വീട്ടിൽ പണ്ട് മരം കൊണ്ട് ഉണ്ടാക്കിയ
ഒരു പത്തായം ഉണ്ടായിരുന്നു. വീട്ടിലെ പലവഞ്ജനങ്ങളും അരിയും പാത്രങ്ങളും സൂക്ഷിച്ച്
വെച്ചിരുന്ന ഞങ്ങളുടെ ഡൈനിങ്ങ് ടേമ്പിൾ കം പത്തായം. എങ്ങാനം വഴിതെറ്റി ആരേങ്കിലും
വിരുന്നുകാരായി വന്നാൽ ചായയും പലഹാരങ്ങളും വിളമ്പിയിരുന്നത് ഈ പത്തായത്തിന് മുകളിൽ വെച്ച് ആയിരുന്നു. അതിനുള്ളിൽ വലിയ ഒരു അലുമിനിയം ഡബ്ബ
ഉണ്ടായിരുന്നു. എന്നും ചോറ് വെയ്ക്കാനുള്ള അരി എടുക്കുമ്പോൾ , അതിൽ നിന്ന് രണ്ട് പിടി അരി അമ്മ ഈ ഡബ്ബയിൽ
ഇട്ട് വെയ്ക്കും. ഓരോ ആഴ്ച്ചയിലും റേഷൻ കടയിൽ നിന്ന് വ്യത്യസ്ഥ അരി കിട്ടുന്നത് കൊണ്ട്
ഈ ടിന്നിലെ അരി ഒരു കോക്ക് ടെയിൽ അരിയാണന്ന് പറയാം. പഞ്ഞ മാസക്കാലം ആകുമ്പോൾ, എന്നു വെച്ചാൽ ,
അച്ഛൻ്റെ പൈസ വരാൻ വൈകിയാൽ അല്ലെങ്കിൽ ശേഖരേട്ടൻ്റെ റേഷൻ കടയിൽ അരി
വരാതായാൽ ഞങ്ങൾക്ക് ശരണം ഈ ഡബ്ബയിൽ വെച്ചിട്ടുള്ള കോക്ക് ടെയിൽ അരിയാണ് . നിറ വ്യത്യാസം ഉള്ള പല വേവ് ഉള്ള അരി. അത് പാകപ്പെടുത്തി എടുക്കാൻ
പ്രത്യേകം വൈഭവം തന്നെ വേണം.
അതു
പോലെ തന്നെ ഒരു കരുതലിൻ്റെ പേരായിരുന്നു ‘കൊട്ട തേങ്ങ’. എല്ലാ മാസവും പറമ്പിലെ തേങ്ങ
വിൽക്കുമ്പോൾ അതിൽ നിന്നും നാലോ അഞ്ചോ തേങ്ങ വിറക് പുരയിലേക്ക് മാറ്റിയിടും. എല്ലാ
മാസവും കൃത്യമായി നീക്കി വെയ്ക്കുന്നത് കൊണ്ട് അത്യാവശ്യം നാളികേരം സ്റ്റോക്ക്
ഉണ്ടാവും. സ്കൂൾ തുറക്കുമ്പോൾ പുസ്തകം വാങ്ങാൻ കാശ് തികയാതെ വരുമ്പോൾ , അല്ലെങ്കിൽ മാസവസാനം വീട്ട് ചിലവിന് പൈസ തികയാതെ വരുമ്പോൾ , അങ്ങനെ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമ്പോൾ, കൊട്ട
തേങ്ങ വിറകുപുരയിൽ നിന്ന് നാളികേരം വെട്ടുകാരൻ ജയേട്ടൻ്റെ കടയിലേക്ക് യാത്രയാവും.
പുള്ളിക്കാരൻ നാളികേരം തരം തിരിഞ്ഞ്
വിലയിടുമ്പോൾ , കിട്ടുന്ന പൈസ നമ്മുടെ ആവശ്യങ്ങൾക്ക്
തികയണേന്ന് മനസ്സിൽ പ്രാർത്ഥിക്കും. വിൽക്കുമ്പോൾ
എണ്ണം കുറയുമെങ്കിലും കൃത്യമായി എല്ലാ മാസവും തേങ്ങ മാറ്റി വെച്ച് ‘കൊട്ട തേങ്ങ ബാങ്ക് ബാലൻസ്’ പൂജ്യമാകാതെ അമ്മ
പരിപാലിച്ചിരുന്നു. ഒരു തരത്തിൽ ഇത്തരം കരുതലുകൾ ഇന്നത്തെ SIP(systematic
investment plan) യുടെ പൂർവ്വികനാണന്ന് പറയാം. നാളേത്തേക്ക് ഉള്ള
കരുതൽ.
കൃത്യമായി
വരവ് ചിലവ് കണക്കുകൾ അന്നന്ന് തന്നെ ഒരു നോട്ട് ബുക്കിൽ എഴുതി വെയ്ക്കുന്ന ശീലം
അമ്മയ്ക്ക് ഉണ്ടായിരുന്നു. എത്രെ നേരം വൈകിയാലും വരവ് ചിലവ് കണക്ക് എഴുതിയിട്ടേ
അമ്മ ഉറങ്ങാൻ കിടക്കുകയുള്ളു. ചിലവായ തുക എത്ര ചെറുതാണങ്കിലും അത് രേഖപ്പെടുത്തി
വെയ്ക്കും ആളുകൾക്ക് കടം കൊടുത്തതും,
വാങ്ങിയതുമായ കണക്കുകൾ, അരി കടുക് വെളിച്ചെണ്ണ
തുടങ്ങിയ നിന്ത്യോപയോഗ സാധനങ്ങൾ കടമായി കൊടുത്താലോ അവരിൽ നിന്ന് വാങ്ങിയലോ ആ
കണക്കും പുസ്തകത്തിൽ ഉണ്ടാവും. അച്ഛൻ നാട്ടിൽ വരുമ്പോൾ “ദേ നിങ്ങൾ അയച്ചു തന്ന പൈസയുടെ
കണക്കുകൾ എല്ലാം ഈ ബുക്കിൽ ഉണ്ടെന്ന്” പറഞ്ഞ് പുസ്തകം കാണിച്ചു
കൊടുക്കും. അലക്ഷ്യമായി പുസ്തകത്തിൻ്റെ ഏടുകൾ മറച്ചു നോക്കുമെങ്കിലും ,അമ്മയുടെ ഈ പരിശ്രമത്തിന് അച്ഛൻ അഭിനന്ദനങ്ങൾ പറഞ്ഞിട്ടുണ്ടോന്ന് സംശയമാണ്.
ജോലി
ചെയ്ത് സമ്പാദിക്കാൻ തുടങ്ങിയപ്പൊൾ അമ്മയുടെ ഈ ശീലങ്ങൾ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്.
കിട്ടുന്നതിൽ ഒരോഹരി നാളേത്തേക്ക് മാറ്റിവെയ്ക്കാനും, ഒരു ചെറിയ ഓഹരി മറ്റുള്ളവർക്കായി
ചിലവഴിക്കാനുമുള്ള ശീലം. നമ്മുടെ വീടുകളിലെ അമ്മമാർ എത്രെ മെയ്യ് വഴക്കത്തോടെയാണ് വരവ്
ചിലവ് നിയന്ത്രിച്ച് ഒരു കുടുബത്തിനെ മുന്നോട്ട് നയിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ
University of Oxford ൽ നിന്ന് ബിരുദാനന്തബിരുദം ഉള്ള ധനമന്ത്രിമാരേക്കാൾ
എത്രയോ മിടുക്കികളായ അമ്മമാർ. Happy mother’s day..

