Tuesday, June 23, 2020

തനിയാവർത്തനം

സീൻ -1
അച്ഛന്റെ കത്ത് വന്നപ്പോൾ ഉണ്ടായ സന്തോഷത്തിന് അതിരില്ലായിരുന്നു. അടുത്ത ആഴ്ച്ച അച്ഛൻ നാട്ടിൽ വരുന്നുണ്ടത്രെ. ബോംബേന്ന് പുറപ്പെടുന്ന തിയ്യതിയും എഴുതിയിരുന്നു.അന്നു മുതൽ ആകാംഷയോടെയുള്ള കാത്തിരിപ്പാണ്.ദിവസങ്ങൾക്ക് നീളം കൂടുതൽ അനുഭവപെടാൻ തുടങ്ങും.  അന്നൊക്കെ മിനിമം മൂന്ന് ദിവസം വേണം ബോംബേന്ന് നാട്ടിൽ എത്താൻ. കണക്ഷൻ ട്രെയിൻ വൈകിയാൽ പിന്നേയും വൈകും. അച്ഛൻ വരുമെന്ന് പ്രതീക്ഷിക്കുന്ന അന്ന് രാവിലെ തന്നെ ഞാനും അനിയനും നേരത്തെ ഏണീറ്റ് കാത്തിരിപ്പ് തുടങ്ങും, ഒരാൾ പടിഞ്ഞാപുറത്തും, മറ്റേയാൾ കിഴക്കേപുറത്തും. അച്ഛൻ റോഡിലൂടെ നടന്ന് വരികയാണങ്കിൽ കിഴക്കേപുറത്ത് കാത്തിരിക്കുന്ന ആൾക്ക് ആദ്യം കാണാൻ പറ്റും. അതല്ല ചിറയും തോടും താണ്ടി വരികയാണങ്കിൽ പടിഞ്ഞാപ്പുറത്തിരിക്കുന്ന ആൾക്കായിരിക്കും ആദ്യം അച്ഛനെ കാണാൻ പറ്റുക. അച്ഛനെ ദൂരെന്ന് കാണുമ്പോഴെ “അച്ഛൻ വന്നേന്ന്“ ഉച്ചത്തിൽ വിളിച്ചു കൂവി രണ്ടാളും ഓടിചെല്ലും.അച്ഛന്റെ  അന്നത്തെ വരവ് ഒരു നൊസ്റ്റാൾജിക്ക് ഓർമ്മകളാണ്. രണ്ട് പോക്കറ്റും, വലിയ കോളറും ഉള്ള ഒരു ആകാശനീല ഷർട്ട്,ബെൽ ബോട്ടൻ പാന്റ്. ബോംബേക്ക് പോകുമ്പോഴും വരുമ്പോഴും മാത്രമാണ് ആ വസ്ത്രങ്ങൾ അച്ഛൻ ഉപയോഗിച്ചിരുന്നത്. കൈയ്യിൽ ഒരു ഇരുമ്പ് പെട്ടി കാണും,ചിലപ്പോൾ ഒരു കാർബോഡ് ബോക്സ്.ഞങ്ങളെ അച്ഛൻ വാരിപുണരുമ്പോൾ ഉണ്ടാവുന്ന ഒരു സന്തോഷം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്😍. പിന്നെ അങ്ങോട്ട് സ്വാതന്ത്രത്തിന്റെ ദിനങ്ങളാണ്. അത് ചെയ്യരുത് ഇതു ചെയ്യരുതെന്ന് അമ്മ വിലക്കിയിരുന്ന കാര്യങ്ങൾ ചെയ്യാൻ അനുമതി കിട്ടുന്നത് അച്ഛൻ വരുമ്പോഴാണ്. കുളത്തിൽ കുളിക്കാൻ, മൈതാനത്ത് ക്രിക്കറ്റ് കളിക്കാൻ, സിനിമകൾ തിയ്യറ്ററിൽ പോയി കാണാൻ, എല്ലാം അച്ഛൻ ഒപ്പം ഉണ്ടാവും അഥവ ടിക്കറ്റ് കിട്ടിയില്ലങ്കിൽ ക്യൂ നിന്ന് അടുത്ത ഷോ കണ്ടിട്ടേ വീട്ടിലേക്ക് പോരൂ. അച്ഛൻ വീട്ടിൽ ഉള്ളപ്പോൾ ആ ഓലവീട്ടിൽ ഞങ്ങൾക്ക് കൂടുതൽ സുരക്ഷിതത്വം അനുഭവപ്പെട്ടിരുന്നു.
ഒന്നര മാസം കഴിഞ്ഞ് അച്ഛൻ തിരിച്ച് പോകുമ്പോൾ ഭയങ്കര സങ്കടമാണ്. ഇനി ഒന്ന് ഒന്നര വർഷം കാത്തിരിക്കണം അച്ഛനെ കാണാൻ.. പെട്ടിയും തൂക്കി അച്ഛൻ കണ്ണിൽ നിന്ന് മറയുന്നതു വരെ നോക്കി നിൽക്കും. ഞാൻ കുറച്ച് വലുതായപ്പോൾ പത്താം കല്ല് ബസ്സ് സ്റ്റോപ്പ് വരെ അച്ഛന്റെ ഒപ്പം പോകുമായിരുന്നു..ഞാൻ പ്രവാസിയാകുന്നതു വരെ ഈ സീനെല്ലാം  ഇങ്ങനെ ആവർത്തിച്ച് കൊണ്ടേ ഇരുന്നു.

സീൻ-2
----------
 കുട്ടൂസ് അതിരാവിലെ തന്നെ ഏണിറ്റ് ഫ്രഷായി, കിഴക്കേപുറത്തെ കസേരയിൽ ഇരിക്കാൻ തുടങ്ങിട്ട് കുറെ നേരായി. ഇടക്ക് ക്ഷമ കെട്ടിട്ട് അമ്മോട് സമയം ചൊദിക്കുന്നുണ്ട്, ഇത്ര നേരായിട്ട് അച്ഛനെ കാണാൻ ഇല്ലല്ലോന്ന് പരാതിപെടുന്നുണ്ട്.  ദൂരെന്ന് കാറ് കാണുമ്പോഴേ സന്തോഷം കൊണ്ട് മുറ്റേത്തേക്ക് ഓടിചെല്ലെന്ന്, കാറിന്ന് ഇറങ്ങി വരുന്ന അച്ഛനെ വട്ടം പിടിച്ചു, പിന്നെ അച്ഛനും മോനും ഭയങ്കര സ്നേഹ പ്രകടനം…. എല്ലാത്തിനും സാക്ഷിയായി സീൻ വണ്ണിലെ നായകൻ തൊട്ടടുത്ത് തന്നെ നിൽക്കുന്നുണ്ടായിരുന്നു….😀😀


മൂന്നാം തലമുറയേങ്കിലും ഒരു പ്രവാസി ആകാതെ സ്വന്തം മണ്ണിൽ ജോലിയോ ബിസിനസ്സോ ചെയ്തു ജീവിക്കണമെന്ന് ആഗ്രഹിച്ചു പോവുകയാണ്. ആ ചിന്തയിൽ നിന്നാണ് ഈ അച്ഛൻ ദിനത്തിൽ ഇങ്ങനെ എഴുതി കൂട്ടിയത്..