Sunday, May 11, 2025

അമ്മ പകർന്നു തന്ന സാമ്പത്തിക പാഠങ്ങൾ..

 

വീട്ടിൽ പണ്ട് മരം കൊണ്ട് ഉണ്ടാക്കിയ ഒരു പത്തായം ഉണ്ടായിരുന്നു. വീട്ടിലെ പലവഞ്ജനങ്ങളും അരിയും പാത്രങ്ങളും സൂക്ഷിച്ച് വെച്ചിരുന്ന ഞങ്ങളുടെ ഡൈനിങ്ങ് ടേമ്പിൾ കം പത്തായം. എങ്ങാനം വഴിതെറ്റി ആരേങ്കിലും വിരുന്നുകാരായി വന്നാൽ ചായയും പലഹാരങ്ങളും വിളമ്പിയിരുന്നത് ഈ പത്തായത്തിന് മുകളിൽ വെച്ച് ആയിരുന്നു. അതിനുള്ളിൽ വലിയ ഒരു അലുമിനിയം ഡബ്ബ ഉണ്ടായിരുന്നു. എന്നും ചോറ് വെയ്ക്കാനുള്ള അരി എടുക്കുമ്പോൾ , അതിൽ നിന്ന് രണ്ട് പിടി അരി അമ്മ ഈ ഡബ്ബയിൽ ഇട്ട് വെയ്ക്കും. ഓരോ ആഴ്ച്ചയിലും റേഷൻ കടയിൽ നിന്ന് വ്യത്യസ്ഥ അരി കിട്ടുന്നത് കൊണ്ട് ഈ ടിന്നിലെ അരി ഒരു കോക്ക് ടെയിൽ അരിയാണന്ന് പറയാം. പഞ്ഞ മാസക്കാലം ആകുമ്പോൾ, എന്നു വെച്ചാൽ , അച്ഛൻ്റെ പൈസ വരാൻ വൈകിയാൽ അല്ലെങ്കിൽ ശേഖരേട്ടൻ്റെ റേഷൻ കടയിൽ അരി വരാതായാൽ ഞങ്ങൾക്ക് ശരണം ഈ ഡബ്ബയിൽ വെച്ചിട്ടുള്ള കോക്ക് ടെയിൽ അരിയാണ് . നിറ വ്യത്യാസം ഉള്ള പല വേവ് ഉള്ള അരി. അത് പാകപ്പെടുത്തി എടുക്കാൻ പ്രത്യേകം വൈഭവം തന്നെ വേണം.

അതു പോലെ തന്നെ ഒരു കരുതലിൻ്റെ പേരായിരുന്നു കൊട്ട തേങ്ങ’. എല്ലാ മാസവും പറമ്പിലെ തേങ്ങ വിൽക്കുമ്പോൾ അതിൽ നിന്നും നാലോ അഞ്ചോ തേങ്ങ വിറക് പുരയിലേക്ക് മാറ്റിയിടും. എല്ലാ മാസവും കൃത്യമായി നീക്കി വെയ്ക്കുന്നത് കൊണ്ട് അത്യാവശ്യം നാളികേരം സ്റ്റോക്ക് ഉണ്ടാവും. സ്കൂൾ തുറക്കുമ്പോൾ പുസ്തകം വാങ്ങാൻ കാശ് തികയാതെ വരുമ്പോൾ , അല്ലെങ്കിൽ മാസവസാനം വീട്ട് ചിലവിന് പൈസ തികയാതെ വരുമ്പോൾ , അങ്ങനെ സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുമ്പോൾ, കൊട്ട തേങ്ങ വിറകുപുരയിൽ നിന്ന് നാളികേരം വെട്ടുകാരൻ ജയേട്ടൻ്റെ കടയിലേക്ക് യാത്രയാവും. പുള്ളിക്കാരൻ നാളികേരം തരം തിരിഞ്ഞ്  വിലയിടുമ്പോൾ , കിട്ടുന്ന പൈസ നമ്മുടെ ആവശ്യങ്ങൾക്ക് തികയണേന്ന് മനസ്സിൽ പ്രാർത്ഥിക്കും. വിൽക്കുമ്പോൾ  എണ്ണം കുറയുമെങ്കിലും കൃത്യമായി എല്ലാ മാസവും തേങ്ങ മാറ്റി വെച്ച് കൊട്ട തേങ്ങ ബാങ്ക് ബാലൻസ്പൂജ്യമാകാതെ അമ്മ പരിപാലിച്ചിരുന്നു.  ഒരു തരത്തിൽ  ഇത്തരം കരുതലുകൾ ഇന്നത്തെ SIP(systematic investment plan) യുടെ പൂർവ്വികനാണന്ന് പറയാം. നാളേത്തേക്ക് ഉള്ള കരുതൽ.

കൃത്യമായി വരവ് ചിലവ് കണക്കുകൾ അന്നന്ന് തന്നെ ഒരു നോട്ട് ബുക്കിൽ എഴുതി വെയ്ക്കുന്ന ശീലം അമ്മയ്ക്ക് ഉണ്ടായിരുന്നു. എത്രെ നേരം വൈകിയാലും വരവ് ചിലവ് കണക്ക് എഴുതിയിട്ടേ അമ്മ ഉറങ്ങാൻ കിടക്കുകയുള്ളു. ചിലവായ തുക എത്ര ചെറുതാണങ്കിലും അത് രേഖപ്പെടുത്തി വെയ്ക്കും ആളുകൾക്ക് കടം കൊടുത്തതും, വാങ്ങിയതുമായ കണക്കുകൾ, അരി കടുക് വെളിച്ചെണ്ണ തുടങ്ങിയ നിന്ത്യോപയോഗ സാധനങ്ങൾ കടമായി കൊടുത്താലോ അവരിൽ നിന്ന് വാങ്ങിയലോ ആ കണക്കും പുസ്തകത്തിൽ ഉണ്ടാവും. അച്ഛൻ നാട്ടിൽ വരുമ്പോൾ “ദേ നിങ്ങൾ അയച്ചു തന്ന പൈസയുടെ കണക്കുകൾ എല്ലാം ഈ ബുക്കിൽ ഉണ്ടെന്ന്പറഞ്ഞ് പുസ്തകം കാണിച്ചു കൊടുക്കും. അലക്ഷ്യമായി പുസ്തകത്തിൻ്റെ ഏടുകൾ മറച്ചു നോക്കുമെങ്കിലും ,അമ്മയുടെ ഈ പരിശ്രമത്തിന് അച്ഛൻ അഭിനന്ദനങ്ങൾ പറഞ്ഞിട്ടുണ്ടോന്ന് സംശയമാണ്.

ജോലി ചെയ്ത് സമ്പാദിക്കാൻ തുടങ്ങിയപ്പൊൾ അമ്മയുടെ ഈ ശീലങ്ങൾ എന്നെ വല്ലാതെ സ്വാധീനിച്ചിട്ടുണ്ട്. കിട്ടുന്നതിൽ ഒരോഹരി നാളേത്തേക്ക് മാറ്റിവെയ്ക്കാനും, ഒരു ചെറിയ ഓഹരി മറ്റുള്ളവർക്കായി ചിലവഴിക്കാനുമുള്ള ശീലം. നമ്മുടെ വീടുകളിലെ അമ്മമാർ എത്രെ മെയ്യ് വഴക്കത്തോടെയാണ് വരവ് ചിലവ് നിയന്ത്രിച്ച് ഒരു കുടുബത്തിനെ മുന്നോട്ട് നയിക്കുന്നത്. സാമ്പത്തിക ശാസ്ത്രത്തിൽ University of Oxford ൽ നിന്ന് ബിരുദാനന്തബിരുദം ഉള്ള ധനമന്ത്രിമാരേക്കാൾ എത്രയോ മിടുക്കികളായ അമ്മമാർ.  Happy mother’s day..

Friday, January 6, 2023

*ഒരു new year resolution കത*

ലോകം മുഴുവൻ ന്യൂ ഇയർ ആഘോഷത്തിൽ തിളച്ച് മറയുമ്പോൾ, നുമ്മ നൈറ്റ് ഡ്യൂട്ടിയുടെ തിരക്കിൽ ആയിരുന്നു. ക്ഷിണിതനായി റൂമിൽ എത്തി കുളിയൊക്കെ കഴിഞ്ഞ് കട്ടിലിൽ നീണ്ടു നിവർന്ന് കിടക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ.. എന്റെ സാറേ 😀. മൊബൈൽ തുറന്ന് നോക്കിയപ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൂട്ടുകാരും ബന്ധുക്കളും അയച്ച പുതുവത്സര ആശംസകളുടെ ഒരു കൂമ്പാരം തന്നേ ഉണ്ടായിരുന്നു ഓരോന്നായി എല്ലാ മെസ്സേജുകളും തുറന്ന് നോക്കി, ഒന്നും വിട്ടു പോകരുതെല്ലോ, ആരുടെ ആശംസകൾ ആയിരിക്കും നമ്മുടെ ഈ വർഷം ധന്യമാക്കുക എന്ന് പറയാൻ പറ്റില്ലല്ലോ. അങ്ങനെ മെസ്സേജ് വായിച്ചും തിരിച്ച് അയച്ചും ഇരിക്കുമ്പോൾ ആണ് അതിനെ തടസ്സപ്പെടുത്തി incoming call വന്നത്. ഇമ്മടെ ചങ്ങാതിയും പ്രവാസിയുമായ ഒരു തൃശ്ശൂർ ഗഡി (നമ്മുക്ക് പുള്ളിയെ മുങ്ങേഷ് എന്ന് തൽക്കാലം വിളിക്കാം )

"ഹലോ ടീ സീ  Happy new year  എന്താണ് വിശേഷങ്ങൾ "?

"Same to you. ആ ഇങ്ങനെ ഒക്കെ പോകുന്നു"

"എന്താണ് ബ്രോ ഒരു മൂഡ് ഇല്ല്യാണ്ട് ന്യു ഇയർ ഒക്കെ അടിച്ചു പോളിച്ചില്ലേ "

" നൈറ്റ്‌ ഡ്യൂട്ടി കഴിഞ്ഞ് വന്നിരിക്കുന്ന എന്നോടാ ബാലാ 😀, നമ്മുക്ക് അതിനുള്ള സൗകര്യം ഒന്നും ഇവിടെ ഇല്ലല്ലോ, നീ ഇത്‌ എവിടെയാ നല്ല ഇടിവെട്ട് മ്യൂസിക് കേൾക്കുന്നുണ്ടല്ലോ? "

"ഞാൻ ജിമ്മിലാടാ, തടി വല്ലാണ്ട് കൂടി, വയർ ചാടി, അപ്പൊ ന്യു ഇയർ തൊട്ട് ജിമ്മിൽ പോകാമെന്ന് കരുതി."

