപ്പർസ്റ്റാറിന്റെ പോസ്റ്റ്‌റിൽ അഭിഷേകം നടത്തുന്ന തമിഴന്റെ ഫോട്ടോ ഒരിക്കൽ പത്രത്തിൽ കണ്ടിരുന്നു.തമിഴന്റെ ഈ വക കോപ്രായങ്ങളേയും, സിനിമാഭ്രാന്തിനേയും കണക്കിന്
പരിഹസിച്ചിരുന്ന മലയാളിക്ക്, പക്ഷെ കഴിഞ്ഞ ആഴ്ച്ച പഴശ്ശിരാജയുടെ റിലീസ് കേന്ദ്രങ്ങളിലെ കോപ്രായങ്ങൾ കണ്ടപ്പോൾ, തങ്ങളും പാണ്ടിയേക്കാൾ മോശമല്ലന്ന് ബേധ്യപ്പെട്ടു. ഒരുപക്ഷെ വളരെ നാളുകൾക്ക് ശേഷം സൂപ്പർസ്റ്റാറിന്റെ ഒരു നല്ല സിനിമ വന്നതിന്റെ ആഹ്ലാദമായിരിക്കാം.ടിവിയിൽ ലൈവായി ഈ ദൃശ്യങ്ങൾ കണ്ടുകൊണ്ടിരിക്കെ സഹമുറിയൻ അണ്ണൻ ചോദിച്ചു “എന്നാ തമ്പിയിത്, നമ്മെ ഊരിലെ പൈത്യം നിങ്കെ ഊരിലും വന്താച്ചാ?. മറുപടി ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
കേരളത്തിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് മാത്രം തുടങ്ങിയ ഈ ഫേൻസ് സംസ്കാരം അതിന്റെ പീക്ക് പോയന്റിൽ എത്തി നിൽക്കുകയാണ്. ചിലപ്പോൾ ഈ കോപ്രായങ്ങൾ പരിധി വിടുന്നില്ലേന്ന് ഒരു സംശയം.സൂപ്പർസ്റ്റാർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ ആർത്തു വിളിക്കുക, സ്ക്രീനിലേക്ക് പഷ്പവൃഷ്ടി നടത്തുക, മറ്റു താരങ്ങളുടെ സിനിമകളെ കൂകിതോൽ‌പ്പിക്കുക, തുടങ്ങിയ ഫേൻസ് കലാപരിപാടികൾ മലയാള സിനിമക്ക് ആരോഗ്യപരമാണോന്ന് ചിന്തിക്കേണ്ടിരിക്കുന്നു. തിയ്യറ്ററുകളിൽ പോയി സിനിമ കാണുന്ന കുടുബപ്രേക്ഷകരുടെ എണ്ണം കുറഞ്ഞു വരുന്ന ഇക്കാലത്ത്, ഇത്തരം ‘കലാപരിപാടികൾ’ അവരെ കൂടുതൽ അകറ്റാനേ വഴിയുള്ളു. ഇഷ്ട് താരത്തിന്റെ പ്രതിമയിൽ സ്വന്തം വിരൽ മുറിച്ച് രക്താഭിഷേകം നടത്തുന്ന ഭ്രാന്തൻ ആരാധകരെ മലയാള മണ്ണിൽ അതിവിദൂരമല്ലാത്ത ഭാവിയിൽ കണ്ടാൽ അത്ഭുതപ്പെടാനില്ല.