Tuesday, February 16, 2010

ഹൃദയത്തിൽ ഒരിടം..

മൊബൈയിൽ ഫോണും,ഇന്റ്‌ർനെറ്റും നഷ്ടപെടുത്തുന്ന നാട്ടുപ്രണയങ്ങളെ കുറിച്ചും, ഓരോത്തരുടെയും ജീവിതത്തിലൂടെ കടന്നു പോയ പ്രണയദിനങ്ങളെയും കുറിച്ചും കൂട്ടുകാർക്കിടയിൽ നടക്കുന്ന ഓരോ ചർച്ചയും എന്നെ എന്റെ പ്രണയ കാലത്തിലേക്ക് കൂട്ടികൊണ്ട് പോകാറുണ്ട്. ഓരോത്തരും അവരവരുടെ പ്രണയാനുഭങ്ങളെ പറ്റി അയവിറക്കുമ്പോൾ ഞാൻ ആലോചിക്കാറുണ്ട്, എന്നേങ്കിലും എവിടെങ്കിലും എന്റെ പ്രണയത്തിനെ പറ്റി എഴുതി വെയ്ക്കണമെന്ന്. ആദ്യ പ്രണയത്തിന്റെ മാധുര്യം ജീവിതത്തിലുടെ നീളം പച്ചപിടിച്ചു കിടക്കും. മഷിത്തണ്ടിലും,മയിൽപ്പീലിയിലും പ്രണയത്തിന്റെ മധുരം പകർന്ന ഇന്നലെകൾ ഇല്ലാത്തവർ ഉണ്ടാകുമോ?പാളിനോട്ടങ്ങളും പിൻനോട്ടങ്ങളും ചെറിയ പുഞ്ചിരികളും... വിറക്കുന്ന വിരലുകൾക്കിടയിലൂടെ കൈമാറ്റം ചെയ്യപ്പെട്ട ചെമ്പകപ്പൂക്കളും റോസാപ്പൂക്കളും...മനസ്സിലെ പ്രണയചെപ്പിലെ വിലമതിക്കാനാവാത്ത രത്നങ്ങളായി അവ എന്നും അവശേഷിക്കും. അങ്ങനെ ഈ പ്രണയദിനത്തിൽ ഞാൻ എന്റെ പഴയ കാലത്തിലേക്ക് ഒന്നു തിരിച്ചു പോവുകയാണ്.


**********
പതിവിനു വിപരീതമായി ഇന്ന് സ്കൂളിൽ പോകാൻ വലിയ ഉത്സാഹം തോന്നിയില്ല. ഉള്ളിൽ പറഞ്ഞറിയിക്കാനാവാത്ത ഒരു വിഷമം. ഇന്നത്തോടു കൂടി ഹൈസ്ക്കൂൾ വിദ്യാഭ്യാസം അവസാനിക്കുകയാണ്. ഈ വിദ്യാലയത്തിലെ അവസാന ദിവസം – sendoff അഥവ വിട പറയൽ ദിവസം. പരീക്ഷ എന്ന കടമ്പ കൂടി കഴിഞ്ഞാൽ ഓരോത്തർ അവരവരുടെ പുതിയ ലേകത്തിലേക്ക് യാത്ര തുടങ്ങുകയാണ്. ചടങ്ങിൽ അദ്യാപകരും വിദ്യാർത്ഥികളും പ്രസംഗിക്കുകയും, വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.പക്ഷെ അതൊന്നും ശ്രദ്ധിക്കാതെ അവൾ മാത്രം തലയും കുമ്പിട്ടിരിക്കുകയാണ്.ഇടയ്ക്കപ്പോഴോ അവൾ തലയുർത്തി എന്നെ നോക്കിയപ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.കലാപരിപാടികൾക്കു ശേഷം ചായസത്കാരം..