Thursday, August 19, 2010

ഓണാശംസകളോടേ....

പൊന്നോണത്തിന്റെ വരവറിയിച്ചു കൊണ്ട് മലയാളം ചാനലുകളിൽ ആഘോഷതിമർപ്പ് തുടങ്ങി.നക്ഷത്ര രാജകുമാരിമാരുടെ ലിപ്സ്റ്റിക്കിട്ട ചുണ്ടുകളിൽ നിന്നും ഓണവിശേഷങ്ങളുടെ   പൊങ്ങച്ചങ്ങൾ കേൾക്കാം. നടിമാരല്ലാം ചട്ടിയും കലവുമായി ഓണപുടവയുടുത്ത് ലുടുക്ക് പാചകവിധികളുമായി നിരന്നു കഴിഞ്ഞു.പരസ്യങ്ങളിൽ ഓഫറുകളുടെ പെരുമഴക്കാലം. മൂപ്പിളമ അനുസരിച്ച് മമ്മുട്ടി മുതൽ മണികുട്ടൻ വരെയുള്ളവരുടെ സിനിമകൾ ഒന്നിനു പുറകെ ഒന്നായി കാണാം...ആന്ദലബ്ദ്ധിക്ക് ഇനിയെന്ത് വേണം.ഓണം ഏത് ചാനലിന്റെ കൂടെ ആഘോഷിക്കുമെന്ന കൺഫ്യൂഷനിൽ ഇരിക്കുമ്പോഴാണ്, വർണ്ണ കവറിൽ മാതൃഭൂമി ഓണപ്പതിപ്പ് കിട്ടിയത്.ജ്യോതിർമയിയുടെ മുഖചിത്രത്തോടു കൂടി രണ്ട് പുസ്തകം.പക്ഷെ പതിവു പോലെ ഉൾപേജുകളിൽ പകുതിയും പരസ്യം തന്നെ. കേരളത്തിലെ സകല ചാത്തൻസേവക്കരുടേയും,ജ്യോത്സന്മാരുടെയും,വൈദ്യന്മാരുടെയും വലുതും ചെറുതുമായ നിരവധി പരസ്യങ്ങൾ നിറഞ്ഞ ഓണസമ്മാനം.200രൂപ കൊടുത്ത്(നാട്ടിൽ 45രൂപയേ ഉള്ളു) ഈ പരസ്യഭാണ്ഡം വാങ്ങിക്കണമായിരുന്നോന്ന് ന്യായമായും സംശയിച്ചു. ഈ ഓണതിരക്കിനിടയിൽ ഇപ്രാവിശ്യം മാവേലി  ബീവറേജിന്റെ ഏത് ബ്രാഞ്ചിലാണാവോ സന്ദർശിക്കാൻ പോകുന്നത്. .ചാല’കുടി’യിലായിരിക്കുമോ.ആവാൻ വഴിയില്ല.അവിടെ അല്ലാതെ തന്നെ നല്ല തിരക്കുണ്ട്.

