Saturday, January 2, 2016

അല്ലറ ചില്ലറ പ്രശ്നങ്ങൾ...

ഈ വീഡിയോ കണ്ടപ്പോൾ ചില്ലറ ഇല്ലാത്തതു കൊണ്ട് ഉണ്ടായ അല്ലറചില്ലറ സംഭവങ്ങൾ ഓർമ്മ വന്നത്. കൊച്ചി ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഇന്ത്യൻ രൂപ ഒഴികെ എല്ലാ വിദേശ കറൻസികൾ സ്വീകരിക്കുമെങ്കിലും, തിരിച്ച് ചില്ലറ cent ആയിട്ടേ തരൂ, അല്ലെങ്കിൽ സോപ്പ്. ഒരിക്കൽ ഡ്യൂട്ടി ഷോപ്പിൽ കയറിയപ്പോൾ കണ്ട കാഴ്ച്ച, ടൈയും കോട്ടും ഇട്ട ഒരു കാർന്നോർ രണ്ട് കുപ്പി മദ്യം വാങ്ങി ദിനാർ കൊടുക്കുന്നു.പതിവു പോലെ കേഷ്യർ  ഒരു ലെക്സ് സോപ്പും കൊടുത്തു. കാർന്നോർ ഒരു പൊടിക്ക് സമ്മതിക്കുന്നില്ല,”ഞാൻ ദിനാറാണ് തന്നത് എനിക്ക് അതിന്റെ ചില്ലറ വേണം,മാത്രമല്ല ഞാൻ ലെക്സ് സോപ്പ് ഉപയോഗിക്കറില്ല.എനിക്ക് ഒരു ഉപകാരമില്ലാത്ത സാധനങ്ങൾ എന്തിനാ എന്റെ മേൽ കെട്ടിവെയ്ക്കുന്നത്”.പിന്നെ തർക്കമായി,കാർന്നോർ രണ്ട് കുപ്പിയും മേശപ്പുറത്ത് വെച്ച് സ്ഥലം കാലിയാക്കി. നാട്ടിലെ ഒരുവിധം പലചെരക്ക് കടകളിലെല്ലാം ചില്ലറയ്ക്കു പകരം മിഠായി ആണ് തരുന്നത്.പച്ചക്കറി കടകളിൽ ചെറുനാരങ്ങ, അങ്ങനെ ഓരോത്തരം അവരവർക്ക് സൗകര്യമുള്ളത്, നമ്മളോട് ചോദിക്കാതെ തന്നെ അവർ സഞ്ചിയിൽ ഇട്ടു തരും. ആര്യവൈദ്യശാലയിൽ മരുന്നു വാങ്ങി കഴിഞ്ഞപ്പോൾ 62 രൂപ കൊടുക്കണം,ചെയ്ഞ്ച് വേണമെന്ന് ആദ്യമേ പറഞ്ഞതു കൊണ്ട് 70 രൂപ കൊടുത്തു,ബാക്കി തരാൻ ചില്ലറ ഇല്ല.എന്റെ കയ്യിൽ കൊടുക്കാനും ഇല്ല. “എന്നാൽ ബാക്കി പൈസക്ക് ഗോപിചന്ദനാദി ഗുളിക എടുത്തോ, വീട്ടിൽ വലിയവർക്കോ ചെറിയവർക്കോ ഗ്യാസ്,കഫകെട്ട്,നെഞ്ചെരിച്ചൽ തുടങ്ങിയവക്ക് എല്ലാം ഉപയോഗിക്കാം”. അതു ബേഗിൽ ഇരിക്കുന്നതു കൊണ്ടാണോന്ന് അറിയില്ല ഈ പറഞ്ഞ രോഗമെല്ലാം ഉണ്ടോന്ന് ഇടയ്ക്ക് ഇടയ്ക്ക് ഒരു സംശയം.കൂട്ടുകാരന് കുറച്ചു പുസ്തകങ്ങൾ സ്പീഡ് പോസ്റ്റ് വഴി അയച്ചു കൊടുക്കാൻ പോസ്റ്റോഫിൽ പോയപ്പോഴും ചില്ലറക്ക് പകരം കിട്ടിയത് സ്റ്റാമ്പ്. “ഞാൻ ഇപ്പോൾ ആർക്കും കത്തയ്ക്കാറില്ലാന്ന്” പറഞ്ഞെങ്കിലും കൈയ്യിൽ വെച്ചോളൂ ഇവിടെ ചില്ലറയില്ലാന്ന് മറുപടി.     വടക്കുംനാഥൻ അമ്പലത്തിൽ പോയപ്പോഴും ഇതു പോലെ തന്നെ സംഭവിച്ചു. ഒരു നെയ്യ് വിളക്കിന് 12 രൂപ, 20 ന്റെ നോട്ട് കൊടുത്തപ്പോൾ രണ്ട് രൂപ ചില്ലറ വേണമെന്നായി. ഇല്ലാന്ന് പറഞ്ഞപ്പോൾ “എന്നാൽ ദേവിക്ക് ഒരു മഞ്ഞൾപ്പൊടി ചാർത്തി കൊള്ളു, 8 രൂപയാണ്, അപ്പോൾ കണക്ക് ശരിയാവും”. ദൈവത്തിന്റെ കാര്യമെല്ലെ റിസ്ക്ക് എടുക്കാൻ നിന്നില്ല.