പിന്നെ കൂട്ടുകാർ പരസ്പരം കൈകൊടുത്തും ആശ്ലേഷിച്ചുമുള്ള യാത്ര പറയൽ. നാളെ ആരെയല്ലാം വീണ്ടും കണ്ടുമുട്ടുമെന്നറിയില്ല. കൂട്ടുകാരേടല്ലാം യാത്ര പറഞ്ഞ് പുറത്തിറങ്ങിയപ്പോൾ എന്നേയും പ്രതീക്ഷിച്ച് അവൾ വരാന്തയിൽ കാത്ത് നിൽ‌പ്പുണ്ട്.ഒപ്പം കൈയ്യിൽ എന്റെ ഓട്ടോഗ്രഫും. അവൾ എഴുതിയത് ആരും വായിക്കാതിരിക്കാൻ അവസാന ദിവസമേ എന്റെ ഓട്ടോഗ്രഫിൽ എഴുതൂന്ന് അവളുടെ വാശിയായിരുന്നു. രണ്ടു പേരും കുറച്ചു നേരം മൂകമായി നിറകണ്ണുകളോടെ നോക്കി നിന്നു.”സ്വപ്നം കാണാണ്ട് നന്നായി പഠിച്ചോളോ ചെക്കാ”ന്ന് പറഞ്ഞ് അവൾ നടന്നകന്നപ്പോൾ വല്ലാത്തോരു ഏകാന്തത അനുഭവപ്പെടാൻ തുടങ്ങി. ഓട്ടോഗ്രഫിന്റെ താളിൽ അവൾ എഴുതിയിട്ട വരികൾ ഇന്നും മാഞ്ഞിട്ടില്ല. “ജീവിതത്തിൽ ഒരിക്കലും എനിക്ക് നിന്നെ മറക്കാൻ കഴിയില്ല, തിരിച്ച് നിന്നക്കും അങ്ങനെ തന്നെ എന്ന് ഞാൻ വിശ്വസിക്കുന്നു.നിന്റെ ഹൃദയത്തിൽ എനിക്കായി ഒരു ചെറിയ ഇടം എന്നുമുണ്ടാവുമെന്ന് ഞാൻ പ്രതീക്ഷിച്ചോട്ടെ”

********
എട്ടാം ക്ലാസ്സിൽ പുതിയതായി ചേർന്ന വിദ്യാർത്ഥിയായിരുന്നു ഞാൻ. ക്ലാസ്സ് തുടങ്ങിയ ദിവസം ഒരു പാട് അപരിചിതമായ മുഖങ്ങളിൽ കറുത്ത മെല്ലിച്ച -കാതിൽ കോട്ട ഞാത്തി കമ്മലിട്ട്, ഞൊറിയുള്ള മെറൂൺ ഫുൾ പാവാടയിട്ട പെൺകുട്ടിയെ ഞാൻ ശ്രദ്ധിച്ചിരുന്നോ?..മത്സരിച്ചു പഠിച്ചിരുന്ന രണ്ടുപേരും പുറമേ ശത്രുക്കാളായിരുന്നു..പക്ഷെ അകമേ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു വികാരം അവളോട് എനിക്ക് ഉണ്ടായിരുന്നു,അതു ആരാധനയോ ഇഷ്ടമോ എന്താണന്ന് അറിയില്ല.പക്ഷെ അത് പ്രണയമാണെന്ന് കണ്ടുപിടിച്ചത് കൂട്ടുക്കാരായിരുന്നു. . എന്നുമുതലായിരിക്കും, വലതു വശത്തെ ബഞ്ചിലിരിക്കുന്ന അവളുടെ അടുത്തേക്ക് കണ്ണുകൾ അറിയതെ പോയെത്??.കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ,എന്തേന്ന് പിരികമുയർത്തി ചോദ്യഭാവവും-ഒന്നുമില്ലാന്നുള്ള തോളുകുലിക്കുള്ള് മറുപടി..എപ്പോഴായിരിക്കാം ഞാൻ എന്റെ പ്രണയം തിരിച്ചറിഞ്ഞത്? രണ്ടാഴ്ചയോളം, കണ്ണിനു സുഖമില്ലാതെ അവൾ ക്ലാസ്സിൽ വരാതരുന്നപ്പോൾ--മനസ്സിൽ ഒരു തരം വിങ്ങൽ..