Tuesday, January 18, 2011

ഗുരുവായൂരപ്പനൊരു വഴിപാട്

വളരെയധികം ടെൻഷനോടു കൂടിയായിരുന്നു അന്ന് പരീക്ഷ ഹാളിലേക്ക് കയറിയത്.പോളി ടെക്നിക്കിലെ അവസാന വർഷത്തെ അവസാന പരീക്ഷ അന്നായിരുന്നു. വീട്ടിൽ നിന്നും നല്ല കണികണ്ടിട്ട് തന്നെയാണ്  പോന്നിട്ടുള്ളത്. നല്ല കണികണ്ടിറങ്ങുക എന്നത് അമ്മയുടെ ഒരു പതിവ് രീതിയാണ്. പരീക്ഷയുള്ള ദിവസങ്ങളിൽ, ഞാൻ ഇറങ്ങുന്നതിനു മുമ്പ്,അമ്മ വീടിന് പുറത്ത് വന്ന്, വഴിയിൽ നല്ല ശകുനം വല്ലതുമുണ്ടോന്ന് ചുറ്റുപാടും നോക്കും.ഗ്രീൻ സിഗ്നൽ കിട്ടിയാലെ നമ്മുക്ക് പുറത്തേക്ക് ഇറങ്ങാൻ പറ്റു.  ചുറ്റുവട്ടത്തുള്ള ശകുന-ദു:ശകുനക്കാരുടെ ലീസ്റ്റ് അമ്മയുടെ പക്കലുണ്ട്.ദുശകുനം കണ്ടിട്ടാണ് പോയതെങ്കിൽ ഞാൻ തിരിച്ചു വരുന്നതു വരെ അമ്മ ഭയങ്കര ടെൻഷനിലാവും. ചില ദിവസങ്ങളിൽ, ഇത്തരം വിശ്വാസങ്ങളിൽ പ്രതിഷേധിച്ച് ഞാൻ ഇറങ്ങി പോകാറുണ്ട്. അങ്ങനെ ഗ്രീൻ സിഗ്നൽ കിട്ടി, നല്ല കണികണ്ട്, പരീക്ഷക്ക് പോയ ഞാൻ, ഇന്റേണൽ എക്സാമിനറുടെ സീറ്റിൽ ദാസ് സാറിനെ കണ്ടതും, ഉള്ള ധൈര്യമല്ലാം ചോർന്ന് പോയി. സാറിന്റെ ബ്ല്ലാക്ക് ലിസ്റ്റിലെ ഒരു പ്രധാനിയായിരുന്നു ഞാൻ എന്നതു തന്നെ കാരണം..നറുക്കൊടുപ്പിൽ, എക്സ്പിരിമെന്റായി കിട്ടിയതോ,പ്രേക്റ്റിക്കൽ ക്ലാ‍സ്സിൽ ഒരിക്കൽ പോലും ഞാൻ ചെയ്തിട്ടില്ലാത്ത മിക്സി. വട്ടം കറങ്ങാൻ പിന്നെ ഒന്നും വേണ്ടല്ലോ. എല്ലാ ദൈവങ്ങളെയും മനസ്സിൽ ധ്യാനിച്ച് മിക്സി കൈലെടുത്ത് തിരിച്ചും മറിച്ചും നോക്കി.എവിടെന്ന് തുടങ്ങണം,എങ്ങനെ തുടങ്ങണം,ഒന്നും ഒരു പിടിയും കിട്ടുന്നില്ല. ഒരു വിധം പാർട്ട്സ് എല്ലാം പൊളിച്ചടക്കി. അതു എളുപ്പമുള്ള പണിയാണല്ലോ.പക്ഷെ തിരിച്ച് ഫിറ്റ് ചെയ്യാൻ,വിചാരിച്ച് പോലെ പറ്റുന്നില്ല.ഇനി എന്ത് ചെയ്യുമെന്നറിയതെ ചുറ്റും നോക്കിയപ്പോഴാണ്, തൊട്ടടുത്ത ടെബിളിൽ സഹപാഠി പെൺകുട്ടി,  സ്റ്റാർ-ഡെൽറ്റ സ്റ്റാർട്ടറിൽ (പണ്ട് നമ്മുടെ അരിപൊടിപ്പിക്കുന്ന മില്ലുകളിൽ ഉണ്ടായിരുന്ന കുന്ത്രാണ്ടം തന്നെ.) ഗുസ്തി പിടിക്കുന്നത് കണ്ടത്. എത്ര ശ്രമിച്ചിട്ടും സ്റ്റാറിൽ നിന്നും ഡൽറ്റയിലേക്ക് വീഴുന്നില്ല. ലേബിലുള്ള എക്വുബമെന്റെസ് എല്ലാം ജാബവാന്റെ കാലത്തുള്ളതണ്(ജാബുവാന്റെ കാലത്ത് സ്റ്റാർട്ടറും, മിക്സിയും ഉണ്ടായിരുന്നോന്ന് ചോദിക്കരുത്). ടെൻഷൻ കാരണമാവാം,പുള്ളികാരത്തി ആകെ വിയർക്കുന്നുണ്ട്. അന്നേരമാണ് തൊട്ട് അടുത്ത് നിൽക്കുന്നുണ്ടായിരുന്ന അറ്റന്റ്‌ർ വർഗ്ഗിസ് സാറ്, “ഞാനൊന്നു നോക്കട്ടേ കുട്ടി”യെന്ന് പറഞ്ഞ് പുള്ളിക്കാരൻ സ്ക്രൂ ഡ്രൈവർ കൊണ്ടെന്തോ അഡ്ജസ്റ്റ്മെന്റ് ചെയ്ത്, പഴയ KSRTC ബസ്സിന്റെ ഗിയർ മാറ്റുന്ന മാതിരി വളരെ പണിപെട്ട് സ്റ്റാർട്ടർ ലിവർ ആദ്യം സ്റ്റാറിലേക്കും പിന്നെ ഡൽറ്റയിലേക്കും മാറ്റിയിട്ടു,തെറ്റ് ഉണ്ടായിരുന്ന  കൺക്ഷ്ൻസ് മാറ്റി കൊടുത്തു. എന്നിട്ട് ദാസാറിനോട വിളിച്ചു പറഞ്ഞു”സാറെ ഈ കുട്ടിയുടെ ഓകെയാണുട്ടോ”. സംഗതി ശുഭം,എന്തോരു മഹാലുഭാവലൂ.. അതു കഴിഞ്ഞ് എന്റെടുത്തേക്ക് വന്ന സാറിനെ നോക്കി ഞാനൊന്ന് പുഞ്ചിരിച്ചു. “ഉം എന്താടോ”.’അംബിയിൽ നിന്നും അന്യനേ‘ക്കുള്ള ഭാവമാറ്റം പോലെ, പുള്ളിക്കാരന്റെ മുഖഭാവം മാറിയത് എന്നെ അത്ഭുതപ്പെടുത്തി.“അത്…സാറെ…ഈ മിക്സി അസ്സെബിൾ ചെയ്യാൻ പറ്റുന്നില്ല” ഞാൻ വിക്കി വിക്കി പറഞ്ഞു.കൂടാതെ പ്രാക്റ്റിക്കൽ ക്ലാസ്സിൽ മിക്സി റിപ്പയർ ചെയ്യാനുള്ള അവസരം കിട്ടിയില്ലാന്നുള്ള സത്യം കൂടി പറഞ്ഞു.എന്നെ ഞെട്ടിച്ചു കൊണ്ട് പുള്ളിക്കാരൻ ഉറക്കെ ദാസാറിനോട വിളിച്ചു പറഞ്ഞു,“സാറെ ഇവിടെ ഒരുത്തൻ  വെള്ളം  കുടിക്കുന്നുണ്ട്,അവൻ ഈ എക്സിപിരിമെന്റ് ചെയ്തിട്ടില്ലത്രെ”. ദാസ് സാർ ഇരുന്ന ഇരുപ്പിൽ മുഖമുയർത്തി നോക്കി.ആ കണ്ണുകൾ ഒന്ന് തിളങ്ങി.പ്രതീക്ഷിച്ച ഒരു ഇരയെ തന്നെ കിട്ടിയിരിക്കുന്നു.
“നീയൊക്കെ ക്ലാസ്സിൽ കയറാതെ നടക്കുമ്പോൾ ആലോച്ചിക്കണം, യൂത്ത് ഫെസ്റ്റ്‌വെൽ തൊട്ട് നിന്നെ ഞാൻ നോട്ടമിട്ടിരുന്നതാ.ഒരു അവസരം വരുമെന്ന് എനിക്കറിയാമായിരുന്നു.വർഗ്ഗീസ് സാറെ അവനെ ഹൽ‌പ്പൊന്നും ചെയ്യണ്ടാ, ഇവനൊന്നും ജയിച്ചിട്ട് വല്ല്യ പ്രയോജനമൊന്നുമില്ല”.
എന്ന ദാസാറിന്റെ പ്രഖ്യാപ്നം കേട്ടതോടെ അറ്റന്റെർ അവിടേന്ന് സ്കൂട്ടായി.

