Tuesday, September 7, 2010

ഒരു ‘ഹർത്താൽ കല്ല്യാണത്തിന്റെ‘ ഓർമ്മക്ക്


യാത്രാസ്വാതന്ത്രം പോലും നിഷേധിച്ച ഒരു ഹർത്താൽ ദിനത്തിലായിരുന്നു, ഞങ്ങൾ ഒരുമിച്ചുള്ള ജീവിതയാത്ര തുടങ്ങിയത്. ഇണങ്ങിയും, പിണങ്ങിയും, വിരഹവും-പ്രണയവുമൊക്കയായി  ഇന്ന് (sept 08) അഞ്ചു വർഷം തികയുന്നു. ഓരോ ഹർത്താൽ ദിനത്തിലും ജനങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ കേൾക്കുമ്പോൾ, കല്ല്യാണദിവസം ഹർത്താൽ മൂലം ഞങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ ഓർക്കറുണ്ട്. കല്ല്യാണത്തിന്റെ തലേദിവസം ഉച്ചയോടു കൂടി വളരെ അപ്രതീക്ഷമായിട്ടായിരുന്നു, ഇന്ധന വില വർദ്ധവിനെതിരെയുള്ള ഇടതു പാർട്ടികളുടെ ഹർത്താൽ പ്രഖ്യാപനം. ആശുപത്രി, പാൽ വിതരണം, തീർത്‌ഥാടനം, വിവാഹം തുടങ്ങിയവക്ക് യാതൊരു തടസ്സവും ഉണ്ടാക്കില്ലന്ന് പ്രാഖാപിക്കുമെങ്കിലും, ഹർത്താൽ ദിനത്തിൽ പ്രഖ്യാപനങ്ങളെല്ലാം കാറ്റിൽ പറത്തി ഹർത്താലനുകൂലികൾ തെരുവിൽ അഴിഞ്ഞാടുകയാണ് പതിവ്.