"ഓ New year resolution, നല്ലതാ, പക്ഷെ രണ്ടിസം പോയിട്ട് നിർത്തരുത് "😂😂

"നീ പണ്ടേ ജിമ്മൻ ആയത് കൊണ്ട് നിനക്ക് ഇതിന്റെ ആവശ്യം ഇല്ല്യല്ലോ. നിനക്ക് new year resolution ഒന്നും ഇല്ലടെയ് '

"അങ്ങനെ ഒരു പതിവ് പണ്ടേ ഇല്ലല്ലോ, എനിക്ക് ആണങ്കിൽ  പ്രത്യേകിച്ച് ദുഃശ്ശിലങ്ങളും ഇല്ലല്ലോ  . പിന്നെ ഇനി മേലിൽ ആർക്കും കാശ് കടം കൊടുക്കില്ല്യാന്ന് ഒരു തീരുമാനം എടുത്താലോ എന്ന ആലോചന ഉണ്ട്. ഒരു new year resolutions ആയിക്കോട്ടെ"

"ഹ ഹ അത് എനിക്ക് കൂടി ഉള്ള താങ് ആണെന്ന് മനസ്സിലായി, ഞാനും കാശ് തരാൻ ഉണ്ടല്ലോ.. പെട്ടെന്ന് ഇങ്ങനെ തോന്നാൻ...?"

"ഒന്നും ഇല്ല്യാ.. ഇന്നലെ കൂട്ടുകാരും ഒത്ത് ഏതോ DJ പാർട്ടിയിൽ ആഘോഷിക്കുന്ന നിന്റെ WhatsApp status കണ്ടപ്പോൾ അസൂയ കൊണ്ട്  തോന്നിയത് ആയിരിക്കും 😂പിന്നെ നാലഞ്ച് മാസം മുൻപ് ബില്ല് അടച്ചില്ലങ്കിൽ നിന്റെ  ഫോൺ കട്ടാവുമെന്ന് പറഞ്ഞപ്പോൾ ബില്ല് അടച്ചതും മറക്കണ്ട "

"ഒക്കെ ഓർമ്മ ഉണ്ടാടാ, അടുത്ത മാസത്തെ ശമ്പളം കിട്ടുമ്പോൾ എല്ലാം സെറ്റാക്കാം.. ഒക്കെ ഡാ കുറച്ച് തിരക്ക് ഉണ്ട്.. പിന്നെ വിളിക്കാം. "


ഫോൺ കട്ടായി.. മുങ്ങേഷിനെ ഇനി അടുത്ത ന്യു ഇയറിന് നോക്കിയാൽ മതി. New year ആശംസകൾ വായിക്കാനുള്ള മൂടും പോയി. ഇരു ചെവിയിലും Ear plug**  തിരുകി കയറ്റി പുതപ്പിനുള്ളിലേക്ക് ചുരുണ്ട് കൂടി. ജീവിതത്തിൽ കണ്ടു മുട്ടിയ പലതരത്തിലുള്ള "മുങ്ങേഷ്"മാരെ സ്മരിച്ച്, അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞും മറഞ്ഞും കിടന്ന് എപ്പോഴോ ഉറങ്ങി പോയി 

** മൈക്കിലുടെ പല തരത്തിലുള്ള അറിയിപ്പുകൾ,വരാന്തയിലൂടെ  ഉച്ചത്തിൽ സംസാരിച്ചു നടക്കുന്ന ആളുകൾ, ഉച്ചക്ക് crew change ന് വരുന്ന ഹെലികോപ്റ്ററിന്റെ ശബ്ദം. അങ്ങനെ പകൽ ഉറങ്ങുന്ന നൈറ്റ്‌ ഡ്യൂട്ടിക്കാരുടെ ഉറക്കം കെടുത്താൻ ഒരുപാട് ഐറ്റംസ് ഇവിടെ ഉണ്ട്. അതു കൊണ്ട് നൈറ്റ്‌ ഡ്യൂട്ടിക്കാരന് ear plug ശരണം. 

എന്റെ ചിറകൊടിഞ്ഞ കിനാവുകൾ


ദ്വീപിൽ ഇപ്പോൾ നല്ല തണുപ്പാണ്. മകരമാസത്തിലെ കുളിർ എന്ന് പറയുന്നത് പോലെ . പുതപ്പിനുള്ളിൽ നിന്നും എഴുനേൽക്കാൻ തോന്നില്ല . പക്ഷെ ജോലിക്ക് പോയില്ലെങ്കിൽ മൊയലാളി ശമ്പളം തരില്ലല്ലോ എന്ന ആലോചിക്കുമ്പോൾ മനസ്സില്ലാ മനസ്സോടെ എഴുന്നേൽക്കും. അന്നേരം അഴകിയ രാവണനിലെ ടെയ്‌ലർ അംബുജാക്ഷൻ ഹനീഫയോട് പറയുന്ന ഡയലോഗ് ഓർമ്മ വരും ..

ഞാൻ : മുതലാളി ഇങ്ങനെ എല്ലാ ദിവസവും ജോലിക്ക് വരണമെന്ന് നിർബന്ധം ഉണ്ടോ ?
മുതലാളി : വേണമെന്നില്ല അഡ്രസ്സ് തന്നോളൂ , ശബളം വീട്ടിലേക്ക് അയച്ചു തരാം .

വളരെ ഉപകാരം മുതലാളി , എന്നാ അഡ്രസ്സ് എഴുതി എടുത്തോളു ....

ഈ വർഷത്ത പോസ്റ്റ് ഒരു ചെളിയോടെ തുടങ്ങാമെന്ന വിചാരിച്ച് 

Tuesday, June 23, 2020

തനിയാവർത്തനം

സീൻ -1
അച്ഛന്റെ കത്ത് വന്നപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. അടുത്ത ആഴ്ച്ച അച്ഛൻ നാട്ടിൽ വരുന്നുണ്ടത്രെ. ബോംബേന്ന് പുറപ്പെടുന്ന തിയ്യതിയും എഴുതിയിരുന്നു.അന്നു മുതൽ ആകാംഷയോടെയുള്ള കാത്തിരിപ്പാണ്.ദിവസങ്ങൾക്ക് നീളം കൂടുതൽ അനുഭവപെടാൻ തുടങ്ങും.  അന്നൊക്കെ മിനിമം മൂന്ന് ദിവസം വേണം ബോംബേന്ന് നാട്ടിൽ എത്താൻ. കണക്ഷൻ ട്രെയിൻ വൈകിയാൽ പിന്നേയും വൈകും. അച്ഛൻ വരുമെന്ന് പ്രതീക്ഷിക്കുന്ന അന്ന് രാവിലെ തന്നെ ഞാനും അനിയനും നേരത്തെ ഏണീറ്റ് കാത്തിരിപ്പ് തുടങ്ങും, ഒരാൾ പടിഞ്ഞാപുറത്തും, മറ്റേയാൾ കിഴക്കേപുറത്തും. അച്ഛൻ റോഡിലൂടെ നടന്ന് വരികയാണങ്കിൽ കിഴക്കേപുറത്ത് കാത്തിരിക്കുന്ന ആൾക്ക് ആദ്യം കാണാൻ പറ്റും. അതല്ല ചിറയും തോടും താണ്ടി വരികയാണങ്കിൽ പടിഞ്ഞാപ്പുറത്തിരിക്കുന്ന ആൾക്കായിരിക്കും ആദ്യം അച്ഛനെ കാണാൻ പറ്റുക. അച്ഛനെ ദൂരെന്ന് കാണുമ്പോഴെ “അച്ഛൻ വന്നേന്ന്“ ഉച്ചത്തിൽ വിളിച്ചു കൂവി രണ്ടാളും ഓടിചെല്ലും.അച്ഛന്റെ  അന്നത്തെ വരവ് ഒരു നൊസ്റ്റാൾജിക്ക് ഓർമ്മകളാണ്. രണ്ട് പോക്കറ്റും, വലിയ കോളറും ഉള്ള ഒരു ആകാശനീല ഷർട്ട്,ബെൽ ബോട്ടൻ പാന്റ്. ബോംബേക്ക് പോകുമ്പോഴും വരുമ്പോഴും മാത്രമാണ് ആ വസ്ത്രങ്ങൾ അച്ഛൻ ഉപയോഗിച്ചിരുന്നത്. കൈയ്യിൽ ഒരു ഇരുമ്പ് പെട്ടി കാണും,ചിലപ്പോൾ ഒരു കാർബോഡ് ബോക്സ്.ഞങ്ങളെ അച്ഛൻ വാരിപുണരുമ്പോൾ ഉണ്ടാവുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്😍. പിന്നെ അങ്ങോട്ട് സ്വാതന്ത്രത്തിന്റെ ദിനങ്ങളാണ്. അത് ചെയ്യരുത് ഇതു ചെയ്യരുതെന്ന് അമ്മ വിലക്കിയിരുന്ന കാര്യങ്ങൾ ചെയ്യാൻ അനുമതി കിട്ടുന്നത് അച്ഛൻ വരുമ്പോഴാണ്. കുളത്തിൽ കുളിക്കാൻ, മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ, സിനിമകൾ തിയ്യറ്ററിൽ പോയി കാണാൻ, എല്ലാം അച്ഛൻ ഒപ്പം ഉണ്ടാവും അഥവ ടിക്കറ്റ് കിട്ടിയില്ലങ്കിൽ ക്യൂ നിന്ന് അടുത്ത ഷോ കണ്ടിട്ടേ വീട്ടിലേക്ക് പോരൂ. അച്ഛൻ വീട്ടിൽ ഉള്ളപ്പോൾ ആ ഓലവീട്ടിൽ ഞങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെട്ടിരുന്നു.
ഒന്നര മാസം കഴിഞ്ഞ് അച്ഛൻ തിരിച്ച് പോകുമ്പോൾ ഭയങ്കര സങ്കടമാണ്. ഇനി ഒന്ന് ഒന്നര വർഷം കാത്തിരിക്കണം അച്ഛനെ കാണാൻ.. പെട്ടിയും തൂക്കി അച്ഛൻ കണ്ണിൽ നിന്ന് മറയുന്നതു വരെ നോക്കി നിൽക്കും. ഞാൻ കുറച്ച് വലുതായപ്പോൾ പത്താം കല്ല് ബസ്സ് സ്റ്റോപ്പ് വരെ അച്ഛന്റെ ഒപ്പം പോകുമായിരുന്നു..ഞാൻ പ്രവാസിയാകുന്നതു വരെ ഈ സീനെല്ലാം  ഇങ്ങനെ ആവർത്തിച്ച് കൊണ്ടേ ഇരുന്നു.

സീൻ-2
----------
 കുട്ടൂസ് അതിരാവിലെ തന്നെ ഏണിറ്റ് ഫ്രഷായി, കിഴക്കേപുറത്തെ കസേരയിൽ ഇരിക്കാൻ തുടങ്ങിട്ട് കുറെ നേരായി. ഇടക്ക് ക്ഷമ കെട്ടിട്ട് അമ്മോട് സമയം ചൊദിക്കുന്നുണ്ട്, ഇത്ര നേരായിട്ട് അച്ഛനെ കാണാൻ ഇല്ലല്ലോന്ന് പരാതിപെടുന്നുണ്ട്.  ദൂരെന്ന് കാറ് കാണുമ്പോഴേ സന്തോഷം കൊണ്ട് മുറ്റേത്തേക്ക് ഓടിചെല്ലെന്ന്, കാറിന്ന് ഇറങ്ങി വരുന്ന അച്ഛനെ വട്ടം പിടിച്ചു, പിന്നെ അച്ഛനും മോനും ഭയങ്കര സ്നേഹ പ്രകടനം…. എല്ലാത്തിനും സാക്ഷിയായി സീൻ വണ്ണിലെ നായകൻ തൊട്ടടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു….😀😀


മൂന്നാം തലമുറയേങ്കിലും ഒരു പ്രവാസി ആകാതെ സ്വന്തം മണ്ണിൽ ജോലിയോ ബിസിനസ്സോ ചെയ്തു ജീവിക്കണമെന്ന് ആഗ്രഹിച്ചു പോവുകയാണ്. ആ ചിന്തയിൽ നിന്നാണ് ഈ അച്ഛൻ ദിനത്തിൽ ഇങ്ങനെ എഴുതി കൂട്ടിയത്..

Thursday, September 19, 2019

നാരിയൽ കാ പാനി


എങ്ങും ഹിന്ദി വിവാദം കത്തി നിൽക്കാണല്ലോ. സത്യത്തിൽ മലയാളി ഹിന്ദി പഠിക്കുന്നില്ലേ? ഉണ്ടല്ലോ. പണ്ടു മുതലേ സർക്കാർ സ്കൂളുകളിൽ അഞ്ചാം ക്ലാസ്സ് മുതലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഒന്നാം ക്ലാസ്സ് മുതലും ഹിന്ദി പഠിപ്പികുന്നുണ്ട് പ്രീഡിഗ്രിക്ക് മാർക്ക് കൂടുതൽ കിട്ടാൻ ഹിന്ദി പഠിച്ചവരും ഏറെ പേർ.ഇത്രെയൊക്ക ആണങ്കിലും മലയാളികൾ ഹിന്ദിയിൽ പിന്നോക്കം തന്നെ(ഇംഗ്ലീഷും തഥൈവ). ഹിന്ദി നമ്മുക്ക് പരീക്ഷക്ക് മാർക്ക് വാങ്ങിക്കാനുള്ള ഒരു വിഷയം മാത്രമായിരുന്നു.ഭാഷ പഠിച്ചാലും അത് നിരന്തരം ഉപയോഗത്തിലൂടെ മാത്രമേ നിലനിൽക്കൂ.ഏത് സാഹചര്യങ്ങളേയും തരണം ചെയ്യുന്ന മലയാളികൾ കേരളം വിട്ടാൽ പല ഭാഷകളും അനായാസം കൈകാര്യം ചെയ്യുന്നത് കണ്ടിട്ടുണ്ട്.
അവസരങ്ങൾ ഉണ്ടായിട്ടും ആയ കാലത്ത് ഹിന്ദി പഠിക്കാത്ത,പരീക്ഷയിൽ പാസ്സ് മാർക്ക് പോലും വാങ്ങിക്കാൻ പറ്റാതിരുന്ന,എന്തിന് ഒരു ഹിന്ദി സുഗമ പരീക്ഷ പോലും എഴുതാത്ത,അത് എഴുതാൻ പോകുന്നവരോട്നിനക്കൊന്നും വേറെ പണിയൊന്നു ഇല്ലേ ടാന്ന് കളിയാക്കിരുന്ന ചങ്ക് ബ്രോസ് എല്ലാം ഇപ്പോൾ മലയാളികളെ ഹിന്ദി പഠിപ്പിക്കാൻ കച്ചമുറുക്കി ഇറങ്ങുന്നത് കാണുമ്പോൾ ബഹുത്ത് രോമഞ്ചിക്കേഷൻ ഹോത്താ ഹേ!!!
ഇന്ന് കേട്ട വല്ല്യ തമാശ :കേരളത്തിലെ യുവാക്കൾ ഹിന്ദിയും ഇംഗ്ലീഷും പഠിച്ചു കഴിഞ്ഞാൽ ,അവർ പുറം നാടുകളിലേക്ക് ജോലിതേടി പോകും. അപ്പോൾ പിന്നെ ഇവിടെ ജാഥ വിളിക്കാൻ ആളെ കിട്ടുകയില്ല!! അതു കൊണ്ടാണത്രെ ഇവിടെത്തെ രാഷ്ടീയക്കാർ ഹിന്ദിയെ എതിർക്കുന്നത്
😆😆😆

Saturday, November 3, 2018

എന്റെ ഹീറോകൾ

  ലളിത് മോഡി,വിജയ് മാല്യ,നീരവ് മോഡി..ഇവർ മൂന്നു പേരാണ് ഇന്നെന്റെ ഹീറോസ്.മൂന്ന് പേരും ഇന്ത്യാക്കാരെ പറ്റിച്ച് വിദേശത്തേക്ക് കടന്നവർ😀😀 .സാധാരണക്കാരന്റെ കയ്യിൽ നിന്നും പൊതു മേഖലാ ബാങ്കുകൾ മിനിമം ബാലൻസ് ഫൈൻ, പണം എടുക്കുന്നതിനും,ഇടുന്നതിനും ചാർജ്ജ് അങ്ങനെ നൂറായിരം സർവ്വീസ് ചാർജ്ജുകൾ ചുമത്തി കൊള്ളയടിച്ചുണ്ടാക്കുന്ന പൈസയാണ് ഇവന്മാർ ഇങ്ങനെ കടത്തി കൊണ്ട് പോകുന്നത്.ഈ നഷടങ്ങൾ നികത്താൻ ബേങ്കുകൾക്ക് സർക്കാറിന്റെ വക കോടികണക്കിന് രൂപയുടെ ആശ്വാസ ധനസഹായങ്ങൾ വേറെ.
ഞങ്ങടെ നേതാക്കന്മാരുടെ കാലത്തല്ലാ ഈ ഫ്രോഡുകൾ നടന്നതെന്ന് പറഞ്ഞ് പരസപരം ചെളിവാരിയെറിഞ്ഞ് സോഷ്യൽ മീഡിയായിൽ തല്ലുകൂടുന്ന മ്ലേച്ചന്മാരായ അണികളോട്, ഇത് നിന്റെയും രാജ്യത്തിന്റെ സമ്പത്താടാ കൊള്ളയടിച്ചു കൊണ്ട് പോകുന്നത്..
എല്ലാം രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണല്ലോന്ന് ഓർക്കുമ്പോഴാണ് ഒരു ആശ്വാസം.

എന്ന്
ഹൗസ് ലോണിനു വേണ്ടി മൂന്നാല് ബാങ്കിൽ കയറിയിറങ്ങി,അവസാനം ആധാരം പണയം വെച്ച് ലോണെടുത്ത ഒരു സാധാരണ ഇന്ത്യാക്കാരൻ.
  

അവനാണ് അണി


രാഷ്ടീയ പാർട്ടികളുടെ നേതാക്കന്മാരെ കുറിച്ച് പറഞ്ഞു കേൾക്കുന്ന അപവാദങ്ങൾ ഒന്നാണ്, അവർ തങ്ങളുടെ അണികളെ തെരുവിൽ തല്ലി ചാകാൻ പറഞ്ഞയ്ക്കുകയും,എന്നാൽ തങ്ങളുടെ മക്കളെ തെരുവിലേക്ക് വിടാതെ സുരക്ഷിതരായി നല്ല വിദ്യാഭാസം നൽകി, നല്ല ജീവിതം കൊടുക്കാൻ ശ്രദ്ധിക്കുന്നൂന്ന്.ഉദാഹരണത്തിനായി നമ്മുടെ ഭരണ പ്രതിപക്ഷ നേതാക്കൾ തന്നെ ധാരാളം, ഭക്തിയുടെ കാര്യം വരുമ്പോഴും അതിനു മാറ്റമില്ല, തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്യുന്നവരും, അതെല്ലാം സോഷ്യൽമീഡിയായിൽ നാഴികക്ക് നാല്പതു വട്ടം ഷെയർ ചെയ്യുന്ന സ്വദേശത്തേയും വിദേശത്തേയും 'ആരാധകരും' മേൽപ്പറഞ്ഞ വിഭാഗത്തിൽ പെട്ടവർ തന്നെ.
**ഡാ തടിയാ സിനിമയിൽ ,കരുത്ത് തെളിയിക്കാനായി നേതാവ് പറയുമ്പോഴേക്കും വെള്ളത്തിലേക്ക് എടുത്ത് ചാടുന്ന അണി.

Saturday, January 2, 2016

അല്ലറ ചില്ലറ പ്രശ്നങ്ങൾ...

ഈ വീഡിയോ കണ്ടപ്പോൾ ചില്ലറ ഇല്ലാത്തതു കൊണ്ട് ഉണ്ടായ അല്ലറചില്ലറ സംഭവങ്ങൾ ഓർമ്മ വന്നത്. കൊച്ചി ഡ്യൂട്ടി ഫ്രീ ഷോപ്പിൽ ഇന്ത്യൻ രൂപ ഒഴികെ എല്ലാ വിദേശ കറൻസികൾ സ്വീകരിക്കുമെങ്കിലും, തിരിച്ച് ചില്ലറ cent ആയിട്ടേ തരൂ, അല്ലെങ്കിൽ സോപ്പ്. ഒരിക്കൽ ഡ്യൂട്ടി ഷോപ്പിൽ കയറിയപ്പോൾ കണ്ട കാഴ്ച്ച, ടൈയും കോട്ടും ഇട്ട ഒരു കാർന്നോർ രണ്ട് കുപ്പി മദ്യം വാങ്ങി ദിനാർ കൊടുക്കുന്നു.പതിവു പോലെ കേഷ്യർ  ഒരു ലെക്സ് സോപ്പും കൊടുത്തു. കാർന്നോർ ഒരു പൊടിക്ക് സമ്മതിക്കുന്നില്ല,”ഞാൻ ദിനാറാണ് തന്നത് എനിക്ക് അതിന്റെ ചില്ലറ വേണം,മാത്രമല്ല ഞാൻ ലെക്സ് സോപ്പ് ഉപയോഗിക്കറില്ല.എനിക്ക് ഒരു ഉപകാരമില്ലാത്ത സാധനങ്ങൾ എന്തിനാ എന്റെ മേൽ കെട്ടിവെയ്ക്കുന്നത്”.പിന്നെ തർക്കമായി,കാർന്നോർ രണ്ട് കുപ്പിയും മേശപ്പുറത്ത് വെച്ച് സ്ഥലം കാലിയാക്കി. നാട്ടിലെ ഒരുവിധം പലചെരക്ക് കടകളിലെല്ലാം ചില്ലറയ്ക്കു പകരം മിഠായി ആണ് തരുന്നത്.പച്ചക്കറി കടകളിൽ ചെറുനാരങ്ങ, അങ്ങനെ ഓരോത്തരം അവരവർക്ക് സൗകര്യമുള്ളത്, നമ്മളോട് ചോദിക്കാതെ തന്നെ അവർ സഞ്ചിയിൽ ഇട്ടു തരും. ആര്യവൈദ്യശാലയിൽ മരുന്നു വാങ്ങി കഴിഞ്ഞപ്പോൾ 62 രൂപ കൊടുക്കണം,ചെയ്ഞ്ച് വേണമെന്ന് ആദ്യമേ പറഞ്ഞതു കൊണ്ട് 70 രൂപ കൊടുത്തു,ബാക്കി തരാൻ ചില്ലറ ഇല്ല.എന്റെ കയ്യിൽ കൊടുക്കാനും ഇല്ല. “എന്നാൽ ബാക്കി പൈസക്ക് ഗോപിചന്ദനാദി ഗുളിക എടുത്തോ, വീട്ടിൽ വലിയവർക്കോ ചെറിയവർക്കോ ഗ്യാസ്,കഫകെട്ട്,നെഞ്ചെരിച്ചൽ തുടങ്ങിയവക്ക് എല്ലാം ഉപയോഗിക്കാം”. അതു ബേഗിൽ ഇരിക്കുന്നതു കൊണ്ടാണോന്ന് അറിയില്ല ഈ പറഞ്ഞ രോഗമെല്ലാം ഉണ്ടോന്ന് ഇടയ്ക്ക് ഇടയ്ക്ക് ഒരു സംശയം.കൂട്ടുകാരന് കുറച്ചു പുസ്തകങ്ങൾ സ്പീഡ് പോസ്റ്റ് വഴി അയച്ചു കൊടുക്കാൻ പോസ്റ്റോഫിൽ പോയപ്പോഴും ചില്ലറക്ക് പകരം കിട്ടിയത് സ്റ്റാമ്പ്. “ഞാൻ ഇപ്പോൾ ആർക്കും കത്തയ്ക്കാറില്ലാന്ന്” പറഞ്ഞെങ്കിലും കൈയ്യിൽ വെച്ചോളൂ ഇവിടെ ചില്ലറയില്ലാന്ന് മറുപടി.     വടക്കുംനാഥൻ അമ്പലത്തിൽ പോയപ്പോഴും ഇതു പോലെ തന്നെ സംഭവിച്ചു. ഒരു നെയ്യ് വിളക്കിന് 12 രൂപ, 20 ന്റെ നോട്ട് കൊടുത്തപ്പോൾ രണ്ട് രൂപ ചില്ലറ വേണമെന്നായി. ഇല്ലാന്ന് പറഞ്ഞപ്പോൾ “എന്നാൽ ദേവിക്ക് ഒരു മഞ്ഞൾപ്പൊടി ചാർത്തി കൊള്ളു, 8 രൂപയാണ്, അപ്പോൾ കണക്ക് ശരിയാവും”. ദൈവത്തിന്റെ കാര്യമെല്ലെ റിസ്ക്ക് എടുക്കാൻ നിന്നില്ല.