രാവിലെ ഒന്നാം നിലയിൽ നിന്നും റോഡിലെക്ക് നോക്കി നിൽക്കും,ചിലപ്പോൾ ആൽതറയിൽ പോയി അവളെ കാത്ത് നിൽക്കാൻ തുടങ്ങി..ഒടുവിൽ, രണ്ടാഴ്ചക്കു ശേഷം അവൾ ക്ലാസ്സിൽ വന്നു കയറിയപ്പോൾ എന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരു ആനന്ദം നിറയുന്നത് ഞാനറിഞ്ഞു.,അവളുടെ കണ്ണുകൾ ആദ്യം പരതിയത് എന്നെ ആയിരുന്നു, കണ്ണുകൾ കൂട്ടിമുട്ടിയപ്പോൾ അവളുടെ ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിക്ക് ഒരു വശ്യത തോന്നി. എല്ലാ പരീക്ഷക്കും അവൾ ഒന്നാമതും ഞാൻ രണ്ടാമതും ആയിരുന്നു. ഇത്രയൊക്കെ ക്ലാസ്സുകൾ നഷ്ടപ്പെട്ടിട്ടും അടുത്തപരീക്ഷക്കും അവൾ തന്നെ ഒന്നാം റാങ്കും മെഡലും നേടിയപ്പോൾ, ടീച്ച്‌ർമാരുടെ പരിഹാസം മുഴുവനും എനിക്ക് നേരെയായിരുന്നു.അരക്കൊല്ല പരീക്ഷക്ക് അവളെ തോൽ‌പ്പിച്ച് ഞാൻ ഒന്നാം സ്ഥാനം നേടിയതിന്റെ പിറ്റേന്ന് അവൾ കൂട്ടുക്കാരി വശം കൊടുത്തു വിട്ട കുറിപ്പ് വായിച്ച് ഞാൻ വല്ലാണ്ടായി. നല്ല വടിവൊത്ത അക്ഷരത്തിൽ അതിൽ ഇങ്ങനെ എഴുതിയിരുന്നു,“ ഇപ്രവിശ്യം ഞാൻ മന:പൂർവ്വം തോറ്റുതന്നതാടാ, കാര്യം എന്താണന്നു മനസ്സിലായിക്കാണുമെന്ന് കരുതുന്നു”. അവൾ മന:പൂർവ്വം തോറ്റു തന്നതാണന്നുള്ള അറിവ് വിജയത്തിലും എനിക്ക് ഒരു പരാജിതന്റെ മുഖം തന്നു..പിന്നത്തെ 2 വർഷം കണ്ണുകൾ വാചാലവും,അധരങ്ങൾ മൌനവും പാലിച്ചുള്ള പ്രണയം.ഒടുവിൽ മൌനം ഭേദിച്ച് ഒരു സ്വതന്ത്രദിനത്തിൽ എല്ലാവരും കേൾക്കെ അവളുടെ ക്ലസ്സിൽ കയറി “.....എനിക്ക് നിന്നെ ഇഷട്ടമാണടിന്ന്’ ഉറക്കെ വിളിച്ചു കൂവിയത്...മൂത്രാപുരയുടെ ചുമരുകളും ക്ലസ്സ് മുറികളുടെ വാതിലുകളും ഞങ്ങളുടെ പേരുകൾ നെഞ്ചിലേറ്റിയത്..പരസ്പരം കൈമാറിയ പ്രണയലേഖനങ്ങളിലൂടെ ഞങ്ങളുടെ മനസ്സുകൾ തമ്മിൽ സംസാരിച്ചു.