 ന്യൂസ് പരന്നതോടെ ഹർത്താലിന്റെ ആശങ്കകൾ പങ്കുവെയ്ക്കാൻ ആളുകളുടെ തുരുതുരായുള്ള ഫോൺ വിളികൾ. പല ബന്ധുക്കളും,സുഹൃത്തുക്കളും കല്ല്യാണത്തിനു വരാൻ കഴിയില്ലെന്ന് അറിയിച്ചു. കല്ല്യാണം മാറ്റിവെയ്ക്കാൻ സാധ്യതയുണ്ടോന്ന് ചേദിച്ചവരും അകൂട്ടത്തിൽ ഉണ്ടായിരുന്നു. മുൻ‌കൂട്ടി ഏൽ‌പ്പിച്ചിരുന്നതു കൊണ്ടും, പരിചയമുള്ളവരായതു കൊണ്ടും ടെമ്പോട്രാവലർ ഡ്രൈവർമാർ  അവരുടെ വാഹനങ്ങൾ നിരത്തിലിറക്കാമെന്ന് സമ്മതിച്ചു.  കല്ല്യാണ തലേന്ന് ഉച്ചക്ക് തുടങ്ങിയ മഴക്ക് പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ഒരു ശമനം വന്നിരുന്നു. വീട്ടിൽ നിന്നും എട്ട് – പത്ത് കിലോമീറ്റർ ദൂരം യാത്ര ചെയ്യണം കല്ല്യാണമണ്ഡപത്തിൽ എത്താൻ. വാഹനങ്ങളിലല്ലാം ‘രാജേഷ് വെഡ്സ് പ്രിയ‘ എന്നതിനേക്കാൾ വളരെ വലുപ്പത്തിൽ ‘വിവാഹം’ എന്നെഴുതി, മുൻ ഗ്ലാസ്സിൽ തന്നെ ഒട്ടിച്ചു വെച്ചു.നേരം വൈകിയതു കൊണ്ട് കൂട്ടുകാരന്റെ കാറിൽ കയറി മെയിൻ റോഡ് വിട്ട് ഷോർട്ട് കട്ട് വഴിയിലൂടെ ഞാൻ കല്ല്യാണമണ്ഡപത്തിലേക്ക് എത്തിചേർന്നു. ചെറുക്കനും കൂട്ടരും യാത്ര ചെയ്യുന്ന വാഹനവ്യൂഹത്തിന്റെയും, കല്ല്യാണചെറുക്കൻ സ്ലോമോഷനിൽ ഇറങ്ങുന്ന സീനും പകർത്താൻ കഴിയാത്തതിൽ ക്യാ‍മറമേൻ കുറച്ച് നീരസം പ്രകടപ്പിച്ചിരുന്നു. കാരണം അവർ എത്തിച്ചേരുന്നതിനു മുൻപേ ഞാൻ കാറിൽ നിന്നും ഇറങ്ങി നിന്നിരുന്നു. കല്ല്യാണത്തിന്റെ ചടങ്ങുകളെല്ലാം യഥാർത്‌ഥ്ത്തിൽ നിയന്ത്രിക്കുന്നത് അവരാണല്ലോ. ആളുകൾ കുറവായിരുന്നെങ്കിലും കല്ല്യാണം ഭംഗിയായി നടന്നു.  വൈകീട്ടുള്ള റിസെപ്ഷനായിരുന്നു അടുത്ത പ്രശ്നം. പെണ്ണിന്റെ വീട്ടിൽ സദ്യക്കു വന്നിരുന്ന ആളുകളുടെ കുറവ് കണ്ടിട്ടാവാം അച്ഛൻ ഉച്ചക്ക് തന്നെ പാചകകാരൻ പയ്യനോട് “കോഴിക്കറി ചാറ് വറ്റിച്ച്  ഡ്രയ് ആക്കിക്കോന്ന്” വിളിച്ചു പറഞ്ഞിരുന്നു. എന്നിട്ടും ഐറ്റംസെല്ലാം കുറച്ച്ധികം ബാക്കി വന്നു. സദ്യ കഴിഞ്ഞ് മടങ്ങുന്ന ബന്ധുക്കൾക്ക്, അച്ഛൻ ആവശ്യാനുസരണം കോഴിക്കറിയും പത്തിരിയും, ബട്ടൂരയും പോളീത്തീൻ പേക്കറ്റിൽ പൊതിഞ്ഞ്  കൊടുക്കുന്നുണ്ടായിരുന്നു.വീട്ടിൽ ചെന്നിട്ട് അത്താഴത്തിന് ഒന്നും ഉണ്ടാക്കണ്ടല്ലോ, ഹർത്താലിനെ വകവെയ്ക്കാതെ കല്ല്യാണത്തിനു പങ്കെടുത്തത്തിന് അച്ഛന്റെ വക ഒരു ചെറിയ സമ്മാനം.
അഞ്ച് വർഷങ്ങൾക്ക് ശേഷം മറ്റോരു സെപ്റ്റംബർ എട്ടിന്റെ തലേന്ന് ദേശീയ പണിമുടക്കായത് തികച്ചും യാദൃശ്ചികമായി തോന്നി.