Friday, February 14, 2014

പ്രണയദിനാശംസകൾ



ഈ പ്രേമമെന്ന് പറയുന്നത് ചിക്കൻപോക്സ് പോലെയാ, കുറച്ച് വൈകീട്ടാണങ്കിലും എല്ലാവർക്കും വരും : കെ. സി രവി (മ്ലേച്ചൻ) .സിനിമ - ഇടുക്കി ഗോൾഡ്

നമ്മുക്ക് ചെറുപ്പത്തിലെ ‘ചിക്കൻപോക്സ്’ ഒന്നു വന്നു പോയതാ. അണ്ണാ, ഒരുക്കൽ ചിക്കൻപോക്സ് വന്നുവർക്ക് വീണ്ടും വരുമോ 
പ്രണയിക്കുന്നവർക്കും പ്രണയം മനസ്സിൽ സൂക്ഷിക്കുന്നവർക്കും പ്രണയദിനാശംസകൾ,

Tuesday, October 22, 2013

ഇനി യന്ത്രപക്ഷിയെ കുറ്റം പറയരുത്....

അവന്റെ കഷ്ടപാടും വിഷമങ്ങളും,വിരഹവേദനയും കണ്ടപ്പോൾ യന്ത്രപക്ഷി അവനെ, അവൻ വന്ന സ്ഥലത്തേക്ക് തന്നെ കൊണ്ട് വിട്ടു. ബട്ട് എപ്പോഴെല്ലാം യന്ത്രപക്ഷി അവനെ അവന്റെ നാട്ടിൽ കൊണ്ട് വിട്ടിട്ടുണ്ടോ, അപ്പോഴെല്ലാം പൂച്ചയെ ദൂരെ കൊണ്ട് കളഞ്ഞാൽ അത് തിരിച്ചു വരുന്നതു പോലെ, അവൻ ഈ ചുട്ടുപൊള്ളുന്ന മണലാര്യത്തിലേക്ക് തിരിച്ചു വന്നു കൊണ്ടേ ഇരുന്നു!!!



ക്യൂബാ മുകുന്ദൻ

കമ്പനികാര്യം മിണ്ടരുതെന്ന്’ എന്നു പറഞ്ഞിട്ടാവും, വാര്യാന്ത്യത്തിലെ സുഹൃത്ത് കൂട്ടായ്മകളിലെ ചർച്ചകൾ തുടങ്ങുക. ചർച്ചക്ക് ‘വീര്യം‘ കൂടി വരുമ്പോൾ പതിവുപോലെ കമ്പനികാര്യങ്ങളും കടന്നു വരികയും, ചർച്ചയുടെ മുക്കാൽ ഭാഗം സമയവും അപഹരിക്കുകയും ചെയ്യും.ജോലി സ്ഥലങ്ങളിലെ അസമത്വം, അർഹിച്ച് പരിഗണന കിട്ടാതിരിക്കുക,മനസ്സിനിണങ്ങാത്ത ജോലി ചെയ്യേണ്ടി വരുന്ന അവസ്ഥ, അങ്ങനെ പോകുന്നു ചർച്ചകൾ.പലരും പൊട്ടി തെറിക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്.കമ്പനിയുമായി പൊരുത്തപെടാൻ ആവാതെ വർഷാവർഷം പല കമ്പനിളും മാറി പരീക്ഷിച്ച് ഒടുവിൽ “ദുനിയാ മേ സബ് കമ്പനിക്കോ ഏക്ക് മുഖ് ഹേ വേ ഭയങ്കർ ഹേ” എന്ന് തിരിച്ചറിഞ്ഞ്, പിന്നീട് കിട്ടിയ ജോലിയുമായി പൊരുത്തപെടുന്നവരാണ് ഏറെയും,എല്ലാം ഇട്ടെറിഞ്ഞ് പോയവരും ഉണ്ട്. പക്ഷെ അവരുടെ എണ്ണം കുറവാണന്ന് മാത്രം. മാനസിക സങ്കർഷം, ഹൈ ബീപ്പി...അങ്ങനെ പോകുന്നു. അതിന്റെ ഒന്നും ആവശ്യം ഇല്ലാന്നേ. ഇത്തരം പ്രശ്നങ്ങൾ എങ്ങനെ പരിഹരിക്കാമെന്ന് പ്രമുഖ ബുദ്ധിജീവിയായ ക്യൂബാ മുകുന്ദൻ അറബിക്കഥ എന്ന സിനിമയിൽ നമ്മുക്ക് കാണിച്ചു തരുന്നുണ്ട്. അതു പരീക്ഷിച്ചു നോക്കാവുന്നതേ ഉള്ളു. കാരണം മൂത്രപുരകൾ ഇല്ലാത്ത കമ്പനികൾ ഗൾഫിൽ ഇല്ലല്ലോ

** HR മേഖലയിൽ ജോലി ചെയ്യുന്ന ഒരു ചങ്ങാതിയുമായുള്ള സംഭാഷണത്തിനിടയിൽ വീണു കിട്ടിയ പോസ്റ്റാണിത്.


Sunday, May 12, 2013

പറയാനുള്ളത് ....

          "സ്വപ്നങ്ങളോട്.....
          നിങ്ങളെ ഞാനീ ശ്മ്ശാനത്തിന്റെ
          ആറടി മണ്ണിൽ കുഴിച്ചു മൂടുകയാണ്
          വേദനപ്പിക്കാനായി നിങ്ങളെന്റെ
          ഓർമ്മകളിൽ പോലും ഉയത്തെഴുനേൽക്കരുത്
        
          വിധിയോട്…...
          നീ വേദനയുടെ ക്രൂരമ്പെയ്തെന്റെ
          നെഞ്ച് കൂട് തകർത്തു കൊള്ളു
          എങ്കിലുമവസാന സ്പന്ദനം വരെന്റെ
          ഹൃദയത്തിൽ നിന്ന് സ്നേഹം ഒഴുകികൊണ്ടിരിക്കും

          മരണത്തോട്.......
          ഏറെ നാളായി നീയെന്നെ ഒരുപാട്
          പ്രലോഭിപ്പിക്കുകയാണ്, പക്ഷെ
          ഞാനിപ്പോൾ നിന്നെ പുണർന്നാലത്-
          ഉത്തരവാദിത്വത്തിൽ നിന്നൊളിച്ചോടിയ
          ഭീരുവിന്റെ മുഖമെനിക്ക് തരും
          അതുകൊണ്ട് നീ കാത്തിരുന്നേ പറ്റൂ"

ജീവിതം കൈവിട്ടു പോവുകയാണല്ലോന്ന് തോന്നിയ ഒരു നിമിഷത്തിൽ, ഡയറിയിൽ എഴുതി വെച്ചത്. ജീവിതം അങ്ങനെയാണ് നിനച്ചിരിക്കാതെ നേരത്തായിരിക്കും ഒരു ട്വിസ്റ്റ് വരുന്നത്.. ബട്ട് യാതനകൾ വരുമ്പോൾ,മരണത്തേക്കാൾ ജീവിതത്തോട് കൂടുതൽ സ്നേഹമാണ് തോന്നിയിട്ടുള്ളത്.