ക്ലാസ്സ് വിട്ട് വീട്ടിലേക്ക് പോകുന്ന വഴി തെങ്ങുംതോപ്പിൽ നിന്നാണ് ആദ്യ പ്രണയലേഖനം വായിച്ചത്. ചുറ്റുപാട് ആരും ഇല്ലന്ന് ഉറപ്പുവരുത്തി വിറയാർന്ന കൈകൾ കൊണ്ട് തുറന്ന കത്തിൽ “ഇഷ്ടമാണ് ഒരുപാട്” എന്ന വരിമാത്രമേ ഉണ്ടായിരുന്നുള്ളു. ആരും കാണാതെ അവൾ തന്നിരുന്ന 5സ്റ്റാർ മിഠായിക്കു പകരം കൊടുക്കാൻ കാലികീശയുമായി വരുന്ന എന്റെ കയ്യിൽ ഒന്നുമുണ്ടാവാറില്ല.വല്ലപ്പോഴും ബസ്സ് കാശ് പിശുക്കി കിട്ടുന്ന പൈസ കൊണ്ട് ഞാൻ വാങ്ങികൊടുക്കുന്ന നാരങ്ങ മിഠായി അവൾ വളരെ സന്തോഷത്തോടെയാണ് വാങ്ങിക്കറ്. .ഞങ്ങളുടെ വേഷവിധാനത്തിലുള്ള അന്തരം ഞങ്ങൾ തമ്മിലുള്ള സാമ്പത്തികാന്തരങ്ങൾ ഓർമ്മപെടുത്തികൊണ്ടിരുന്നു. പ്രതിസ്ഡികൾക്കിടയിലും പ്രണയം എനിക്ക് വിജയങ്ങൾ കൈപ്പിടിയിൽ ഒതുക്കാനുള്ള ഊർജ്ജമായിരുന്നു…

***********
തൃശൂർ വടക്കേ സ്റ്റാന്റിലെ ബസ്സ് സ്റ്റോപ്പിൽ തൂണും ചാരി നില്ക്കുമ്പോഴും, വടക്കുംനാഥന്റെ പ്രദക്ഷിണ വഴിയിലൂടെ നടക്കുമ്പോഴും, ഞങ്ങൾ സംസാരിച്ചത് ഭാവിയെ കുറിച്ചായിരുന്നു. “നീ ആദ്യം ഒരു ജോലി ശരിയാക്ക്, എന്നിട്ട് എന്റെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്ക്.അവിടെ പെണ്ണുകാണൽ ബഹളം തുടങ്ങിട്ടുണ്ട്” അവൾ കൂടെ കൂടെ ഓർമ്മപെടുത്തുന്ന വാചകം.
നമ്മുക്ക് എവിടക്കേങ്കിലും ഓടിപ്പോയാലോ” ഒരു ദിവസം തമാശരൂപത്തിൽ ചേദിച്ചു.
“എങ്ങോട്ട്, നമ്മൾ എങ്ങനെ ജീവിക്കും, അതുകൊണ്ട് നമ്മുക്ക് രണ്ടാളിൽ ആർക്കേങ്കിലും ഒരാൾക്ക് ജോലികിട്ടട്ടെ.എന്നിട്ട് വീട്ടുകാർക്ക് സമ്മതമില്ലെങ്കിൽ അതെപറ്റി ചിന്തിക്കാം”.
-“ശരി, ആദ്യം ഒരു ജോലി ശരിയാവട്ടെ,നിന്നക്കറിയാമല്ലോ നമ്മൾ തമ്മിൽ നാരങ്ങമുട്ടായും,ഫൈവ്‌സ്റ്റാറു, തമ്മിലുള്ള വ്യത്യാസം ഉണ്ട്. എന്റെ വീട്ടുക്കാർ സമ്മതിച്ചാലും നിന്റെ വീട്ടുക്കാർ സമ്മതിക്കില്ല”
“നിന്റെ ഈ കോപ്ലക്സ് ഉണ്ടല്ലോ, അത് ആദ്യം തന്നെ മാറ്റ്” എന്നാവും അവളുടെ പരിഭവം കലർന്ന മറുപടി. തൊഴിൽ അനേഷിച്ചലയുന്ന വഴികൾക്ക്‌ അറ്റമില്ലെന്ന് തോന്നി നിരാശനായി ജീവിതത്തോട് തന്നെ വെറുപ്പ് തോന്നി തുടങ്ങിയ കാലമായിരുന്നു അത്. അവളെ കണ്ടുമുട്ടുമ്പോഴെല്ലാം എനിക്ക് തരാനായി അവളുടെ കൈയ്യിൽ ജോബ് വേക്കൻസിയുടെ പത്രകട്ടിങ് ഉണ്ടാവും. പിന്നെ സ്വകാര്യമായി ആ രഹസ്യം കൂടി പറഞ്ഞു…”നിന്നെ എനിക്ക് കിട്ടാനും, നിനക്ക് നല്ലതു വരാനും വേണ്ടി ഞാനിപ്പം തിങ്കളാഴ്ച്ച നോയിമ്പും നോൽക്കുന്നുണ്ട്”ജീവിതം പച്ച പിടിപ്പിക്കാനായി വടക്കേ ഇന്ത്യയിലും പിന്നെ ഭാഗ്യമനേഷിച്ചു ഗൾഫിലേക്കുമുള്ള നെട്ടോട്ടത്തിലായിരുന്നു ഞാൻ. ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തിൽ പക്ഷെ തുച്ച ശബള ജോലി എന്റെ ലക്ഷ്യങ്ങളെ അകറ്റികൊണ്ടിരിന്നു. എവിടെ പോയാലും എന്റെ മേൽ‌വിലാസം തേടിപിടിച്ച് അവൾ അയച്ചിരുന്ന കത്തുകൾ എനിക്ക് അത്ഭുതവും, ഒരു സ്വാന്തനവും ആയിരുന്നു. മരുഭൂമിയിൽ പെയ്യുന്ന മഴപോലെയായിരുന്നു അവളുടെ ഒരോ കത്തും. ഡ്യൂട്ടിക്കിടയിൽ സൂപ്പർവൈസർ എഴുത്തു കൊണ്ടു വന്നു തന്നാൽ പിന്നെ അതു വായിക്കുന്നതു വരെ ആകാംഷയാണ്. ക്യാമ്പിൽ എത്തുന്നതു വരെ ക്ഷമിക്കാൻ പറ്റാത്തതു കൊണ്ട് അവൾ അയക്കുന്ന എഴുത്തുകളുടെ ആദ്യ വായന മിക്കവാറും കമ്പനി ടോയ്ലറ്റിൽ വെച്ചായിരിക്കും നടക്കുക. സെൻസർ ചെയ്യുന്നതു കൊണ്ട് അവളുടെ മേൽ‌വിലാസത്തിൽ എനിക്ക് മറുപടി അയക്കാൻ പറ്റിയിരുന്നില്ല. ഞാൻ എഴുതിയ കത്തുകൾ മിക്കവയും എന്റെ പെട്ടിയിൽ തന്നെ വീർപ്പുമുട്ടി കഴിഞ്ഞു. എങ്കിലും ചിലപ്പോഴല്ലാം ഹംസങ്ങൾ വഴി എഴുത്തുകൾ എത്തിച്ചുകൊടുക്കാറുണ്ടായിരുന്നു. ഞാൻ ഗൾഫിൽ വന്ന് ആറ് മാസം കഴിയുമ്പോഴേക്കും അവളുടെ കല്ല്യാണം വളരെ പെട്ടെന്നു തന്നെ അവളുടെ വീട്ടുക്കർ നടത്തി.ഞങ്ങളുടെ പ്രണയം അവളുടെ വീട്ടിൽ അറിഞ്ഞുവെന്നും, അതു ഒരു നിർബന്ധത കല്ല്യാണമായിരുന്നൂന്നും പിന്നിട് കൂട്ടുക്കാർ പറഞ്ഞ് ഞാനറിഞ്ഞു..കുറെ നാൾ അസ്വസ്ഥമായ മനസ്സുമായി ഞാൻ നടന്നു.പിന്നെ യാഥ്യാർത്ഥവുമായി പൊരുത്തപ്പെട്ട് തിരിച്ച് ജീവിതത്തിലേക്ക്…..വീഴ്ച്ച്കൾ എന്റെ ഭാഗത്ത് തന്നെയായിരുന്നു. ഒരു വശത്ത് തീവ്രമായ പ്രണയം, മറുവശത്ത് പൊള്ളുന്ന ജീവിത യാഥ്യാർത്ഥങ്ങൾ, ഉത്തരവാദിത്വം..കുടുംബം.. ഇതിനിടയിൽ പെട്ട്, തീരുമാനങ്ങൾ എടുക്കാൻ താമസിച്ചത്....