Friday, August 27, 2010

മദ്യവിൽ‌പ്നയുടെ തത്സമയ സം‌പ്രേഷണം

ഇക്കഴിഞ്ഞ ഓണത്തിന് മദ്യവിൽ‌പനയുടെ റെക്കോർഡിനെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ വാർത്താചാനലുകൾ മത്സരിച്ചപ്പോൾ അങ്ങനെ ഒരു സാധ്യതയെ കുറിച്ചാണ് ആലോച്ചിച്ചത്. ഉത്രാട-തിരുവോണ ദിനങ്ങളിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ചാലകുടിയെ പിന്തള്ളി കരുനാഗപ്പള്ളി ഒന്നാമെതെത്തിയ വാർത്ത കേട്ടപ്പോൾ, ഏതേങ്കിലും സ്കൂൾ യുവജനോത്സവ പോരാട്ടമോ, ഇലക്ഷനിലെ വേട്ടെണ്ണലിന്റെയോ പ്രതീതിയാണ് ഉണ്ടായത്.വരും വർഷങ്ങളിലെ ആഘോഷ ദിനങ്ങളിൽ പ്രത്യേക ന്യൂസ് റൂമിലിരുന്ന്, ബീവേറേജ് കോർപ്പറേഷന്റെ എല്ലാ ബ്രാഞ്ചിൽ നിന്നുള്ള കണക്കുകൾ ചാനലുകൾ തത്സമയം റിപ്പോർട്ട് ചെയ്യുമായിരിക്കും.അത് ഒരു പക്ഷെ ഇങ്ങനെ ആയിരിക്കും.
നികോഷ് : നമസകാരം.ഓണം പ്രമാണിച്ച് കേരളത്തിൽ  മദ്യ വിൽ‌പന തകൃതിയായി              നടക്കുകയാണ്. ഇതു വരെയുള്ള കണക്കുകൾ വെച്ച് നോക്കിയാൽ കഴിഞ്ഞ വർഷത്തെ റെക്കോർഡ് തകർക്കപെടാനാണ് സാധ്യത.വർഷങ്ങളായി ഏറ്റവും കൂടുതൽ മദ്യം വിറ്റ് പോകുന്ന ചാലകുടിയിൽ നിന്നും ഞങ്ങളുടെ പ്രതിനിധി കൈലേഷ് നമ്മോടപ്പം ചേരുന്നു..”കൈലേഷ് എന്താണ് ചാലകുടിയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ.കഴിഞ്ഞ വർഷം അവർക്ക് നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ സാധ്യതയുണ്ടോ?

കൈലേഷ് : രാവിലെ ഷോപ്പ് തുറക്കുന്നതിനു മുൻപ് തന്നെ വളരെ നീണ്ട ക്യൂ  ഇവിടെ രൂപപ്പെട്ടിരുന്നു.അവർ വളരെ അച്ചടക്കത്തോടും, ക്ഷമയോടും കൂടിയാണ് ക്യൂ‌വിൽ നിൽക്കുന്നതെന്ന് ഈ വീഡീയോ ദൃശ്യങ്ങൾ കണുമ്പോൾ നമ്മുക്ക് മനസ്സിലാവും.മാനുഷ്യരെല്ലാം ഒന്നു പോലെ ആമോദത്തോടെ വസിക്കുന്ന സ്ഥലമേതെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം അത് ബീവേറേജിന്റെ മുന്നിലാണെന്ന്. കഴിഞ്ഞ വർഷം നഷ്ടപ്പെട്ടു പോയ ഒന്നാം സ്ഥാനം എന്തു വിലകൊടുത്തും തിരിച്ചു പിടിക്കുമെന്ന ദൃഡനിശ്ചയം ഓരോ മുഖത്തും കാണാൻ കഴിയും. അതേ പറ്റി ഇവിടുത്തെ സ്ഥിരസാന്നിദ്ധമായ അയ്യപ്പൻ ചേട്ടനോട് ചോദിക്കാം. “ചേട്ടാ എന്ത് തോന്നുന്നു, ഇപ്രാവിശ്യം നിങ്ങൾ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കുമോ?

അയ്യപ്പൻ ചേട്ടൻ: അത് എന്തൂട്ട് ചോദ്യാണ്ടാ,ഇപ്രാവിശ്യം ഞങ്ങള് ഒന്നാം സ്ഥാനം അടിച്ചെടുക്കും.കഴിഞ്ഞ തവണ കരുനാഗപള്ളിയിൽ ഓണാത്തിന്റെ അവസരത്തിൽ ചില പ്രശ്നങ്ങൾ കാരണം പുറത്തു നിന്നും കുറെ ആളുകൾ വന്നിരുന്നു.അങ്ങനെ വാടകക്ക് ആളുകളെ ഇറക്കിയാണ് അവർ ഒന്നാം സ്ഥാനം നേടിയത്.ഇപ്രാവശ്യം നമ്മളും ആളെയിറക്കിട്ടുണ്ട്.

