Friday, January 6, 2023

എന്റെ ചിറകൊടിഞ്ഞ കിനാവുകൾ


ദ്വീപിൽ ഇപ്പോൾ നല്ല തണുപ്പാണ്. മകരമാസത്തിലെ കുളിർ എന്ന് പറയുന്നത് പോലെ . പുതപ്പിനുള്ളിൽ നിന്നും എഴുനേൽക്കാൻ തോന്നില്ല . പക്ഷെ ജോലിക്ക് പോയില്ലെങ്കിൽ മൊയലാളി ശമ്പളം തരില്ലല്ലോ എന്ന ആലോചിക്കുമ്പോൾ മനസ്സില്ലാ മനസ്സോടെ എഴുന്നേൽക്കും. അന്നേരം അഴകിയ രാവണനിലെ ടെയ്‌ലർ അംബുജാക്ഷൻ ഹനീഫയോട് പറയുന്ന ഡയലോഗ് ഓർമ്മ വരും ..

ഞാൻ : മുതലാളി ഇങ്ങനെ എല്ലാ ദിവസവും ജോലിക്ക് വരണമെന്ന് നിർബന്ധം ഉണ്ടോ ?
മുതലാളി : വേണമെന്നില്ല അഡ്രസ്സ് തന്നോളൂ , ശബളം വീട്ടിലേക്ക് അയച്ചു തരാം .

വളരെ ഉപകാരം മുതലാളി , എന്നാ അഡ്രസ്സ് എഴുതി എടുത്തോളു ....