Tuesday, January 18, 2011

ഗുരുവായൂരപ്പനൊരു വഴിപാട്

വളരെയധികം ടെൻഷനോടു കൂടിയായിരുന്നു അന്ന് പരീക്ഷ ഹാളിലേക്ക് കയറിയത്.പോളി ടെക്നിക്കിലെ അവസാന വർഷത്തെ അവസാന പരീക്ഷ അന്നായിരുന്നു. വീട്ടിൽ നിന്നും നല്ല കണികണ്ടിട്ട് തന്നെയാണ്  പോന്നിട്ടുള്ളത്. നല്ല കണികണ്ടിറങ്ങുക എന്നത് അമ്മയുടെ ഒരു പതിവ് രീതിയാണ്. പരീക്ഷയുള്ള ദിവസങ്ങളിൽ, ഞാൻ ഇറങ്ങുന്നതിനു മുമ്പ്,അമ്മ വീടിന് പുറത്ത് വന്ന്, വഴിയിൽ നല്ല ശകുനം വല്ലതുമുണ്ടോന്ന് ചുറ്റുപാടും നോക്കും.ഗ്രീൻ സിഗ്നൽ കിട്ടിയാലെ നമ്മുക്ക് പുറത്തേക്ക് ഇറങ്ങാൻ പറ്റു.  ചുറ്റുവട്ടത്തുള്ള ശകുന-ദു:ശകുനക്കാരുടെ ലീസ്റ്റ് അമ്മയുടെ പക്കലുണ്ട്.ദുശകുനം കണ്ടിട്ടാണ് പോയതെങ്കിൽ ഞാൻ തിരിച്ചു വരുന്നതു വരെ അമ്മ ഭയങ്കര ടെൻഷനിലാവും. ചില ദിവസങ്ങളിൽ, ഇത്തരം വിശ്വാസങ്ങളിൽ പ്രതിഷേധിച്ച് ഞാൻ ഇറങ്ങി പോകാറുണ്ട്. അങ്ങനെ ഗ്രീൻ സിഗ്നൽ കിട്ടി, നല്ല കണികണ്ട്, പരീക്ഷക്ക് പോയ ഞാൻ, ഇന്റേണൽ എക്സാമിനറുടെ സീറ്റിൽ ദാസ് സാറിനെ കണ്ടതും, ഉള്ള ധൈര്യമല്ലാം ചോർന്ന് പോയി. സാറിന്റെ ബ്ല്ലാക്ക് ലിസ്റ്റിലെ ഒരു പ്രധാനിയായിരുന്നു ഞാൻ എന്നതു തന്നെ കാരണം..നറുക്കൊടുപ്പിൽ, എക്സ്പിരിമെന്റായി കിട്ടിയതോ,പ്രേക്റ്റിക്കൽ ക്ലാ‍സ്സിൽ ഒരിക്കൽ പോലും ഞാൻ ചെയ്തിട്ടില്ലാത്ത മിക്സി. വട്ടം കറങ്ങാൻ പിന്നെ ഒന്നും വേണ്ടല്ലോ. എല്ലാ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് മിക്സി കൈലെടുത്ത് തിരിച്ചും മറിച്ചും നോക്കി.എവിടെന്ന് തുടങ്ങണം,എങ്ങനെ തുടങ്ങണം,ഒന്നും ഒരു പിടിയും കിട്ടുന്നില്ല. ഒരു വിധം പാർട്ട്സ് എല്ലാം പൊളിച്ചടക്കി. അതു എളുപ്പമുള്ള പണിയാണല്ലോ.പക്ഷെ തിരിച്ച് ഫിറ്റ് ചെയ്യാൻ,വിചാരിച്ച് പോലെ പറ്റുന്നില്ല.ഇനി എന്ത് ചെയ്യുമെന്നറിയതെ ചുറ്റും നോക്കിയപ്പോഴാണ്, തൊട്ടടുത്ത ടെബിളിൽ സഹപാഠി പെൺകുട്ടി,  സ്റ്റാർ-ഡെൽറ്റ സ്റ്റാർട്ടറിൽ (പണ്ട് നമ്മുടെ അരിപൊടിപ്പിക്കുന്ന മില്ലുകളിൽ ഉണ്ടായിരുന്ന കുന്ത്രാണ്ടം തന്നെ.) ഗുസ്തി പിടിക്കുന്നത് കണ്ടത്. എത്ര ശ്രമിച്ചിട്ടും സ്റ്റാറിൽ നിന്നും ഡൽറ്റയിലേക്ക് വീഴുന്നില്ല. ലേബിലുള്ള എക്വുബമെന്റെസ് എല്ലാം ജാബവാന്റെ കാലത്തുള്ളതണ്(ജാബുവാന്റെ കാലത്ത് സ്റ്റാർട്ടറും, മിക്സിയും ഉണ്ടായിരുന്നോന്ന് ചോദിക്കരുത്). ടെൻഷൻ കാരണമാവാം,പുള്ളികാരത്തി ആകെ വിയർക്കുന്നുണ്ട്. അന്നേരമാണ് തൊട്ട് അടുത്ത് നിൽക്കുന്നുണ്ടായിരുന്ന അറ്റന്റ്‌ർ വർഗ്ഗിസ് സാറ്, “ഞാനൊന്നു നോക്കട്ടേ കുട്ടി”യെന്ന് പറഞ്ഞ് പുള്ളിക്കാരൻ സ്ക്രൂ ഡ്രൈവർ കൊണ്ടെന്തോ അഡ്ജസ്റ്റ്മെന്റ് ചെയ്ത്, പഴയ KSRTC ബസ്സിന്റെ ഗിയർ മാറ്റുന്ന മാതിരി വളരെ പണിപെട്ട് സ്റ്റാർട്ടർ ലിവർ ആദ്യം സ്റ്റാറിലേക്കും പിന്നെ ഡൽറ്റയിലേക്കും മാറ്റിയിട്ടു,തെറ്റ് ഉണ്ടായിരുന്ന  കൺക്ഷ്ൻസ് മാറ്റി കൊടുത്തു. എന്നിട്ട് ദാസാറിനോട വിളിച്ചു പറഞ്ഞു”സാറെ ഈ കുട്ടിയുടെ ഓകെയാണുട്ടോ”. സംഗതി ശുഭം,എന്തോരു മഹാലുഭാവലൂ.. അതു കഴിഞ്ഞ് എന്റെടുത്തേക്ക് വന്ന സാറിനെ നോക്കി ഞാനൊന്ന് പുഞ്ചിരിച്ചു. “ഉം എന്താടോ”.’അംബിയിൽ നിന്നും അന്യനേ‘ക്കുള്ള ഭാവമാറ്റം പോലെ, പുള്ളിക്കാരന്റെ മുഖഭാവം മാറിയത് എന്നെ അത്ഭുതപ്പെടുത്തി.“അത്…സാറെ…ഈ മിക്സി അസ്സെബിൾ ചെയ്യാൻ പറ്റുന്നില്ല” ഞാൻ വിക്കി വിക്കി പറഞ്ഞു.കൂടാതെ പ്രാക്റ്റിക്കൽ ക്ലാസ്സിൽ മിക്സി റിപ്പയർ ചെയ്യാനുള്ള അവസരം കിട്ടിയില്ലാന്നുള്ള സത്യം കൂടി പറഞ്ഞു.എന്നെ ഞെട്ടിച്ചു കൊണ്ട് പുള്ളിക്കാരൻ ഉറക്കെ ദാസാറിനോട വിളിച്ചു പറഞ്ഞു,“സാറെ ഇവിടെ ഒരുത്തൻ  വെള്ളം  കുടിക്കുന്നുണ്ട്,അവൻ ഈ എക്സിപിരിമെന്റ് ചെയ്തിട്ടില്ലത്രെ”. ദാസ് സാർ ഇരുന്ന ഇരുപ്പിൽ മുഖമുയർത്തി നോക്കി.ആ കണ്ണുകൾ ഒന്ന് തിളങ്ങി.പ്രതീക്ഷിച്ച ഒരു ഇരയെ തന്നെ കിട്ടിയിരിക്കുന്നു.
“നീയൊക്കെ ക്ലാസ്സിൽ കയറാതെ നടക്കുമ്പോൾ ആലോച്ചിക്കണം, യൂത്ത് ഫെസ്റ്റ്‌വെൽ തൊട്ട് നിന്നെ ഞാൻ നോട്ടമിട്ടിരുന്നതാ.ഒരു അവസരം വരുമെന്ന് എനിക്കറിയാമായിരുന്നു.വർഗ്ഗീസ് സാറെ അവനെ ഹൽ‌പ്പൊന്നും ചെയ്യണ്ടാ, ഇവനൊന്നും ജയിച്ചിട്ട് വല്ല്യ പ്രയോജനമൊന്നുമില്ല”.
എന്ന ദാസാറിന്റെ പ്രഖ്യാപ്നം കേട്ടതോടെ അറ്റന്റെർ അവിടേന്ന് സ്കൂട്ടായി.

രണ്ടാം വർഷം തൊട്ടാണ് എനിക്ക് സാറിന്റെ ‘അരുമ’ ശിഷ്യനാവാൻ കഴിഞ്ഞത്. ന്യൂട്ടണും,ഫാരഡയും,ക്രിച്ചോഫ് പ്രഭുവും ഉണ്ടാക്കി വെച്ച കുറെ നിയമങ്ങളെ എങ്ങനേങ്കിലും മണ്ഡക്കുള്ളിൽ പുഷ് ചെയ്തു കേറ്റാൻ പാടുപെടുന്ന സമയം.മിക്കവാറും ദിവസങ്ങളിൽ എനിക്ക് ഉത്തരമറിയാത്ത ചോദ്യങ്ങൾ ചോദിച്ച് സാറെന്നെ ലേബിൽ നിന്നും പുറത്താക്കും. . ഇന്റേണൽ മാർക്ക്  എന്ന ‘ഡെമോക്ക്ലസിന്റെ വാൾ‘ തലക്കുമുകളിൽ തുങ്ങി കിടക്കുന്ന്തു കൊണ്ട് തിരിച്ച് ഒന്നും മിണ്ടാൻ പറ്റില്ല. പല വിദ്യാലയങ്ങളിലും അധ്യാപകർ ഇഷ്ടമില്ലാത്ത വിദ്യാർത്‌ഥികളെ കുടുക്കാൻ മനപൂർവ്വം മാർക്ക് കുറയ്ക്കുകയും, രാത്രിയുടെ മറവിൽ അദ്യാപകനെ കുനിച്ചുനിർത്തി വിദ്യാർത്ഥികൾ ഇടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അങ്ങനെ ഇരിക്കുമ്പോഴാണ് യൂത്ത് ഫെസ്റ്റിവെൽ വരുന്നത്.പോളിക്കാർക്ക് അർമ്മാദിക്കാൻ പറ്റുന്ന രണ്ടേ രണ്ട് അവസരങ്ങളാണ് യൂത്ത് ഫസ്റ്റിവെല്ലും, കോളേജ് ഡേയും. അന്ന് ഉജ്ജാല കളറുള്ള കളസങ്ങൾ മാറ്റി എല്ലാവരും ചെത്ത് ഡ്രെസ്സിലേക്ക് മാറും,ചിലരെല്ലാം അപ്പന്റെ പഴയ വെൽബോട്ടം പേന്റും,നീളൻ കോളർ ഷർട്ടും ഇറക്കുന്ന്ത് അന്നായിരിക്കും.ഡിപ്പാർട്ടുമെന്റെ വൈസിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് തല്ലുകൂടുന്ന്തും, കൂകിവിളിക്കുന്ന്തും അന്നു തന്നെ. അവസാന വർഷ ഇലക്ട്രിക്കലിലെ പുലികുട്ടികൾ ചേർന്നുണ്ടാക്കിയ ‘ഡ്രാഗൺസ് E3’ യിൽ ഞാനും ഒരു മെംബറായിരുന്നു. തല്ലു കൊടുക്കാനും അതിലേറെ വാങ്ങിക്കാനുമുള്ള ഒരു ടീം. സ്റ്റേജിൽ ലളിതഗാനം പാടി കൊണ്ടിരിക്കുന്ന സിവിലിലെ പെൺകുട്ടിക്കെതിരെ നമ്മുടെ ടീം കൂകി വിളിതുടങ്ങി.  ആ പെൺകുട്ടിയുടെ ദയനീയത കണ്ടിട്ട്, ഞാൻ എഴുനേറ്റ് നിന്ന് നമ്മുടെ ഗഡികളോട് മിണ്ടാതിരിക്കാൻ പറഞ്ഞു. അതേസമയം തന്നെ, ആ വർഷത്തെ യൂത്ത് ഫസ്റ്റ്‌വെല്ലിന്റെ ചുമതലയുണ്ടായിരുന്ന ദാസ് സാറ് ബഹളം കേട്ട് ഓഡിറ്റോറിയത്തിലേക്ക് വന്ന്തും ഒരുമിച്ചായിരുന്നു.പുള്ളി നോക്കിയപ്പോൾ, കാതിൽ കുരിശ് കമ്മലിട്ട് കൌബോയ് ഹാറ്റും വെച്ച് ഒരുത്തൻ, മൂസിക്ക് ഡയറക്ടറെ പോലെ കയ്യും വീശി ഏഴുനേറ്റ് നിൽക്കുന്നു.സത്യം പറഞ്ഞാൽ കമ്മലും ഹാറ്റും അതു വരെ തൊട്ടടുത്ത് ഇരുന്നിരുന്ന ഒരുത്തന്റെ ശരീരത്തിനെ അലങ്കരിച്ചിരുന്നതായിരുന്നു. ഏതു സമയത്താണാവേ ആ കുരിശെടുത്ത് അണിയാൻ തോന്നിയത്.വരാനുള്ളത് വഴിയിൽ തങ്ങുകയില്ലല്ലോ. ഞാൻ കുകിയിട്ടില്ലാന്ന് ആണിയിട്ട് പറഞ്ഞിട്ടും യൂത്ത് ഫസ്റ്റ്‌വെൽ കഴിയുന്നതു വരെ ഓഡിറ്റേറിയത്തിൽ കയറരുതെന്ന്  എനിക്ക് ബേൻ കിട്ടി.അങ്ങനെയാണ് പുള്ളികാരന്റെ ഹിറ്റ് ലിസ്റ്റിൽ ഞാനിടം നേടിയത്.