വടക്കുംനാഥന്റെ കല്ലുപാകിയ നടപാതയിലൂടെ ഏകനായി നടക്കുമ്പോൾ ആദ്യ പ്രണയത്തിന്റെ നനുത്ത ഓർമ്മകൾ എന്നെ ഇപ്പോഴും തേടിയെത്താറുണ്ട്. പല നാടുകൾ, ഒരു പാട് യാത്രകൾ, ഏത് ആൾക്കൂട്ടത്തിൽ ചെന്നാലും ഞാനാ മുഖം തിരയും, പക്ഷെ കഴിഞ്ഞ 11 വർഷത്തിനിടക്ക് ഒരുക്കൽ പോലും എനിക്കാ മുഖം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല
“സഫലമാകാത്ത പ്രണയത്തിന്റെ നീറ്റലാണ് എന്നും എപ്പോഴും മനസ്സിൽ ആഴത്തിൽ പടർന്നിറങ്ങുന്നത്,നഷ്ടപ്രണയത്തോളം പ്രണയമായി തനിമയോടെ നിലനിൽക്കാൻ ഏത് സഫല പ്രണയത്തിനാകും?” എന്ന് എഴുത്തുക്കാരി ഖദീജ മുംതാസ് മാതൃഭൂമി ഓണപതിപ്പിൽ ‘പ്രണയത്തിന്റെ നിറഭേദങ്ങൾ’ എന്ന ലേഖനത്തിൽ ചോദിച്ചത് എത്ര ശരി

*****
നീണ്ട ഇടവേളക്ക് ശേഷം ഞാൻ പഠിച്ച വിദ്യാലയത്തിലേക്ക് ഇപ്രാവശ്യം പോയിരുന്നു. ആ‍ളൊഴിഞ്ഞ സ്കൂൾ വരന്തയിലൂടെ നടക്കുമ്പോഴും കണ്ണുകൾ ക്ലാസ്സുകളുടെ വാതിലുകളിൽ എന്തോ പരതുന്നുണ്ടായിരുന്നു,പക്ഷെ കാലം എല്ലാം മായ്ച്ചിരിക്കുന്നു.മൂത്രപുരയുടെ ചുമരിൽ പുതിയ പുതിയ പേരുകൾ.. അവയുടെ എഴുത്തിലും പുതുമയുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് പച്ചകൊണ്ടും, ഇഷ്ടിക കഷ്ണങ്ങൾ കൊണ്ടുള്ള അക്ഷരങ്ങൾക്ക് പകരം വർണ്ണ ചോക്കും, മാർക്കർ കൊണ്ടുള്ള അക്ഷരങ്ങൾ. ഒരുപാട് കുസൃതികളും,പ്രണയങ്ങളും കണ്ട, പഴയ ആൽമരം എന്നേ കടപുഴകി വീണിരിക്കുന്നു. അതിന്റെ സ്ഥാനത്ത് പുതിയ ആൽമരം. റോഡിനോട് ചേർന്നുള്ള വൃദ്ധന്റെ പീടികയ്ക്കും കാലോചിതമായ മാറ്റങ്ങൾ കാണാം.പോയ കാലത്തിന്റെ മാധൂര്യം നുണയാനുള്ള ആർത്തിയിൽ പീടികയിൽ കയറിച്ചെന്ന് “അമ്മാവാ നാരങ്ങമുട്ടായി ഉണ്ടോ?” എന്ന് ചോദിച്ചു. കാലം തെറ്റി കയറി വന്ന അപരിചിതനെ തെല്ല് അതിശയതോടെയാണ് അയാൾ നോക്കിയത്.
“നരങ്ങമുട്ടായോ, അതിന്റെ കാലം കഴിഞ്ഞില്ലെ മോനേ, ഇപ്പോഴത്തെ കിടാങ്ങൾക്ക് മഞ്ച് മതി. അതൊരണ്ണം എടുക്കട്ടേ”. വേണ്ടന്ന് പറഞ്ഞ് നിരാശയോടെ അവിടെ നിന്നിറങ്ങി. പിന്നെ സ്കൂൾ മുറ്റത്തെ തെങ്ങും ചാരി ദൂരെയ്ക്കും കണ്ണും നട്ട് കുറച്ചു നേരം അങ്ങനെ നിന്നു
‘ഒരിക്കലും തിരിച്ചു വരാത്ത വസന്തകാലവും കാത്ത്.........