ഈ വർഷത്ത പോസ്റ്റ് ഒരു ചെളിയോടെ തുടങ്ങാമെന്ന വിചാരിച്ച് 

Tuesday, June 23, 2020

തനിയാവർത്തനം

സീൻ -1
അച്ഛന്റെ കത്ത് വന്നപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. അടുത്ത ആഴ്ച്ച അച്ഛൻ നാട്ടിൽ വരുന്നുണ്ടത്രെ. ബോംബേന്ന് പുറപ്പെടുന്ന തിയ്യതിയും എഴുതിയിരുന്നു.അന്നു മുതൽ ആകാംഷയോടെയുള്ള കാത്തിരിപ്പാണ്.ദിവസങ്ങൾക്ക് നീളം കൂടുതൽ അനുഭവപെടാൻ തുടങ്ങും.  അന്നൊക്കെ മിനിമം മൂന്ന് ദിവസം വേണം ബോംബേന്ന് നാട്ടിൽ എത്താൻ. കണക്ഷൻ ട്രെയിൻ വൈകിയാൽ പിന്നേയും വൈകും. അച്ഛൻ വരുമെന്ന് പ്രതീക്ഷിക്കുന്ന അന്ന് രാവിലെ തന്നെ ഞാനും അനിയനും നേരത്തെ ഏണീറ്റ് കാത്തിരിപ്പ് തുടങ്ങും, ഒരാൾ പടിഞ്ഞാപുറത്തും, മറ്റേയാൾ കിഴക്കേപുറത്തും. അച്ഛൻ റോഡിലൂടെ നടന്ന് വരികയാണങ്കിൽ കിഴക്കേപുറത്ത് കാത്തിരിക്കുന്ന ആൾക്ക് ആദ്യം കാണാൻ പറ്റും. അതല്ല ചിറയും തോടും താണ്ടി വരികയാണങ്കിൽ പടിഞ്ഞാപ്പുറത്തിരിക്കുന്ന ആൾക്കായിരിക്കും ആദ്യം അച്ഛനെ കാണാൻ പറ്റുക. അച്ഛനെ ദൂരെന്ന് കാണുമ്പോഴെ “അച്ഛൻ വന്നേന്ന്“ ഉച്ചത്തിൽ വിളിച്ചു കൂവി രണ്ടാളും ഓടിചെല്ലും.അച്ഛന്റെ  അന്നത്തെ വരവ് ഒരു നൊസ്റ്റാൾജിക്ക് ഓർമ്മകളാണ്. രണ്ട് പോക്കറ്റും, വലിയ കോളറും ഉള്ള ഒരു ആകാശനീല ഷർട്ട്,ബെൽ ബോട്ടൻ പാന്റ്. ബോംബേക്ക് പോകുമ്പോഴും വരുമ്പോഴും മാത്രമാണ് ആ വസ്ത്രങ്ങൾ അച്ഛൻ ഉപയോഗിച്ചിരുന്നത്. കൈയ്യിൽ ഒരു ഇരുമ്പ് പെട്ടി കാണും,ചിലപ്പോൾ ഒരു കാർബോഡ് ബോക്സ്.ഞങ്ങളെ അച്ഛൻ വാരിപുണരുമ്പോൾ ഉണ്ടാവുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്😍. പിന്നെ അങ്ങോട്ട് സ്വാതന്ത്രത്തിന്റെ ദിനങ്ങളാണ്. അത് ചെയ്യരുത് ഇതു ചെയ്യരുതെന്ന് അമ്മ വിലക്കിയിരുന്ന കാര്യങ്ങൾ ചെയ്യാൻ അനുമതി കിട്ടുന്നത് അച്ഛൻ വരുമ്പോഴാണ്. കുളത്തിൽ കുളിക്കാൻ, മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ, സിനിമകൾ തിയ്യറ്ററിൽ പോയി കാണാൻ, എല്ലാം അച്ഛൻ ഒപ്പം ഉണ്ടാവും അഥവ ടിക്കറ്റ് കിട്ടിയില്ലങ്കിൽ ക്യൂ നിന്ന് അടുത്ത ഷോ കണ്ടിട്ടേ വീട്ടിലേക്ക് പോരൂ. അച്ഛൻ വീട്ടിൽ ഉള്ളപ്പോൾ ആ ഓലവീട്ടിൽ ഞങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെട്ടിരുന്നു.
ഒന്നര മാസം കഴിഞ്ഞ് അച്ഛൻ തിരിച്ച് പോകുമ്പോൾ ഭയങ്കര സങ്കടമാണ്. ഇനി ഒന്ന് ഒന്നര വർഷം കാത്തിരിക്കണം അച്ഛനെ കാണാൻ.. പെട്ടിയും തൂക്കി അച്ഛൻ കണ്ണിൽ നിന്ന് മറയുന്നതു വരെ നോക്കി നിൽക്കും. ഞാൻ കുറച്ച് വലുതായപ്പോൾ പത്താം കല്ല് ബസ്സ് സ്റ്റോപ്പ് വരെ അച്ഛന്റെ ഒപ്പം പോകുമായിരുന്നു..ഞാൻ പ്രവാസിയാകുന്നതു വരെ ഈ സീനെല്ലാം  ഇങ്ങനെ ആവർത്തിച്ച് കൊണ്ടേ ഇരുന്നു.

സീൻ-2
----------
 കുട്ടൂസ് അതിരാവിലെ തന്നെ ഏണിറ്റ് ഫ്രഷായി, കിഴക്കേപുറത്തെ കസേരയിൽ ഇരിക്കാൻ തുടങ്ങിട്ട് കുറെ നേരായി. ഇടക്ക് ക്ഷമ കെട്ടിട്ട് അമ്മോട് സമയം ചൊദിക്കുന്നുണ്ട്, ഇത്ര നേരായിട്ട് അച്ഛനെ കാണാൻ ഇല്ലല്ലോന്ന് പരാതിപെടുന്നുണ്ട്.  ദൂരെന്ന് കാറ് കാണുമ്പോഴേ സന്തോഷം കൊണ്ട് മുറ്റേത്തേക്ക് ഓടിചെല്ലെന്ന്, കാറിന്ന് ഇറങ്ങി വരുന്ന അച്ഛനെ വട്ടം പിടിച്ചു, പിന്നെ അച്ഛനും മോനും ഭയങ്കര സ്നേഹ പ്രകടനം…. എല്ലാത്തിനും സാക്ഷിയായി സീൻ വണ്ണിലെ നായകൻ തൊട്ടടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു….😀😀


മൂന്നാം തലമുറയേങ്കിലും ഒരു പ്രവാസി ആകാതെ സ്വന്തം മണ്ണിൽ ജോലിയോ ബിസിനസ്സോ ചെയ്തു ജീവിക്കണമെന്ന് ആഗ്രഹിച്ചു പോവുകയാണ്. ആ ചിന്തയിൽ നിന്നാണ് ഈ അച്ഛൻ ദിനത്തിൽ ഇങ്ങനെ എഴുതി കൂട്ടിയത്..