കൈലേഷ്: നികേഷ് ഇതാണ് ഇവിടുത്തെ ഏറ്റവും പുതിയ വിശേഷങ്ങൾ, ആളുകൾ ഇപ്പോഴും ബസ്സിലും ഓട്ടോയിലും കൂട്ടം കൂട്ടമായി വന്നു ചേരുന്ന കാഴ്ചയാണ് കാണുന്നത്.ചാലകുടിയിലെ ബീവറേജിന്റെ മുന്നിലുള്ള കുടിയന്മാരുടെ ഇടയിൽ നിന്നും ക്യാമറമേൻ സാബു കഞ്ഞികുഴിയോടൊപ്പം കൈലേഷ്.......

നികോഷ് :കഴിഞ്ഞ തവണ തിരുവോണത്തിന് അട്ടിമറി വിജയം നേടിയ കരുനാഗപ്പള്ളിയിൽ നിന്നുള്ള വിശേഷങ്ങളുമായി സജി നമ്മോടെപ്പം ചേരുന്നു..സജി എന്താണ് അവിടെത്തെ വിവരങ്ങൾ.ചാലകുടിയിൽ നിന്നും പിടിച്ചെടുത്ത ഒന്നാം സ്ഥാനം കരുനാഗപ്പള്ളി നിലനിർത്താൻ സാധ്യതയുണ്ടോ?

സജി:നികോഷ്...ഇവിടെത്തെ തിരക്ക് കണുമ്പോൾ അങ്ങനെ ഒരു സാധ്യത തള്ളികളയാൻ പറ്റില്ല.പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം,ഇപ്രാവിശ്യം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ, സ്ത്രീകൾക്കായുള്ള പ്രത്യേക കൌണ്ടറിൽ,ഏതാനും കോളേജ് പിള്ളേർ ബീയർ വാങ്ങി കൊണ്ട് പോയതൊഴിച്ചാൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ലാന്നാണ്.വരും വർഷങ്ങളിൽ അതിനൊരു മാറ്റം ഉണ്ടാവുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

നികോഷ് : അവിടെ ഏതേങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ?,മദ്യങ്ങളുടെ ഇനം തിരിച്ചുള്ള വിറ്റുവരവ് ലിസ്റ്റ് ലഭ്യമായിട്ടുണ്ടോ?

സജി: മദ്യം വാങ്ങിയവർ അവ പെട്ടിഓട്ടോയിൽ കയറ്റുന്നിടയിൽ ചില യൂണിയൻ‌കാർ ചെറുതായി പ്രശ്നങ്ങൾ ഉണ്ടാക്കിയതൊഴിച്ചാൽ പൊതുവെ സമാധാനപരമായ അവസ്ഥയാണ് ഇവിടെയുള്ളത്.ഇനം തിരിച്ചുള്ള ലിസ്റ്റ് ഇപ്പോൾ ലഭ്യമായിട്ടില്ല.എങ്കിലും ഒരു ഏകദേശ കണക്കനുസരിച്ച് പതിവു പോലെ റം തന്നെയാണ് മുന്നിട്ട് നിൽക്കുന്നെതെന്ന് പറയാം.കരുനാഗപള്ളി ബീവറേജിന്റെ മുന്നിലുള്ള ‘നാഗങ്ങൾ’ക്കിടയിൽ നിന്നും സജി....

നികോഷ് : ഓരോ ബീവേറേജ് ഔട്ട്ലെറ്റും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ച വെയ്ക്കുന്നത്.മദ്യവിൽ‌പനയിൽ ഒരു സർവ്വകാല റെക്കോർഡ് നമ്മുക്ക് പ്രതീക്ഷിക്കാം.ചാലകുടിയോ,കരുനാഗപള്ളിയോ അതോ ഇവരണ്ടുമല്ലാതെ മൂന്നാമതൊരു ജില്ല അട്ടിമറി നടത്തുമോ? കത്തിരുന്നു കാണാം.ഇടവേളയ്ക്ക് ശേഷം ഏറ്റവും പുതിയ വിശേഷങ്ങളുമായി ന്യൂസ് തുടരും
പരസ്യം
“വൈകീട്ടെന്താ പരിപാടി...?”  

