Friday, April 24, 2009

അക്ഷയതൃതീയ ആർക്ക് ഭാഗ്യം കൊണ്ട് വരും?

അതി രാവിലെ ഫോണിന്റെ മണിയടി കേട്ടിട്ടാണ് ഉറക്കമുണർന്നത്.ഉറക്ക ഭംഗത്തിന്റെ ഒരു ചെറിയ നീരസത്തോടെ തന്നെ ഫോൺ എടുത്തു. അങ്ങേ തലക്കെൽ നാട്ടിൽ നിന്നും ഭാര്യയാണ്.

“അതെയ് ഒരു ചറിയ കാര്യം പറയാൻ ഉണ്ടായിരുന്നു, നാളെ അക്ഷയത്രിതിയാണ്.ഒരു തരി സ്വർണ്ണം മറക്കാതെ വാങ്ങിക്കോളോ, മറക്കരുത്”

“നാളെ തന്നെ വാങ്ങണോ?

“പിന്നെയല്ലാണ്ട്, അന്ന് സ്വർണ്ണം വാങ്ങിയാൽ വർഷം മുഴുവൻ ഭാഗ്യം വരുമെത്രെ,ടിവിയില്ല് പരസ്യം കണ്ടില്ലെ?”

അങ്ങനെയാണങ്കിൽ സ്വർണ്ണം വാങ്ങുന്നവരല്ലാം കുബേരന്മാരായാൽ പിന്നെ ഈ നാട്ടിൽ പാവങ്ങൾ ആരും ഉണ്ടാവില്ലല്ലോ”. ഞാൻ ഒരു സംശയം ചോദിച്ചു

“ഞാൻ പറയാനുള്ളത് പറഞ്ഞു”.കുറച്ചു പരിഭവത്തോടെ തന്നെയാണ് പുള്ളിക്കാരത്തി ഫോൺ വെച്ചിട്ടുള്ളത്. അവരെ കുറ്റം പറയാൻ പറ്റില്ല, കാരണം T.V,പത്രം തുടങ്ങി എവിടെ നോക്കിയാലും അക്ഷയതിതീയ കൊണ്ട് വരുന്ന ഭാഗ്യത്തിന്റെ പ്രലോഭനങ്ങൾ മാത്രം.കഴിഞ്ഞ ഒരാഴ്ചയായി T.V ഓൺ ചെയ്താൽ കാണുന്നത് സ്വർണ്ണ കച്ചവടക്കാരുടെ കിടമത്സരവും,വാഗ്ദാന പെരുമഴയും മാത്രം. അത്രയെന്നും പ്രചാരമില്ലാതിരുന്ന ഈ ദിനത്തിന്, ഇത്രയും പ്രചാരം നൽകിയത് ഇവിടെത്തെ ഗോൾഡ് ബിസിനസ്സ്കാർ തന്നെയാണ്..
എന്താണ് അക്ഷയതൃതീയ?
വൈശാഖമാസത്തിലെ ശുക്ലപക്ഷത്തിലെ മൂന്നാമത്തെ തിഥിയാണു അക്ഷയ തൃതീയ എന്ന് അറിയപ്പെടുന്നത്. അക്ഷയതൃതീയനാളില്‍ ചെയ്യുന്ന സദ്കര്‍മ്മങ്ങളുടെ ഫലം ക്ഷയിക്കില്ല എന്ന് പുരാതനകാലം മുതല്‍ക്കേ വിശ്വസിക്കുന്നു.മത്സ്യപുരാണത്തിലും,നാരദീയപുരാണത്തിലും അക്ഷയതൃതീയയെപ്പറ്റി പ്രസ്താവിച്ചിട്ടുണ്ട്. ഒരു പാട് ഐതീഹ്യങ്ങളും ഇതിനു പിന്നിലുണ്ട്.അന്നേ ദിവസം വാങ്ങിക്കുന്ന വസ്തുക്കൾക്ക് പിന്നിടൊരിക്കലും ക്ഷാമം വരില്ലെത്ര!! അതു കൊണ്ട് തന്നെ വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങാനായി ആളുകൾ ഇന്നെ ദിവസം തിരഞ്ഞടുക്കുന്നു.
പക്ഷെ പുരാണങ്ങളിൽ ഇതോടനുബന്ധിച്ച് പറയുന്ന ചില കാര്യങ്ങൾ നമ്മൾ മന:പൂർവ്വം മറന്ന് പോകുന്നുണ്ട്.. അക്ഷയതൃതീയ ദിനത്തിൽ ദാനധർമ്മാദികൾ - വിശേഷ്യാൽ ദാനങ്ങളിൽ ഏറ്റവും പുണ്യമായി കരുതുന്ന അന്നദാനം തുടങ്ങിയ സത്കർമ്മങ്ങൾ നടത്തിയതിനു ശേഷമാണ് നിങ്ങൾ വിലപിടിപ്പുള്ള വസ്തുക്കൾ വാങ്ങി വീട്ടിൽ കൊണ്ട് വരേണ്ടത്.അങ്ങനെ ചെയ്യുന്ന എത്ര പേർ നമ്മുക്കിടയിൽ ഉണ്ട്. ആഭരണക്കടയിലെ ‘സെയിൽ‌സ് മേൻ‌മ്മാരോ’, വിശ്വസ്ത സ്ഥാപനങ്ങളുടെ മുതലാളിമാരോ മേൽ‌പ്പറഞ്ഞ കാര്യം നമ്മളോട് പറയുകയോ അവരുടെ പരസ്യങ്ങളിൽ ഉൾപ്പെടുത്തുകയോ ചെയ്യാറില്ലല്ലോ.
**********