Thursday, September 19, 2019

നാരിയൽ കാ പാനി


എങ്ങും ഹിന്ദി വിവാദം കത്തി നിൽക്കാണല്ലോ. സത്യത്തിൽ മലയാളി ഹിന്ദി പഠിക്കുന്നില്ലേ? ഉണ്ടല്ലോ. പണ്ടു മുതലേ സർക്കാർ സ്കൂളുകളിൽ അഞ്ചാം ക്ലാസ്സ് മുതലും ഇംഗ്ലീഷ് മീഡിയം സ്കൂളുകളിൽ ഒന്നാം ക്ലാസ്സ് മുതലും ഹിന്ദി പഠിപ്പികുന്നുണ്ട് പ്രീഡിഗ്രിക്ക് മാർക്ക് കൂടുതൽ കിട്ടാൻ ഹിന്ദി പഠിച്ചവരും ഏറെ പേർ.ഇത്രെയൊക്ക ആണങ്കിലും മലയാളികൾ ഹിന്ദിയിൽ പിന്നോക്കം തന്നെ(ഇംഗ്ലീഷും തഥൈവ). ഹിന്ദി നമ്മുക്ക് പരീക്ഷക്ക് മാർക്ക് വാങ്ങിക്കാനുള്ള ഒരു വിഷയം മാത്രമായിരുന്നു.ഭാഷ പഠിച്ചാലും അത് നിരന്തരം ഉപയോഗത്തിലൂടെ മാത്രമേ നിലനിൽക്കൂ.ഏത് സാഹചര്യങ്ങളേയും തരണം ചെയ്യുന്ന മലയാളികൾ കേരളം വിട്ടാൽ പല ഭാഷകളും അനായാസം കൈകാര്യം ചെയ്യുന്നത് കണ്ടിട്ടുണ്ട്.
അവസരങ്ങൾ ഉണ്ടായിട്ടും ആയ കാലത്ത് ഹിന്ദി പഠിക്കാത്ത,പരീക്ഷയിൽ പാസ്സ് മാർക്ക് പോലും വാങ്ങിക്കാൻ പറ്റാതിരുന്ന,എന്തിന് ഒരു ഹിന്ദി സുഗമ പരീക്ഷ പോലും എഴുതാത്ത,അത് എഴുതാൻ പോകുന്നവരോട്നിനക്കൊന്നും വേറെ പണിയൊന്നു ഇല്ലേ ടാന്ന് കളിയാക്കിരുന്ന ചങ്ക് ബ്രോസ് എല്ലാം ഇപ്പോൾ മലയാളികളെ ഹിന്ദി പഠിപ്പിക്കാൻ കച്ചമുറുക്കി ഇറങ്ങുന്നത് കാണുമ്പോൾ ബഹുത്ത് രോമഞ്ചിക്കേഷൻ ഹോത്താ ഹേ!!!
ഇന്ന് കേട്ട വല്ല്യ തമാശ :കേരളത്തിലെ യുവാക്കൾ ഹിന്ദിയും ഇംഗ്ലീഷും പഠിച്ചു കഴിഞ്ഞാൽ ,അവർ പുറം നാടുകളിലേക്ക് ജോലിതേടി പോകും. അപ്പോൾ പിന്നെ ഇവിടെ ജാഥ വിളിക്കാൻ ആളെ കിട്ടുകയില്ല!! അതു കൊണ്ടാണത്രെ ഇവിടെത്തെ രാഷ്ടീയക്കാർ ഹിന്ദിയെ എതിർക്കുന്നത്
😆😆😆

