Tuesday, September 7, 2010

ഒരു ‘ഹർത്താൽ കല്ല്യാണത്തിന്റെ‘ ഓർമ്മക്ക്

യാത്രാസ്വാതന്ത്രം പോലും നിഷേധിച്ച ഒരു ഹർത്താൽ ദിനത്തിലായിരുന്നു, ഞങ്ങൾ ഒരുമിച്ചുള്ള ജീവിതയാത്ര തുടങ്ങിയത്. ഇണങ്ങിയും, പിണങ്ങിയും, വിരഹവും-പ്രണയവുമൊക്കയായി  ഇന്ന് (sept 08) അഞ്ചു വർഷം തികയുന്നു. ഓരോ ഹർത്താൽ ദിനത്തിലും ജനങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ കേൾക്കുമ്പോൾ, കല്ല്യാണദിവസം ഹർത്താൽ മൂലം ഞങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ ഓർക്കറുണ്ട്. കല്ല്യാണത്തിന്റെ തലേദിവസം ഉച്ചയോടു കൂടി വളരെ അപ്രതീക്ഷമായിട്ടായിരുന്നു, ഇന്ധന വില വർദ്ധവിനെതിരെയുള്ള ഇടതു പാർട്ടികളുടെ ഹർത്താൽ പ്രഖ്യാപനം. ആശുപത്രി, പാൽ വിതരണം, തീർത്‌ഥാടനം, വിവാഹം തുടങ്ങിയവക്ക് യാതൊരു തടസ്സവും ഉണ്ടാക്കില്ലന്ന് പ്രാഖാപിക്കുമെങ്കിലും, ഹർത്താൽ ദിനത്തിൽ പ്രഖ്യാപനങ്ങളെല്ലാം കാറ്റിൽ പറത്തി ഹർത്താലനുകൂലികൾ തെരുവിൽ അഴിഞ്ഞാടുകയാണ് പതിവ്.

 ന്യൂസ് പരന്നതോടെ ഹർത്താലിന്റെ ആശങ്കകൾ പങ്കുവെയ്ക്കാൻ ആളുകളുടെ തുരുതുരായുള്ള ഫോൺ വിളികൾ. പല ബന്ധുക്കളും,സുഹൃത്തുക്കളും കല്ല്യാണത്തിനു വരാൻ കഴിയില്ലെന്ന് അറിയിച്ചു. കല്ല്യാണം മാറ്റിവെയ്ക്കാൻ സാധ്യതയുണ്ടോന്ന് ചേദിച്ചവരും അകൂട്ടത്തിൽ ഉണ്ടായിരുന്നു. മുൻ‌കൂട്ടി ഏൽ‌പ്പിച്ചിരുന്നതു കൊണ്ടും, പരിചയമുള്ളവരായതു കൊണ്ടും ടെമ്പോട്രാവലർ ഡ്രൈവർമാർ  അവരുടെ വാഹനങ്ങൾ നിരത്തിലിറക്കാമെന്ന് സമ്മതിച്ചു.  കല്ല്യാണ തലേന്ന് ഉച്ചക്ക് തുടങ്ങിയ മഴക്ക് പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ഒരു ശമനം വന്നിരുന്നു. വീട്ടിൽ നിന്നും എട്ട് – പത്ത് കിലോമീറ്റർ ദൂരം യാത്ര ചെയ്യണം കല്ല്യാണമണ്ഡപത്തിൽ എത്താൻ. വാഹനങ്ങളിലല്ലാം ‘രാജേഷ് വെഡ്സ് പ്രിയ‘ എന്നതിനേക്കാൾ വളരെ വലുപ്പത്തിൽ ‘വിവാഹം’ എന്നെഴുതി, മുൻ ഗ്ലാസ്സിൽ തന്നെ ഒട്ടിച്ചു വെച്ചു.നേരം വൈകിയതു കൊണ്ട് കൂട്ടുകാരന്റെ കാറിൽ കയറി മെയിൻ റോഡ് വിട്ട് ഷോർട്ട് കട്ട് വഴിയിലൂടെ ഞാൻ കല്ല്യാണമണ്ഡപത്തിലേക്ക് എത്തിചേർന്നു. ചെറുക്കനും കൂട്ടരും യാത്ര ചെയ്യുന്ന വാഹനവ്യൂഹത്തിന്റെയും, കല്ല്യാണചെറുക്കൻ സ്ലോമോഷനിൽ ഇറങ്ങുന്ന സീനും പകർത്താൻ കഴിയാത്തതിൽ ക്യാ‍മറമേൻ കുറച്ച് നീരസം പ്രകടപ്പിച്ചിരുന്നു. കാരണം അവർ എത്തിച്ചേരുന്നതിനു മുൻപേ ഞാൻ കാറിൽ നിന്നും ഇറങ്ങി നിന്നിരുന്നു. കല്ല്യാണത്തിന്റെ ചടങ്ങുകളെല്ലാം യഥാർത്‌ഥ്ത്തിൽ നിയന്ത്രിക്കുന്നത് അവരാണല്ലോ. ആളുകൾ കുറവായിരുന്നെങ്കിലും കല്ല്യാണം ഭംഗിയായി നടന്നു.  വൈകീട്ടുള്ള റിസെപ്ഷനായിരുന്നു അടുത്ത പ്രശ്നം. പെണ്ണിന്റെ വീട്ടിൽ സദ്യക്കു വന്നിരുന്ന ആളുകളുടെ കുറവ് കണ്ടിട്ടാവാം അച്ഛൻ ഉച്ചക്ക് തന്നെ പാചകകാരൻ പയ്യനോട് “കോഴിക്കറി ചാറ് വറ്റിച്ച്  ഡ്രയ് ആക്കിക്കോന്ന്” വിളിച്ചു പറഞ്ഞിരുന്നു. എന്നിട്ടും ഐറ്റംസെല്ലാം കുറച്ച്ധികം ബാക്കി വന്നു. സദ്യ കഴിഞ്ഞ് മടങ്ങുന്ന ബന്ധുക്കൾക്ക്, അച്ഛൻ ആവശ്യാനുസരണം കോഴിക്കറിയും പത്തിരിയും, ബട്ടൂരയും പോളീത്തീൻ പേക്കറ്റിൽ പൊതിഞ്ഞ്  കൊടുക്കുന്നുണ്ടായിരുന്നു.വീട്ടിൽ ചെന്നിട്ട് അത്താഴത്തിന് ഒന്നും ഉണ്ടാക്കണ്ടല്ലോ, ഹർത്താലിനെ വകവെയ്ക്കാതെ കല്ല്യാണത്തിനു പങ്കെടുത്തത്തിന് അച്ഛന്റെ വക ഒരു ചെറിയ സമ്മാനം.
അഞ്ച് വർഷങ്ങൾക്ക് ശേഷം മറ്റോരു സെപ്റ്റംബർ എട്ടിന്റെ തലേന്ന് ദേശീയ പണിമുടക്കായത് തികച്ചും യാദൃശ്ചികമായി തോന്നി.