Saturday, October 24, 2009

പാലഭിഷേകം


ഇഷ്ട താരങ്ങൾക്ക് അമ്പലങ്ങൾ പണിയുന്ന തമിഴ്നാട്ടിൽ, ഓരോ സിനിമയുടെ റിലീസും ഉത്സവങ്ങളാണ്.റിലീസ് ദിവസം, കൊട്ടും പാട്ടും, കൂറ്റൻ കട്ടൌട്ടുകളും, കട്ടൌട്ടുകൾക്കു മുകളിലൂടെയുള്ള പാലഭിഷേകവും,ആരാധകരുടെ വാക്കുതർക്കങ്ങളും കത്തികുത്തും അവിടെ ഒരു പതിവു കാഴ്ചയാണ്. നൂറ് കണക്കിന് ലിറ്റ്‌ർ പാൽ ഇങ്ങനെ അഭിഷേകങ്ങൾക്കായി ചിലവക്കുന്നുണ്ടന്നാണ് പറയപ്പെടുന്നത് വീട്ടിലേക്ക് വാങ്ങികൊണ്ട് പോകുന്ന പാൽ പേക്കറ്റിന് തുളയിട്ട് വഴിയിൽ കണ്ട സൂപ്പർസ്റ്റാറിന്റെ പോസ്റ്റ്‌റിൽ അഭിഷേകം നടത്തുന്ന തമിഴന്റെ ഫോട്ടോ ഒരിക്കൽ പത്രത്തിൽ കണ്ടിരുന്നു.തമിഴന്റെ ഈ വക കോപ്രായങ്ങളേയും, സിനിമാഭ്രാന്തിനേയും കണക്കിന്
പരിഹസിച്ചിരുന്ന മലയാളിക്ക്, പക്ഷെ കഴിഞ്ഞ ആഴ്ച്ച പഴശ്ശിരാജയുടെ റിലീസ് കേന്ദ്രങ്ങളിലെ കോപ്രായങ്ങൾ കണ്ടപ്പോൾ, തങ്ങളും പാണ്ടിയേക്കാൾ മോശമല്ലന്ന് ബേധ്യപ്പെട്ടു. ഒരുപക്ഷെ വളരെ നാളുകൾക്ക് ശേഷം സൂപ്പർസ്റ്റാറിന്റെ ഒരു നല്ല സിനിമ വന്നതിന്റെ ആഹ്ലാദമായിരിക്കാം.ടിവിയിൽ ലൈവായി ഈ ദൃശ്യങ്ങൾ കണ്ടുകൊണ്ടിരിക്കെ സഹമുറിയൻ അണ്ണൻ ചോദിച്ചു “എന്നാ തമ്പിയിത്, നമ്മെ ഊരിലെ പൈത്യം നിങ്കെ ഊരിലും വന്താച്ചാ?. മറുപടി ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
കേരളത്തിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് മാത്രം തുടങ്ങിയ ഈ ഫേൻസ് സംസ്കാരം അതിന്റെ പീക്ക് പോയന്റിൽ എത്തി നിൽക്കുകയാണ്. ചിലപ്പോൾ ഈ കോപ്രായങ്ങൾ പരിധി വിടുന്നില്ലേന്ന് ഒരു സംശയം.സൂപ്പർസ്റ്റാർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ ആർത്തു വിളിക്കുക, സ്ക്രീനിലേക്ക് പഷ്പവൃഷ്ടി നടത്തുക, മറ്റു താരങ്ങളുടെ സിനിമകളെ കൂകിതോൽ‌പ്പിക്കുക, തുടങ്ങിയ ഫേൻസ് കലാപരിപാടികൾ മലയാള സിനിമക്ക് ആരോഗ്യപരമാണോന്ന് ചിന്തിക്കേണ്ടിരിക്കുന്നു. തിയ്യറ്ററുകളിൽ പോയി സിനിമ കാണുന്ന കുടുബപ്രേക്ഷകരുടെ എണ്ണം കുറഞ്ഞു വരുന്ന ഇക്കാലത്ത്, ഇത്തരം ‘കലാപരിപാടികൾ’ അവരെ കൂടുതൽ അകറ്റാനേ വഴിയുള്ളു. ഇഷ്ട് താരത്തിന്റെ പ്രതിമയിൽ സ്വന്തം വിരൽ മുറിച്ച് രക്താഭിഷേകം നടത്തുന്ന ഭ്രാന്തൻ ആരാധകരെ മലയാള മണ്ണിൽ അതിവിദൂരമല്ലാത്ത ഭാവിയിൽ കണ്ടാൽ അത്ഭുതപ്പെടാനില്ല.