Thursday, August 19, 2010

ഓണാശംസകളോടേ....

പൊന്നോണത്തിന്റെ വരവറിയിച്ചു കൊണ്ട് മലയാളം ചാനലുകളിൽ ആഘോഷതിമർപ്പ് തുടങ്ങി.നക്ഷത്ര രാജകുമാരിമാരുടെ ലിപ്സ്റ്റിക്കിട്ട ചുണ്ടുകളിൽ നിന്നും ഓണവിശേഷങ്ങളുടെ   പൊങ്ങച്ചങ്ങൾ കേൾക്കാം. നടിമാരല്ലാം ചട്ടിയും കലവുമായി ഓണപുടവയുടുത്ത് ലുടുക്ക് പാചകവിധികളുമായി നിരന്നു കഴിഞ്ഞു.പരസ്യങ്ങളിൽ ഓഫറുകളുടെ പെരുമഴക്കാലം. മൂപ്പിളമ അനുസരിച്ച് മമ്മുട്ടി മുതൽ മണികുട്ടൻ വരെയുള്ളവരുടെ സിനിമകൾ ഒന്നിനു പുറകെ ഒന്നായി കാണാം...ആന്ദലബ്ദ്ധിക്ക് ഇനിയെന്ത് വേണം.ഓണം ഏത് ചാനലിന്റെ കൂടെ ആഘോഷിക്കുമെന്ന കൺഫ്യൂഷനിൽ ഇരിക്കുമ്പോഴാണ്, വർണ്ണ കവറിൽ മാതൃഭൂമി ഓണപ്പതിപ്പ് കിട്ടിയത്.ജ്യോതിർമയിയുടെ മുഖചിത്രത്തോടു കൂടി രണ്ട് പുസ്തകം.പക്ഷെ പതിവു പോലെ ഉൾപേജുകളിൽ പകുതിയും പരസ്യം തന്നെ. കേരളത്തിലെ സകല ചാത്തൻസേവക്കരുടേയും,ജ്യോത്സന്മാരുടെയും,വൈദ്യന്മാരുടെയും വലുതും ചെറുതുമായ നിരവധി പരസ്യങ്ങൾ നിറഞ്ഞ ഓണസമ്മാനം.200രൂപ കൊടുത്ത്(നാട്ടിൽ 45രൂപയേ ഉള്ളു) ഈ പരസ്യഭാണ്ഡം വാങ്ങിക്കണമായിരുന്നോന്ന് ന്യായമായും സംശയിച്ചു. ഈ ഓണതിരക്കിനിടയിൽ ഇപ്രാവിശ്യം മാവേലി  ബീവറേജിന്റെ ഏത് ബ്രാഞ്ചിലാണാവോ സന്ദർശിക്കാൻ പോകുന്നത്. .ചാല’കുടി’യിലായിരിക്കുമോ.ആവാൻ വഴിയില്ല.അവിടെ അല്ലാതെ തന്നെ നല്ല തിരക്കുണ്ട്.