നിശ്ചിത സമയത്തിന് 15 മിനിറ്റ് മുൻപ് ഞാനാ മിക്സി ഒരുവിധത്തിൽ അസ്സംബിൾ ചെയ്‌തെടുത്തിട്ട് സാറിന് റിപ്പോർട്ട് ചെയ്തു. പുള്ളി അടുത്തു വന്നിട്ട് “നീ ഇതിന്റെ വൈന്റിങ്, ആർമേച്ചർ തുടങ്ങിയവ ചെക്ക് ചെയ്തോന്ന് ചോദിച്ചു. സത്യത്തിൽ ടെൻഷന്റ് ഇടയിൽ ഞാനാക്കാര്യം മറന്നു പോയിരുന്നു.
“പിന്നെ എന്തൂട്ടിനാ ഇത് നീ പോളിച്ചു നോക്കിയത്, ഞാൻ ഇതിന് സപ്ലെ കൊടുക്കാൻ പോവുകയാ,മിക്സി കറങ്ങിയില്ലങ്കിൽ നീ സപ്ലിമെന്റ്‌റി പരീക്ഷക്ക് തെയ്യാറായിക്കോ”.. ദൈവമേ.. പാ‍സ്സ് മാർക്ക് വാങ്ങിയാണങ്കിലും ഇതുവരെ ഒരു പരീക്ഷയിലും തോറ്റിട്ടില്ല,ഇതിൽ തോറ്റാൽ ഒരു വർഷം പോകും, ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും, മാതാപിതാക്കളുടെ പ്രതീക്ഷ… അങ്ങനെ മനസ്സിലൂടെ ഒരുപാട് കാര്യങ്ങൾ ഫാസ്റ്റ് ഫോർവേഡിൽ കടന്നു പോയി. പെട്ടെന്ന് മനസ്സിൽ’ കൃഷ്ണാ എന്നെ ഈ പരീക്ഷണത്തിൽ നിന്നും രക്ഷിക്കണേ, ഇതിൽ വിജയിച്ചാൽ ഗുരുവായൂരിൽ വന്ന് ശയനപ്രദക്ഷിണം നടത്താമേ”ന്ന്  ആരോ മനസ്സിൽ പറഞ്ഞു. സാറ് സപ്ലെ കൊടുത്തതും മിക്സി വളരെ സ്മൂത്തായി കറങ്ങി. എന്റെ മുഖം തെളിഞ്ഞു. "ഇത്  കറങ്ങിന്ന് വിചാരിച്ചിട്ട് നീ ജയിക്കുമെന്ന് കരുതണ്ട്, എന്തായാലും നീ തോൽക്കുമെന്ന് സാറ് ഷൌട്ട് ചെയ്തു പറഞ്ഞങ്കിലും മനസ്സിൽ ജയിക്കുമെന്ന ആത്മവിശ്വാസം നിറഞ്ഞിരുന്നു. റിസൾട്ട് വന്നപ്പോൾ പാസ്സ് മാർക്ക് ഉള്ളുവെങ്കിലും ഞാൻ ജയിച്ചു. പിന്നെ ഗുരുവായൂർ പോയി ജീവിതത്തിൽ ആദ്യമായി ശയനപ്രദക്ഷിണം ചെയ്തു. കഴിഞ്ഞ തവണ ലീവിനു പോയപ്പോൾ ആദ്യ ശയനപ്രദക്ഷിണത്തിന്റെ പതിനാലാമത് വാർഷികം പ്രമാണിച്ച് ഒന്നുക്കുടെ ഉരുണ്ടു. ഒരു റൌണ്ട് ഉരുണ്ടേഴ്ന്നേറ്റപ്പോൾ “അല്ലാ വീട്ടിന്ന് പോരുമ്പോൾ പറഞ്ഞത് മൂന്ന് റൌണ്ട് ഉരുളുമെന്നാണല്ലോ, ഇത് ഒന്നേ ആയിട്ടുള്ളൂ”ന്ന് ഭാര്യയുടെ ഓർമ്മപെടുത്തൽ. സാരമില്ല അടുത്ത തവണ വരുമ്പോൾ പെന്റിങ് ഉള്ളത് ഉരുളാമെന്ന് പറഞ്ഞ് പ്രശ്നം സൊൾവാക്കി. നമ്മള് കഷ്ടപ്പെട്ട് ഉരുളുന്നതു കാണുമ്പോൾ ഭാര്യക്ക് ചിലപ്പോൾ മനസ്സിൽ സന്തോഷം തോന്നുന്നുണ്ടാവാം.

പറയാൻ വിട്ടു പോയത്
ഞാൻ ഏതേങ്കിലും ഒരു പ്രത്യേക ദൈവത്തിന്റെ ഫേനൊന്നുമല്ലായിരുന്നു. വിദ്യക്കായി സരസ്വതിയേയും, ധനത്തിനായി ലക്ഷ്മി ദേവിയേയും, വിഘ്നങ്ങളകറ്റാൻ ഗണപതിയേയും, റേഷൻ കാർഡിൽ നിന്നും പേര് വെട്ടാതിരിക്കാൻ ശിവനേയും, മുതലാളിത്ത- സാമ്രാജ്യത്വ ശക്തികളെ ഭയമുള്ളതു കൊണ്ട് മാർക്സിനേയും ഒരു പോലെ  പ്രാർത്ഥിച്ചിരുന്ന ഒരു കാലമെനിക്ക് ഉണ്ടായിരുന്നു. ഇപ്പോൾ ഗുരുവായൂർ കൃഷ്ണനോട് പ്രത്യേകമായ  മമത കാണിക്കുന്നുണ്ടോന്ന് ഒരു സംശയം.

Tuesday, November 30, 2010

ഡിസംബർ 1 ലോക എയ്ഡ്സ് ദിനം.


ഇന്ന് ലോക എയ്ഡ്സ് ദിനം‍.ലോകത്ത് ഉണ്ടായതിൽ വച്ചേറ്റവും മാരകമായ രോഗത്തെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കുന്ന്തിനും, രോഗത്തിനെതിരെയുള്ള ചെറുത്ത് നിൽ‌പ്പിന് ശക്തി  കൂട്ടാനുമായി ഒരു ദിനം.ദിനം പ്രതി ലോകത്ത് എയ്ഡ്സ് രോഗികളുടെ എണ്ണം കൂടിവരുകയാണ്.ഏകദേശം 25 മില്ല്യൺ ആളുകൾ ഈ മാരക രോഗം മൂലം മരണപ്പെട്ടിട്ടുണ്ടെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.33 മില്ല്യൺ ആളുകൾ HIV ബാധിതരായി ഈ ലോകത്ത് ജീവിക്കുന്നു..അതിൽ തന്നെ സ്ത്രീകളും കുട്ടികളും കൂടുതൽ...എയ്ഡ്സ് രോഗികളുടെ കാര്യത്തിൽ ആഫ്രിക്കൻ രാജ്യങ്ങൾ കഴിഞ്ഞാൽ രണ്ടാം സ്ഥാനത്ത് ഇന്ത്യയാണ്.
HIV ബാധിതനായ ഒരു വ്യക്തിക്ക്, രോഗത്തേക്കാൾ സമൂഹം നൽകുന്ന ഒറ്റപ്പെടുത്തൽ ആണ് അവനെ മാനസികമായി തകർക്കുന്നത്.അതിനു കാരണം ഈ രോഗത്തെ കുറിച്ച് ജനങ്ങളിൽ ഇന്നും നിലനിൽക്കുന്ന തെറ്റ് ധാരണകൾ തന്നെ. സാംസ്കാരികമായും,വിദ്യാഭാസപരമായും ഏറെ മുന്നിലെന്ന് അഹങ്കരിക്കുന്ന മലയാ‍ളികൾ ഈ കാര്യത്തിൽ ഒട്ടും പിന്നിലെല്ലാന്ന് ഏറെ വേദനാജനകമാണ്.അതിന് നമ്മുടെ കയ്യിൽ ഏറെ ഉദാഹരണങ്ങളും ഉണ്ട്. HIV ബാധിക്കുന്ന ഏറെ പേരും,പ്രതേകിച്ച് സ്ത്രീകളും, കുട്ടികളും അവരുടെ തെറ്റ് മൂലമല്ല രോഗികളായിട്ടുള്ളത്.അവർ മറ്റുള്ളവരിൽ നിന്ന്  സ്നേഹവും പരിചരണവും ആഗ്രഹിക്കുന്നുണ്ട്..അവരെയും ജീവിക്കാൻ അനുവദിക്കുക..

Tuesday, September 7, 2010

ഒരു ‘ഹർത്താൽ കല്ല്യാണത്തിന്റെ‘ ഓർമ്മക്ക്


യാത്രാസ്വാതന്ത്രം പോലും നിഷേധിച്ച ഒരു ഹർത്താൽ ദിനത്തിലായിരുന്നു, ഞങ്ങൾ ഒരുമിച്ചുള്ള ജീവിതയാത്ര തുടങ്ങിയത്. ഇണങ്ങിയും, പിണങ്ങിയും, വിരഹവും-പ്രണയവുമൊക്കയായി  ഇന്ന് (sept 08) അഞ്ചു വർഷം തികയുന്നു. ഓരോ ഹർത്താൽ ദിനത്തിലും ജനങ്ങൾക്ക് അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ കേൾക്കുമ്പോൾ, കല്ല്യാണദിവസം ഹർത്താൽ മൂലം ഞങ്ങൾ അനുഭവിച്ച ബുദ്ധിമുട്ടുകൾ ഓർക്കറുണ്ട്. കല്ല്യാണത്തിന്റെ തലേദിവസം ഉച്ചയോടു കൂടി വളരെ അപ്രതീക്ഷമായിട്ടായിരുന്നു, ഇന്ധന വില വർദ്ധവിനെതിരെയുള്ള ഇടതു പാർട്ടികളുടെ ഹർത്താൽ പ്രഖ്യാപനം. ആശുപത്രി, പാൽ വിതരണം, തീർത്‌ഥാടനം, വിവാഹം തുടങ്ങിയവക്ക് യാതൊരു തടസ്സവും ഉണ്ടാക്കില്ലന്ന് പ്രാഖാപിക്കുമെങ്കിലും, ഹർത്താൽ ദിനത്തിൽ പ്രഖ്യാപനങ്ങളെല്ലാം കാറ്റിൽ പറത്തി ഹർത്താലനുകൂലികൾ തെരുവിൽ അഴിഞ്ഞാടുകയാണ് പതിവ്.