Saturday, September 19, 2009

വിശുദ്ധ പശുക്കളുടെ പ്രഹസനങ്ങൾ

‘വിശുദ്ധ പശു’ ഈ ആഴ്ച ചാനലുകൾക്ക് ആഘോഷിക്കാൻ കിട്ടിയ പുതിയ പദപ്രയോഗം.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 'S' ആകൃതിയും,വിശുദ്ധ വെളിപ്പെടുത്തലും കൊണ്ട് ബോറടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പുതിയ കക്ഷിയുടെ വരവ്. തരൂർ സാറിനു നന്ദി. പഞ്ചനക്ഷത്ര സംസ്കാരമുള്ള തരൂരിനെ പോലെയുള്ള മില്ല്യനയർ ബ്യൂറോക്രാറ്റുകളോട് കന്നുകാലി ക്ലാസ്സിൽ യാത്ര ചെയ്യാൻ പറയുന്ന ഹൈക്കമാന്റിനെല്ലേ സത്യത്തിൽ വിവരമില്ലാത്തതെന്ന് സംശയിച്ചു പോകുന്നു. ജനങ്ങളിലേക്ക് ഇറങ്ങിചെന്ന്, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജനപ്രതിനിധികൾ അപൂർവ്വമായി വരികയാണ്. അങ്ങനെ പ്രവർത്തിച്ചിരുന്നവർ ഉണ്ടായിരുന്നു. അവരല്ലാം ഇന്ന് പാർലമെന്റിന്റെ സെൻ‌ട്രൽ ഹാളിൽ പടമായിരിക്കുന്നുണ്ട്. ഇന്നുള്ള എം.പിമാരിൽ ഭൂരിപക്ഷവും ജനങ്ങളുമായി ബന്ധമില്ലാത്ത കോടിശ്വരന്മാരാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ യാത്രാചിലവ് ചുരുക്കിയുള്ള ഈ നാടകം കളി എത്ര നാൾ ഇവർ തുടരും. വീടു മോടി പിടിപ്പിക്കാനും, സുരക്ഷാക്രമീകരണങ്ങൾക്കും, ഓഫീസ് സ്റ്റാഫിനുമായി കോടികളാണത്രെ ഇവർ ചിലവിടുന്നത്. ഒരു മന്ത്രി തന്റെ ഓഫീസിൽ ഇറ്റാലിയൻ മാർബിൾ വിരിക്കാൻ പറഞ്ഞു പോലും.(ഇറ്റാലിയൻ ആയാൽ മേഡം സന്തോഷിക്കുമായിരിക്കും).
സാർ,
ഞങ്ങൾ കന്നുകാലികൾക്ക് ഒരു അപേക്ഷയുണ്ട്. ദയവായി താങ്കളെ പോലെയുള്ള കുബേരന്മാർ കന്നുക്കാലി ക്ലാസ്സിൽ യാത്ര ചെയ്യരുത്.ടിക്കറ്റ് ദൌർലഭ്യവും,അമിതമായ ചാർജ്ജും, തൊട്ട് തൊട്ടുരുമിയുള്ള ഇരിപ്പിടവും,ആട്ടും തുപ്പുമായി ഞങ്ങൾ ഇപ്പോഴെ ദുരിതത്തിലാണ്. തങ്കളെ പോലെയുള്ള വിശുദ്ധ പശുക്കളും,അവരുടെ പരിചാരകരും,കരിമ്പൂച്ചകളും ചേർന്ന് ഞങ്ങളുടെ കന്നുകാലി ക്ലാസ്സിലെ യാത്രാദുരിതം വർദ്ധിപ്പിക്കരുത്. താങ്കളെ പോലുള്ളവരുടെ സാന്നിധ്യം ഞങ്ങളുടെ സുരക്ഷക്കും ഭീഷിണിയാണ്. എപ്പോഴാണ് കല്ലേറ് വരുന്നതെന്ന് അറിയില്ലല്ലോ!!!

Saturday, May 16, 2009

സഖാക്കൾ ഇനി ജനങ്ങളിലേക്ക് ഇറങ്ങട്ടേ..

ഇതൊരു ഷോക്ക് ട്രിറ്റ്മെന്റാണ്.. ഇടതുപക്ഷത്തിനു ഒരു തിരിച്ചടി എല്ലാവരും പ്രതിക്ഷിച്ചിരുന്നെങ്കിലും, ഇത്രയും കനത്തൊരു തോൽ‌വി എതിരാളികൾ പോലും പ്രതീക്ഷിച്ചിട്ടുണ്ടാവില്ല.തങ്ങളുടെ ഉരുക്കു കോട്ടയായ ബംഗാളിൽ പോലും പാർട്ടിക്ക് തിരിച്ചടിയെറ്റു.തങ്ങളുടെ നയങ്ങളിലുണ്ടായ വ്യതിയാനവും,തമ്മിൽ തല്ലുമാണ് ഇടതുപക്ഷ പാർട്ടികൾക്ക് ഏറ്റ പരാജയത്തിനു കാരണം എന്നതിൽ യാതെരു സംശയവുമില്ല.ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയാണ് മാർക്സിസ്റ്റ് പാർട്ടി നേരിട്ടു കൊണ്ടിരിക്കുന്നത്.ഒരു വശത്ത് തങ്ങളുടെ പിടിവാശിയും കുതുകാൽ വെട്ടും,താൻപോരിമയും കാരണം ശിഥിലാമായ ഇടത്തു പക്ഷമുന്നണി,മറുവശത്ത് പാർട്ടി നേതാക്കളുടെ തെറ്റായ നിലപാടുകൾ മൂലം കൊഴിഞ്ഞു പോകുന്ന് അണികൾ.പാർട്ടിക്കെതിരായ നിഷേധവോട്ടുകളെ നിഷേധിച്ച് പാർട്ടി നേത്രത്തതിന് എത്രനാൾ മുന്നേട്ട് പോകാൻ കഴിയും?. നേതാക്കൾ തെറ്റ് തിരുത്തി, മത-തീവ്രവാദികളുടെ സഹവാസം നിർത്തി, ദന്തഗേപുര വാസികളാകാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി വരുമെന്ന് പ്രതീക്ഷിക്കാം...

Friday, April 24, 2009

അക്ഷയതൃതീയ ആർക്ക് ഭാഗ്യം കൊണ്ട് വരും?