Saturday, October 24, 2009

പാലഭിഷേകം


ഇഷ്ട താരങ്ങൾക്ക് അമ്പലങ്ങൾ പണിയുന്ന തമിഴ്നാട്ടിൽ, ഓരോ സിനിമയുടെ റിലീസും ഉത്സവങ്ങളാണ്.റിലീസ് ദിവസം, കൊട്ടും പാട്ടും, കൂറ്റൻ കട്ടൌട്ടുകളും, കട്ടൌട്ടുകൾക്കു മുകളിലൂടെയുള്ള പാലഭിഷേകവും,ആരാധകരുടെ വാക്കുതർക്കങ്ങളും കത്തികുത്തും അവിടെ ഒരു പതിവു കാഴ്ചയാണ്. നൂറ് കണക്കിന് ലിറ്റ്‌ർ പാൽ ഇങ്ങനെ അഭിഷേകങ്ങൾക്കായി ചിലവക്കുന്നുണ്ടന്നാണ് പറയപ്പെടുന്നത് വീട്ടിലേക്ക് വാങ്ങികൊണ്ട് പോകുന്ന പാൽ പേക്കറ്റിന് തുളയിട്ട് വഴിയിൽ കണ്ട സൂപ്പർസ്റ്റാറിന്റെ പോസ്റ്റ്‌റിൽ അഭിഷേകം നടത്തുന്ന തമിഴന്റെ ഫോട്ടോ ഒരിക്കൽ പത്രത്തിൽ കണ്ടിരുന്നു.തമിഴന്റെ ഈ വക കോപ്രായങ്ങളേയും, സിനിമാഭ്രാന്തിനേയും കണക്കിന്
പരിഹസിച്ചിരുന്ന മലയാളിക്ക്, പക്ഷെ കഴിഞ്ഞ ആഴ്ച്ച പഴശ്ശിരാജയുടെ റിലീസ് കേന്ദ്രങ്ങളിലെ കോപ്രായങ്ങൾ കണ്ടപ്പോൾ, തങ്ങളും പാണ്ടിയേക്കാൾ മോശമല്ലന്ന് ബേധ്യപ്പെട്ടു. ഒരുപക്ഷെ വളരെ നാളുകൾക്ക് ശേഷം സൂപ്പർസ്റ്റാറിന്റെ ഒരു നല്ല സിനിമ വന്നതിന്റെ ആഹ്ലാദമായിരിക്കാം.ടിവിയിൽ ലൈവായി ഈ ദൃശ്യങ്ങൾ കണ്ടുകൊണ്ടിരിക്കെ സഹമുറിയൻ അണ്ണൻ ചോദിച്ചു “എന്നാ തമ്പിയിത്, നമ്മെ ഊരിലെ പൈത്യം നിങ്കെ ഊരിലും വന്താച്ചാ?. മറുപടി ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
കേരളത്തിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് മാത്രം തുടങ്ങിയ ഈ ഫേൻസ് സംസ്കാരം അതിന്റെ പീക്ക് പോയന്റിൽ എത്തി നിൽക്കുകയാണ്. ചിലപ്പോൾ ഈ കോപ്രായങ്ങൾ പരിധി വിടുന്നില്ലേന്ന് ഒരു സംശയം.സൂപ്പർസ്റ്റാർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ ആർത്തു വിളിക്കുക, സ്ക്രീനിലേക്ക് പഷ്പവൃഷ്ടി നടത്തുക, മറ്റു താരങ്ങളുടെ സിനിമകളെ കൂകിതോൽ‌പ്പിക്കുക, തുടങ്ങിയ ഫേൻസ് കലാപരിപാടികൾ മലയാള സിനിമക്ക് ആരോഗ്യപരമാണോന്ന് ചിന്തിക്കേണ്ടിരിക്കുന്നു. തിയ്യറ്ററുകളിൽ പോയി സിനിമ കാണുന്ന കുടുബപ്രേക്ഷകരുടെ എണ്ണം കുറഞ്ഞു വരുന്ന ഇക്കാലത്ത്, ഇത്തരം ‘കലാപരിപാടികൾ’ അവരെ കൂടുതൽ അകറ്റാനേ വഴിയുള്ളു. ഇഷ്ട് താരത്തിന്റെ പ്രതിമയിൽ സ്വന്തം വിരൽ മുറിച്ച് രക്താഭിഷേകം നടത്തുന്ന ഭ്രാന്തൻ ആരാധകരെ മലയാള മണ്ണിൽ അതിവിദൂരമല്ലാത്ത ഭാവിയിൽ കണ്ടാൽ അത്ഭുതപ്പെടാനില്ല.