 ന്യൂസ് പരന്നതോടെ ഹർത്താലിന്റെ ആശങ്കകൾ പങ്കുവെയ്ക്കാൻ ആളുകളുടെ തുരുതുരായുള്ള ഫോൺ വിളികൾ. പല ബന്ധുക്കളും,സുഹൃത്തുക്കളും കല്ല്യാണത്തിനു വരാൻ കഴിയില്ലെന്ന് അറിയിച്ചു. കല്ല്യാണം മാറ്റിവെയ്ക്കാൻ സാധ്യതയുണ്ടോന്ന് ചേദിച്ചവരും അകൂട്ടത്തിൽ ഉണ്ടായിരുന്നു. മുൻ‌കൂട്ടി ഏൽ‌പ്പിച്ചിരുന്നതു കൊണ്ടും, പരിചയമുള്ളവരായതു കൊണ്ടും ടെമ്പോട്രാവലർ ഡ്രൈവർമാർ  അവരുടെ വാഹനങ്ങൾ നിരത്തിലിറക്കാമെന്ന് സമ്മതിച്ചു.  കല്ല്യാണ തലേന്ന് ഉച്ചക്ക് തുടങ്ങിയ മഴക്ക് പിറ്റേന്ന് രാവിലെ ആയപ്പോഴേക്കും ഒരു ശമനം വന്നിരുന്നു. വീട്ടിൽ നിന്നും എട്ട് – പത്ത് കിലോമീറ്റർ ദൂരം യാത്ര ചെയ്യണം കല്ല്യാണമണ്ഡപത്തിൽ എത്താൻ. വാഹനങ്ങളിലല്ലാം ‘രാജേഷ് വെഡ്സ് പ്രിയ‘ എന്നതിനേക്കാൾ വളരെ വലുപ്പത്തിൽ ‘വിവാഹം’ എന്നെഴുതി, മുൻ ഗ്ലാസ്സിൽ തന്നെ ഒട്ടിച്ചു വെച്ചു.നേരം വൈകിയതു കൊണ്ട് കൂട്ടുകാരന്റെ കാറിൽ കയറി മെയിൻ റോഡ് വിട്ട് ഷോർട്ട് കട്ട് വഴിയിലൂടെ ഞാൻ കല്ല്യാണമണ്ഡപത്തിലേക്ക് എത്തിചേർന്നു. ചെറുക്കനും കൂട്ടരും യാത്ര ചെയ്യുന്ന വാഹനവ്യൂഹത്തിന്റെയും, കല്ല്യാണചെറുക്കൻ സ്ലോമോഷനിൽ ഇറങ്ങുന്ന സീനും പകർത്താൻ കഴിയാത്തതിൽ ക്യാ‍മറമേൻ കുറച്ച് നീരസം പ്രകടപ്പിച്ചിരുന്നു. കാരണം അവർ എത്തിച്ചേരുന്നതിനു മുൻപേ ഞാൻ കാറിൽ നിന്നും ഇറങ്ങി നിന്നിരുന്നു. കല്ല്യാണത്തിന്റെ ചടങ്ങുകളെല്ലാം യഥാർത്‌ഥ്ത്തിൽ നിയന്ത്രിക്കുന്നത് അവരാണല്ലോ. ആളുകൾ കുറവായിരുന്നെങ്കിലും കല്ല്യാണം ഭംഗിയായി നടന്നു.  വൈകീട്ടുള്ള റിസെപ്ഷനായിരുന്നു അടുത്ത പ്രശ്നം. പെണ്ണിന്റെ വീട്ടിൽ സദ്യക്കു വന്നിരുന്ന ആളുകളുടെ കുറവ് കണ്ടിട്ടാവാം അച്ഛൻ ഉച്ചക്ക് തന്നെ പാചകകാരൻ പയ്യനോട് “കോഴിക്കറി ചാറ് വറ്റിച്ച്  ഡ്രയ് ആക്കിക്കോന്ന്” വിളിച്ചു പറഞ്ഞിരുന്നു. എന്നിട്ടും ഐറ്റംസെല്ലാം കുറച്ച്ധികം ബാക്കി വന്നു. സദ്യ കഴിഞ്ഞ് മടങ്ങുന്ന ബന്ധുക്കൾക്ക്, അച്ഛൻ ആവശ്യാനുസരണം കോഴിക്കറിയും പത്തിരിയും, ബട്ടൂരയും പോളീത്തീൻ പേക്കറ്റിൽ പൊതിഞ്ഞ്  കൊടുക്കുന്നുണ്ടായിരുന്നു.വീട്ടിൽ ചെന്നിട്ട് അത്താഴത്തിന് ഒന്നും ഉണ്ടാക്കണ്ടല്ലോ, ഹർത്താലിനെ വകവെയ്ക്കാതെ കല്ല്യാണത്തിനു പങ്കെടുത്തത്തിന് അച്ഛന്റെ വക ഒരു ചെറിയ സമ്മാനം.
അഞ്ച് വർഷങ്ങൾക്ക് ശേഷം മറ്റോരു സെപ്റ്റംബർ എട്ടിന്റെ തലേന്ന് ദേശീയ പണിമുടക്കായത് തികച്ചും യാദൃശ്ചികമായി തോന്നി.

Friday, August 27, 2010

മദ്യവിൽ‌പ്നയുടെ തത്സമയ സം‌പ്രേഷണം

ഇക്കഴിഞ്ഞ ഓണത്തിന് മദ്യവിൽ‌പനയുടെ റെക്കോർഡിനെ കുറിച്ച് റിപ്പോർട്ട് ചെയ്യാൻ വാർത്താചാനലുകൾ മത്സരിച്ചപ്പോൾ അങ്ങനെ ഒരു സാധ്യതയെ കുറിച്ചാണ് ആലോച്ചിച്ചത്. ഉത്രാട-തിരുവോണ ദിനങ്ങളിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ ചാലകുടിയെ പിന്തള്ളി കരുനാഗപ്പള്ളി ഒന്നാമെതെത്തിയ വാർത്ത കേട്ടപ്പോൾ, ഏതേങ്കിലും സ്കൂൾ യുവജനോത്സവ പോരാട്ടമോ, ഇലക്ഷനിലെ വേട്ടെണ്ണലിന്റെയോ പ്രതീതിയാണ് ഉണ്ടായത്.വരും വർഷങ്ങളിലെ ആഘോഷ ദിനങ്ങളിൽ പ്രത്യേക ന്യൂസ് റൂമിലിരുന്ന്, ബീവേറേജ് കോർപ്പറേഷന്റെ എല്ലാ ബ്രാഞ്ചിൽ നിന്നുള്ള കണക്കുകൾ ചാനലുകൾ തത്സമയം റിപ്പോർട്ട് ചെയ്യുമായിരിക്കും.അത് ഒരു പക്ഷെ ഇങ്ങനെ ആയിരിക്കും.
നികോഷ് : നമസകാരം.ഓണം പ്രമാണിച്ച് കേരളത്തിൽ  മദ്യ വിൽ‌പന തകൃതിയായി              നടക്കുകയാണ്. ഇതു വരെയുള്ള കണക്കുകൾ വെച്ച് നോക്കിയാൽ കഴിഞ്ഞ വർഷത്തെ റെക്കോർഡ് തകർക്കപെടാനാണ് സാധ്യത.വർഷങ്ങളായി ഏറ്റവും കൂടുതൽ മദ്യം വിറ്റ് പോകുന്ന ചാലകുടിയിൽ നിന്നും ഞങ്ങളുടെ പ്രതിനിധി കൈലേഷ് നമ്മോടപ്പം ചേരുന്നു..”കൈലേഷ് എന്താണ് ചാലകുടിയിൽ നിന്നുള്ള ഏറ്റവും പുതിയ വിവരങ്ങൾ.കഴിഞ്ഞ വർഷം അവർക്ക് നഷ്ടപ്പെട്ട ഒന്നാം സ്ഥാനം തിരിച്ചു പിടിക്കാൻ സാധ്യതയുണ്ടോ?

കൈലേഷ് : രാവിലെ ഷോപ്പ് തുറക്കുന്നതിനു മുൻപ് തന്നെ വളരെ നീണ്ട ക്യൂ  ഇവിടെ രൂപപ്പെട്ടിരുന്നു.അവർ വളരെ അച്ചടക്കത്തോടും, ക്ഷമയോടും കൂടിയാണ് ക്യൂ‌വിൽ നിൽക്കുന്നതെന്ന് ഈ വീഡീയോ ദൃശ്യങ്ങൾ കണുമ്പോൾ നമ്മുക്ക് മനസ്സിലാവും.മാനുഷ്യരെല്ലാം ഒന്നു പോലെ ആമോദത്തോടെ വസിക്കുന്ന സ്ഥലമേതെന്ന് ചോദിച്ചാൽ നിസ്സംശയം പറയാം അത് ബീവേറേജിന്റെ മുന്നിലാണെന്ന്. കഴിഞ്ഞ വർഷം നഷ്ടപ്പെട്ടു പോയ ഒന്നാം സ്ഥാനം എന്തു വിലകൊടുത്തും തിരിച്ചു പിടിക്കുമെന്ന ദൃഡനിശ്ചയം ഓരോ മുഖത്തും കാണാൻ കഴിയും. അതേ പറ്റി ഇവിടുത്തെ സ്ഥിരസാന്നിദ്ധമായ അയ്യപ്പൻ ചേട്ടനോട് ചോദിക്കാം. “ചേട്ടാ എന്ത് തോന്നുന്നു, ഇപ്രാവിശ്യം നിങ്ങൾ ഒന്നാം സ്ഥാനം തിരിച്ച് പിടിക്കുമോ?

അയ്യപ്പൻ ചേട്ടൻ: അത് എന്തൂട്ട് ചോദ്യാണ്ടാ,ഇപ്രാവിശ്യം ഞങ്ങള് ഒന്നാം സ്ഥാനം അടിച്ചെടുക്കും.കഴിഞ്ഞ തവണ കരുനാഗപള്ളിയിൽ ഓണാത്തിന്റെ അവസരത്തിൽ ചില പ്രശ്നങ്ങൾ കാരണം പുറത്തു നിന്നും കുറെ ആളുകൾ വന്നിരുന്നു.അങ്ങനെ വാടകക്ക് ആളുകളെ ഇറക്കിയാണ് അവർ ഒന്നാം സ്ഥാനം നേടിയത്.ഇപ്രാവശ്യം നമ്മളും ആളെയിറക്കിട്ടുണ്ട്.

കൈലേഷ്: നികേഷ് ഇതാണ് ഇവിടുത്തെ ഏറ്റവും പുതിയ വിശേഷങ്ങൾ, ആളുകൾ ഇപ്പോഴും ബസ്സിലും ഓട്ടോയിലും കൂട്ടം കൂട്ടമായി വന്നു ചേരുന്ന കാഴ്ചയാണ് കാണുന്നത്.ചാലകുടിയിലെ ബീവറേജിന്റെ മുന്നിലുള്ള കുടിയന്മാരുടെ ഇടയിൽ നിന്നും ക്യാമറമേൻ സാബു കഞ്ഞികുഴിയോടൊപ്പം കൈലേഷ്.......