അതി രാവിലെ ഫോണിന്റെ മണിയടി കേട്ടിട്ടാണ് ഉറക്കമുണർന്നത്.ഉറക്ക ഭംഗത്തിന്റെ ഒരു ചെറിയ നീരസത്തോടെ തന്നെ ഫോൺ എടുത്തു. അങ്ങേ തലക്കെൽ നാട്ടിൽ നിന്നും ഭാര്യയാണ്.

“അതെയ് ഒരു ചറിയ കാര്യം പറയാൻ ഉണ്ടായിരുന്നു, നാളെ അക്ഷയത്രിതിയാണ്.ഒരു തരി സ്വർണ്ണം മറക്കാതെ വാങ്ങിക്കോളോ, മറക്കരുത്”

“നാളെ തന്നെ വാങ്ങണോ?

“പിന്നെയല്ലാണ്ട്, അന്ന് സ്വർണ്ണം വാങ്ങിയാൽ വർഷം മുഴുവൻ ഭാഗ്യം വരുമെത്രെ,ടിവിയില്ല് പരസ്യം കണ്ടില്ലെ?”

അങ്ങനെയാണങ്കിൽ സ്വർണ്ണം വാങ്ങുന്നവരല്ലാം കുബേരന്മാരായാൽ പിന്നെ ഈ നാട്ടിൽ പാവങ്ങൾ ആരും ഉണ്ടാവില്ലല്ലോ”. ഞാൻ ഒരു സംശയം ചോദിച്ചു

“ഞാൻ പറയാനുള്ളത് പറഞ്ഞു”.കുറച്ചു പരിഭവത്തോടെ തന്നെയാണ് പുള്ളിക്കാരത്തി ഫോൺ വെച്ചിട്ടുള്ളത്. അവരെ കുറ്റം പറയാൻ പറ്റില്ല, കാരണം T.V,പത്രം തുടങ്ങി എവിടെ നോക്കിയാലും അക്ഷയതിതീയ കൊണ്ട് വരുന്ന ഭാഗ്യത്തിന്റെ പ്രലോഭനങ്ങൾ മാത്രം.കഴിഞ്ഞ ഒരാഴ്ചയായി T.V ഓൺ ചെയ്താൽ കാണുന്നത് സ്വർണ്ണ കച്ചവടക്കാരുടെ കിടമത്സരവും,വാഗ്ദാന പെരുമഴയും മാത്രം. അത്രയെന്നും പ്രചാരമില്ലാതിരുന്ന ഈ ദിനത്തിന്, ഇത്രയും പ്രചാരം നൽകിയത് ഇവിടെത്തെ ഗോൾഡ് ബിസിനസ്സ്കാർ തന്നെയാണ്..
എന്താണ് അക്ഷയതൃതീയ?
വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. അക്ഷയതൃതീയനാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതല്‍ക്കേ വിശ്വസിക്കുന്നു.മത്സ്യപുരാണത്തിലും,നാരദീയപുരാണത്തിലും അക്ഷയതൃതീയയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ഒരു പാട് ഐതീഹ്യങ്ങളും ഇതിനു പിന്നിലുണ്ട്.അന്നേ ദിവസം വാങ്ങിക്കുന്ന വസ്തുക്കൾക്ക് പിന്നിടൊരിക്കലും ക്ഷാമം വരില്ലെത്ര!! അതു കൊണ്ട് തന്നെ വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങാനായി ആളുകൾ ഇന്നെ ദിവസം തിരഞ്ഞടുക്കുന്നു.
പക്ഷെ പുരാണങ്ങളിൽ ഇതോടനുബന്ധിച്ച് പറയുന്ന ചില കാര്യങ്ങൾ നമ്മൾ മന:പൂർവ്വം മറന്ന് പോകുന്നുണ്ട്.. അക്ഷയതൃതീയ ദിനത്തിൽ ദാനധർമ്മാദികൾ - വിശേഷ്യാൽ ദാനങ്ങളിൽ ഏറ്റവും പുണ്യമായി കരുതുന്ന അന്നദാനം തുടങ്ങിയ സത്കർമ്മങ്ങൾ നടത്തിയതിനു ശേഷമാണ് നിങ്ങൾ വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങി വീട്ടിൽ കൊണ്ട് വരേണ്ടത്.അങ്ങനെ ചെയ്യുന്ന എത്ര പേർ നമ്മുക്കിടയിൽ ഉണ്ട്. ആഭരണക്കടയിലെ ‘സെയിൽ‌സ് മേൻ‌മ്മാരോ’, വിശ്വസ്ത സ്ഥാപനങ്ങളുടെ മുതലാളിമാരോ മേൽ‌പ്പറഞ്ഞ കാര്യം നമ്മളോട് പറയുകയോ അവരുടെ പരസ്യങ്ങളിൽ ഉൾപ്പെടുത്തുകയോ ചെയ്യാറില്ലല്ലോ.
**********