Saturday, November 3, 2018

എന്റെ ഹീറോകൾ

  ലളിത് മോഡി,വിജയ് മാല്യ,നീരവ് മോഡി..ഇവർ മൂന്നു പേരാണ് ഇന്നെന്റെ ഹീറോസ്.മൂന്ന് പേരും ഇന്ത്യാക്കാരെ പറ്റിച്ച് വിദേശത്തേക്ക് കടന്നവർ😀😀 .സാധാരണക്കാരന്റെ കയ്യിൽ നിന്നും പൊതു മേഖലാ ബാങ്കുകൾ മിനിമം ബാലൻസ് ഫൈൻ, പണം എടുക്കുന്നതിനും,ഇടുന്നതിനും ചാർജ്ജ് അങ്ങനെ നൂറായിരം സർവ്വീസ് ചാർജ്ജുകൾ ചുമത്തി കൊള്ളയടിച്ചുണ്ടാക്കുന്ന പൈസയാണ് ഇവന്മാർ ഇങ്ങനെ കടത്തി കൊണ്ട് പോകുന്നത്.ഈ നഷടങ്ങൾ നികത്താൻ ബേങ്കുകൾക്ക് സർക്കാറിന്റെ വക കോടികണക്കിന് രൂപയുടെ ആശ്വാസ ധനസഹായങ്ങൾ വേറെ.
ഞങ്ങടെ നേതാക്കന്മാരുടെ കാലത്തല്ലാ ഈ ഫ്രോഡുകൾ നടന്നതെന്ന് പറഞ്ഞ് പരസപരം ചെളിവാരിയെറിഞ്ഞ് സോഷ്യൽ മീഡിയായിൽ തല്ലുകൂടുന്ന മ്ലേച്ചന്മാരായ അണികളോട്, ഇത് നിന്റെയും രാജ്യത്തിന്റെ സമ്പത്താടാ കൊള്ളയടിച്ചു കൊണ്ട് പോകുന്നത്..
എല്ലാം രാജ്യത്തിന്റെ പുരോഗതിക്ക് വേണ്ടിയാണല്ലോന്ന് ഓർക്കുമ്പോഴാണ് ഒരു ആശ്വാസം.

എന്ന്
ഹൗസ് ലോണിനു വേണ്ടി മൂന്നാല് ബാങ്കിൽ കയറിയിറങ്ങി,അവസാനം ആധാരം പണയം വെച്ച് ലോണെടുത്ത ഒരു സാധാരണ ഇന്ത്യാക്കാരൻ.
  

അവനാണ് അണി


രാഷ്ടീയ പാർട്ടികളുടെ നേതാക്കന്മാരെ കുറിച്ച് പറഞ്ഞു കേൾക്കുന്ന അപവാദങ്ങൾ ഒന്നാണ്, അവർ തങ്ങളുടെ അണികളെ തെരുവിൽ തല്ലി ചാകാൻ പറഞ്ഞയ്ക്കുകയും,എന്നാൽ തങ്ങളുടെ മക്കളെ തെരുവിലേക്ക് വിടാതെ സുരക്ഷിതരായി നല്ല വിദ്യാഭാസം നൽകി, നല്ല ജീവിതം കൊടുക്കാൻ ശ്രദ്ധിക്കുന്നൂന്ന്.ഉദാഹരണത്തിനായി നമ്മുടെ ഭരണ പ്രതിപക്ഷ നേതാക്കൾ തന്നെ ധാരാളം, ഭക്തിയുടെ കാര്യം വരുമ്പോഴും അതിനു മാറ്റമില്ല, തെരുവിലിറങ്ങാൻ ആഹ്വാനം ചെയ്യുന്നവരും, അതെല്ലാം സോഷ്യൽമീഡിയായിൽ നാഴികക്ക് നാല്പതു വട്ടം ഷെയർ ചെയ്യുന്ന സ്വദേശത്തേയും വിദേശത്തേയും 'ആരാധകരും' മേൽപ്പറഞ്ഞ വിഭാഗത്തിൽ പെട്ടവർ തന്നെ.
**ഡാ തടിയാ സിനിമയിൽ ,കരുത്ത് തെളിയിക്കാനായി നേതാവ് പറയുമ്പോഴേക്കും വെള്ളത്തിലേക്ക് എടുത്ത് ചാടുന്ന അണി.