Saturday, September 19, 2009

വിശുദ്ധ പശുക്കളുടെ പ്രഹസനങ്ങൾ

‘വിശുദ്ധ പശു’ ഈ ആഴ്ച ചാനലുകൾക്ക് ആഘോഷിക്കാൻ കിട്ടിയ പുതിയ പദപ്രയോഗം.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി 'S' ആകൃതിയും,വിശുദ്ധ വെളിപ്പെടുത്തലും കൊണ്ട് ബോറടിച്ചു കൊണ്ടിരിക്കുമ്പോഴാണ് പുതിയ കക്ഷിയുടെ വരവ്. തരൂർ സാറിനു നന്ദി. പഞ്ചനക്ഷത്ര സംസ്കാരമുള്ള തരൂരിനെ പോലെയുള്ള മില്ല്യനയർ ബ്യൂറോക്രാറ്റുകളോട് കന്നുകാലി ക്ലാസ്സിൽ യാത്ര ചെയ്യാൻ പറയുന്ന ഹൈക്കമാന്റിനെല്ലേ സത്യത്തിൽ വിവരമില്ലാത്തതെന്ന് സംശയിച്ചു പോകുന്നു. ജനങ്ങളിലേക്ക് ഇറങ്ങിചെന്ന്, ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ജനപ്രതിനിധികൾ അപൂർവ്വമായി വരികയാണ്. അങ്ങനെ പ്രവർത്തിച്ചിരുന്നവർ ഉണ്ടായിരുന്നു. അവരല്ലാം ഇന്ന് പാർലമെന്റിന്റെ സെൻ‌ട്രൽ ഹാളിൽ പടമായിരിക്കുന്നുണ്ട്. ഇന്നുള്ള എം.പിമാരിൽ ഭൂരിപക്ഷവും ജനങ്ങളുമായി ബന്ധമില്ലാത്ത കോടിശ്വരന്മാരാണ്. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ യാത്രാചിലവ് ചുരുക്കിയുള്ള ഈ നാടകം കളി എത്ര നാൾ ഇവർ തുടരും. വീടു മോടി പിടിപ്പിക്കാനും, സുരക്ഷാക്രമീകരണങ്ങൾക്കും, ഓഫീസ് സ്റ്റാഫിനുമായി കോടികളാണത്രെ ഇവർ ചിലവിടുന്നത്. ഒരു മന്ത്രി തന്റെ ഓഫീസിൽ ഇറ്റാലിയൻ മാർബിൾ വിരിക്കാൻ പറഞ്ഞു പോലും.(ഇറ്റാലിയൻ ആയാൽ മേഡം സന്തോഷിക്കുമായിരിക്കും).
സാർ,
ഞങ്ങൾ കന്നുകാലികൾക്ക് ഒരു അപേക്ഷയുണ്ട്. ദയവായി താങ്കളെ പോലെയുള്ള കുബേരന്മാർ കന്നുക്കാലി ക്ലാസ്സിൽ യാത്ര ചെയ്യരുത്.ടിക്കറ്റ് ദൌർലഭ്യവും,അമിതമായ ചാർജ്ജും, തൊട്ട് തൊട്ടുരുമിയുള്ള ഇരിപ്പിടവും,ആട്ടും തുപ്പുമായി ഞങ്ങൾ ഇപ്പോഴെ ദുരിതത്തിലാണ്. തങ്കളെ പോലെയുള്ള വിശുദ്ധ പശുക്കളും,അവരുടെ പരിചാരകരും,കരിമ്പൂച്ചകളും ചേർന്ന് ഞങ്ങളുടെ കന്നുകാലി ക്ലാസ്സിലെ യാത്രാദുരിതം വർദ്ധിപ്പിക്കരുത്. താങ്കളെ പോലുള്ളവരുടെ സാന്നിധ്യം ഞങ്ങളുടെ സുരക്ഷക്കും ഭീഷിണിയാണ്. എപ്പോഴാണ് കല്ലേറ് വരുന്നതെന്ന് അറിയില്ലല്ലോ!!!