നികോഷ് :കഴിഞ്ഞ തവണ തിരുവോണത്തിന് അട്ടിമറി വിജയം നേടിയ കരുനാഗപ്പള്ളിയിൽ നിന്നുള്ള വിശേഷങ്ങളുമായി സജി നമ്മോടെപ്പം ചേരുന്നു..സജി എന്താണ് അവിടെത്തെ വിവരങ്ങൾ.ചാലകുടിയിൽ നിന്നും പിടിച്ചെടുത്ത ഒന്നാം സ്ഥാനം കരുനാഗപ്പള്ളി നിലനിർത്താൻ സാധ്യതയുണ്ടോ?

സജി:നികോഷ്...ഇവിടെത്തെ തിരക്ക് കണുമ്പോൾ അങ്ങനെ ഒരു സാധ്യത തള്ളികളയാൻ പറ്റില്ല.പിന്നെ എടുത്തു പറയേണ്ട ഒരു കാര്യം,ഇപ്രാവിശ്യം പരീക്ഷണാടിസ്ഥാനത്തിൽ തുടങ്ങിയ, സ്ത്രീകൾക്കായുള്ള പ്രത്യേക കൌണ്ടറിൽ,ഏതാനും കോളേജ് പിള്ളേർ ബീയർ വാങ്ങി കൊണ്ട് പോയതൊഴിച്ചാൽ കാര്യമായ തിരക്ക് അനുഭവപ്പെട്ടില്ലാന്നാണ്.വരും വർഷങ്ങളിൽ അതിനൊരു മാറ്റം ഉണ്ടാവുമെന്ന് നമ്മുക്ക് പ്രതീക്ഷിക്കാം.

നികോഷ് : അവിടെ ഏതേങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടോ?,മദ്യങ്ങളുടെ ഇനം തിരിച്ചുള്ള വിറ്റുവരവ് ലിസ്റ്റ് ലഭ്യമായിട്ടുണ്ടോ?

സജി: മദ്യം വാങ്ങിയവർ അവ പെട്ടിഓട്ടോയിൽ കയറ്റുന്നിടയിൽ ചില യൂണിയൻ‌കാർ ചെറുതായി പ്രശ്നങ്ങൾ ഉണ്ടാക്കിയതൊഴിച്ചാൽ പൊതുവെ സമാധാനപരമായ അവസ്ഥയാണ് ഇവിടെയുള്ളത്.ഇനം തിരിച്ചുള്ള ലിസ്റ്റ് ഇപ്പോൾ ലഭ്യമായിട്ടില്ല.എങ്കിലും ഒരു ഏകദേശ കണക്കനുസരിച്ച് പതിവു പോലെ റം തന്നെയാണ് മുന്നിട്ട് നിൽക്കുന്നെതെന്ന് പറയാം.കരുനാഗപള്ളി ബീവറേജിന്റെ മുന്നിലുള്ള ‘നാഗങ്ങൾ’ക്കിടയിൽ നിന്നും സജി....

നികോഷ് : ഓരോ ബീവേറേജ് ഔട്ട്ലെറ്റും ഇഞ്ചോടിഞ്ച് പോരാട്ടമാണ് കാഴ്ച്ച വെയ്ക്കുന്നത്.മദ്യവിൽ‌പനയിൽ ഒരു സർവ്വകാല റെക്കോർഡ് നമ്മുക്ക് പ്രതീക്ഷിക്കാം.ചാലകുടിയോ,കരുനാഗപള്ളിയോ അതോ ഇവരണ്ടുമല്ലാതെ മൂന്നാമതൊരു ജില്ല അട്ടിമറി നടത്തുമോ? കത്തിരുന്നു കാണാം.ഇടവേളയ്ക്ക് ശേഷം ഏറ്റവും പുതിയ വിശേഷങ്ങളുമായി ന്യൂസ് തുടരും
പരസ്യം
“വൈകീട്ടെന്താ പരിപാടി...?”  

Thursday, August 19, 2010

ഓണാശംസകളോടേ....

പൊന്നോണത്തിന്റെ വരവറിയിച്ചു കൊണ്ട് മലയാളം ചാനലുകളിൽ ആഘോഷതിമർപ്പ് തുടങ്ങി.നക്ഷത്ര രാജകുമാരിമാരുടെ ലിപ്സ്റ്റിക്കിട്ട ചുണ്ടുകളിൽ നിന്നും ഓണവിശേഷങ്ങളുടെ   പൊങ്ങച്ചങ്ങൾ കേൾക്കാം. നടിമാരല്ലാം ചട്ടിയും കലവുമായി ഓണപുടവയുടുത്ത് ലുടുക്ക് പാചകവിധികളുമായി നിരന്നു കഴിഞ്ഞു.പരസ്യങ്ങളിൽ ഓഫറുകളുടെ പെരുമഴക്കാലം. മൂപ്പിളമ അനുസരിച്ച് മമ്മുട്ടി മുതൽ മണികുട്ടൻ വരെയുള്ളവരുടെ സിനിമകൾ ഒന്നിനു പുറകെ ഒന്നായി കാണാം...ആന്ദലബ്ദ്ധിക്ക് ഇനിയെന്ത് വേണം.ഓണം ഏത് ചാനലിന്റെ കൂടെ ആഘോഷിക്കുമെന്ന കൺഫ്യൂഷനിൽ ഇരിക്കുമ്പോഴാണ്, വർണ്ണ കവറിൽ മാതൃഭൂമി ഓണപ്പതിപ്പ് കിട്ടിയത്.ജ്യോതിർമയിയുടെ മുഖചിത്രത്തോടു കൂടി രണ്ട് പുസ്തകം.പക്ഷെ പതിവു പോലെ ഉൾപേജുകളിൽ പകുതിയും പരസ്യം തന്നെ. കേരളത്തിലെ സകല ചാത്തൻസേവക്കരുടേയും,ജ്യോത്സന്മാരുടെയും,വൈദ്യന്മാരുടെയും വലുതും ചെറുതുമായ നിരവധി പരസ്യങ്ങൾ നിറഞ്ഞ ഓണസമ്മാനം.200രൂപ കൊടുത്ത്(നാട്ടിൽ 45രൂപയേ ഉള്ളു) ഈ പരസ്യഭാണ്ഡം വാങ്ങിക്കണമായിരുന്നോന്ന് ന്യായമായും സംശയിച്ചു. ഈ ഓണതിരക്കിനിടയിൽ ഇപ്രാവിശ്യം മാവേലി  ബീവറേജിന്റെ ഏത് ബ്രാഞ്ചിലാണാവോ സന്ദർശിക്കാൻ പോകുന്നത്. .ചാല’കുടി’യിലായിരിക്കുമോ.ആവാൻ വഴിയില്ല.അവിടെ അല്ലാതെ തന്നെ നല്ല തിരക്കുണ്ട്.

Saturday, October 24, 2009

പാലഭിഷേകം


ഇഷ്ട താരങ്ങൾക്ക് അമ്പലങ്ങൾ പണിയുന്ന തമിഴ്നാട്ടിൽ, ഓരോ സിനിമയുടെ റിലീസും ഉത്സവങ്ങളാണ്.റിലീസ് ദിവസം, കൊട്ടും പാട്ടും, കൂറ്റൻ കട്ടൌട്ടുകളും, കട്ടൌട്ടുകൾക്കു മുകളിലൂടെയുള്ള പാലഭിഷേകവും,ആരാധകരുടെ വാക്കുതർക്കങ്ങളും കത്തികുത്തും അവിടെ ഒരു പതിവു കാഴ്ചയാണ്. നൂറ് കണക്കിന് ലിറ്റ്‌ർ പാൽ ഇങ്ങനെ അഭിഷേകങ്ങൾക്കായി ചിലവക്കുന്നുണ്ടന്നാണ് പറയപ്പെടുന്നത് വീട്ടിലേക്ക് വാങ്ങികൊണ്ട് പോകുന്ന പാൽ പേക്കറ്റിന് തുളയിട്ട് വഴിയിൽ കണ്ട സൂപ്പർസ്റ്റാറിന്റെ പോസ്റ്റ്‌റിൽ അഭിഷേകം നടത്തുന്ന തമിഴന്റെ ഫോട്ടോ ഒരിക്കൽ പത്രത്തിൽ കണ്ടിരുന്നു.തമിഴന്റെ ഈ വക കോപ്രായങ്ങളേയും, സിനിമാഭ്രാന്തിനേയും കണക്കിന്
പരിഹസിച്ചിരുന്ന മലയാളിക്ക്, പക്ഷെ കഴിഞ്ഞ ആഴ്ച്ച പഴശ്ശിരാജയുടെ റിലീസ് കേന്ദ്രങ്ങളിലെ കോപ്രായങ്ങൾ കണ്ടപ്പോൾ, തങ്ങളും പാണ്ടിയേക്കാൾ മോശമല്ലന്ന് ബേധ്യപ്പെട്ടു. ഒരുപക്ഷെ വളരെ നാളുകൾക്ക് ശേഷം സൂപ്പർസ്റ്റാറിന്റെ ഒരു നല്ല സിനിമ വന്നതിന്റെ ആഹ്ലാദമായിരിക്കാം.ടിവിയിൽ ലൈവായി ഈ ദൃശ്യങ്ങൾ കണ്ടുകൊണ്ടിരിക്കെ സഹമുറിയൻ അണ്ണൻ ചോദിച്ചു “എന്നാ തമ്പിയിത്, നമ്മെ ഊരിലെ പൈത്യം നിങ്കെ ഊരിലും വന്താച്ചാ?. മറുപടി ഒന്നും പറയാൻ ഉണ്ടായിരുന്നില്ല.
കേരളത്തിൽ ഏതാനും വർഷങ്ങൾക്ക് മുൻപ് മാത്രം തുടങ്ങിയ ഈ ഫേൻസ് സംസ്കാരം അതിന്റെ പീക്ക് പോയന്റിൽ എത്തി നിൽക്കുകയാണ്. ചിലപ്പോൾ ഈ കോപ്രായങ്ങൾ പരിധി വിടുന്നില്ലേന്ന് ഒരു സംശയം.സൂപ്പർസ്റ്റാർ സ്ക്രീനിൽ പ്രത്യക്ഷപ്പെടുമ്പോൾ ആർത്തു വിളിക്കുക, സ്ക്രീനിലേക്ക് പഷ്പവൃഷ്ടി നടത്തുക, മറ്റു താരങ്ങളുടെ സിനിമകളെ കൂകിതോൽ‌പ്പിക്കുക, തുടങ്ങിയ ഫേൻസ് കലാപരിപാടികൾ മലയാള സിനിമക്ക് ആരോഗ്യപരമാണോന്ന് ചിന്തിക്കേണ്ടിരിക്കുന്നു. തിയ്യറ്ററുകളിൽ പോയി സിനിമ കാണുന്ന കുടുബപ്രേക്ഷകരുടെ എണ്ണം കുറഞ്ഞു വരുന്ന ഇക്കാലത്ത്, ഇത്തരം ‘കലാപരിപാടികൾ’ അവരെ കൂടുതൽ അകറ്റാനേ വഴിയുള്ളു. ഇഷ്ട് താരത്തിന്റെ പ്രതിമയിൽ സ്വന്തം വിരൽ മുറിച്ച് രക്താഭിഷേകം നടത്തുന്ന ഭ്രാന്തൻ ആരാധകരെ മലയാള മണ്ണിൽ അതിവിദൂരമല്ലാത്ത ഭാവിയിൽ കണ്ടാൽ അത്ഭുതപ്പെടാനില്ല.