രണ്ടാം വർഷം തൊട്ടാണ് എനിക്ക് സാറിന്റെ ‘അരുമ’ ശിഷ്യനാവാൻ കഴിഞ്ഞത്. ന്യൂട്ടണും,ഫാരഡയും,ക്രിച്ചോഫ് പ്രഭുവും ഉണ്ടാക്കി വെച്ച കുറെ നിയമങ്ങളെ എങ്ങനേങ്കിലും മണ്ഡക്കുള്ളിൽ പുഷ് ചെയ്തു കേറ്റാൻ പാടുപെടുന്ന സമയം.മിക്കവാറും ദിവസങ്ങളിൽ എനിക്ക് ഉത്തരമറിയാത്ത ചോദ്യങ്ങൾ ചോദിച്ച് സാറെന്നെ ലേബിൽ നിന്നും പുറത്താക്കും. . ഇന്റേണൽ മാർക്ക്  എന്ന ‘ഡെമോക്ക്ലസിന്റെ വാൾ‘ തലക്കുമുകളിൽ തുങ്ങി കിടക്കുന്ന്തു കൊണ്ട് തിരിച്ച് ഒന്നും മിണ്ടാൻ പറ്റില്ല. പല വിദ്യാലയങ്ങളിലും അധ്യാപകർ ഇഷ്ടമില്ലാത്ത വിദ്യാർത്‌ഥികളെ കുടുക്കാൻ മനപൂർവ്വം മാർക്ക് കുറയ്ക്കുകയും, രാത്രിയുടെ മറവിൽ അദ്യാപകനെ കുനിച്ചുനിർത്തി വിദ്യാർത്ഥികൾ ഇടിച്ച സംഭവവും ഉണ്ടായിട്ടുണ്ട്. അങ്ങനെ ഇരിക്കുമ്പോഴാണ് യൂത്ത് ഫെസ്റ്റിവെൽ വരുന്നത്.പോളിക്കാർക്ക് അർമ്മാദിക്കാൻ പറ്റുന്ന രണ്ടേ രണ്ട് അവസരങ്ങളാണ് യൂത്ത് ഫസ്റ്റിവെല്ലും, കോളേജ് ഡേയും. അന്ന് ഉജ്ജാല കളറുള്ള കളസങ്ങൾ മാറ്റി എല്ലാവരും ചെത്ത് ഡ്രെസ്സിലേക്ക് മാറും,ചിലരെല്ലാം അപ്പന്റെ പഴയ വെൽബോട്ടം പേന്റും,നീളൻ കോളർ ഷർട്ടും ഇറക്കുന്ന്ത് അന്നായിരിക്കും.ഡിപ്പാർട്ടുമെന്റെ വൈസിൽ വിദ്യാർത്ഥികൾ ചേരിതിരിഞ്ഞ് തല്ലുകൂടുന്ന്തും, കൂകിവിളിക്കുന്ന്തും അന്നു തന്നെ. അവസാന വർഷ ഇലക്ട്രിക്കലിലെ പുലികുട്ടികൾ ചേർന്നുണ്ടാക്കിയ ‘ഡ്രാഗൺസ് E3’ യിൽ ഞാനും ഒരു മെംബറായിരുന്നു. തല്ലു കൊടുക്കാനും അതിലേറെ വാങ്ങിക്കാനുമുള്ള ഒരു ടീം. സ്റ്റേജിൽ ലളിതഗാനം പാടി കൊണ്ടിരിക്കുന്ന സിവിലിലെ പെൺകുട്ടിക്കെതിരെ നമ്മുടെ ടീം കൂകി വിളിതുടങ്ങി.  ആ പെൺകുട്ടിയുടെ ദയനീയത കണ്ടിട്ട്, ഞാൻ എഴുനേറ്റ് നിന്ന് നമ്മുടെ ഗഡികളോട് മിണ്ടാതിരിക്കാൻ പറഞ്ഞു. അതേസമയം തന്നെ, ആ വർഷത്തെ യൂത്ത് ഫസ്റ്റ്‌വെല്ലിന്റെ ചുമതലയുണ്ടായിരുന്ന ദാസ് സാറ് ബഹളം കേട്ട് ഓഡിറ്റോറിയത്തിലേക്ക് വന്ന്തും ഒരുമിച്ചായിരുന്നു.പുള്ളി നോക്കിയപ്പോൾ, കാതിൽ കുരിശ് കമ്മലിട്ട് കൌബോയ് ഹാറ്റും വെച്ച് ഒരുത്തൻ, മൂസിക്ക് ഡയറക്ടറെ പോലെ കയ്യും വീശി ഏഴുനേറ്റ് നിൽക്കുന്നു.സത്യം പറഞ്ഞാൽ കമ്മലും ഹാറ്റും അതു വരെ തൊട്ടടുത്ത് ഇരുന്നിരുന്ന ഒരുത്തന്റെ ശരീരത്തിനെ അലങ്കരിച്ചിരുന്നതായിരുന്നു. ഏതു സമയത്താണാവേ ആ കുരിശെടുത്ത് അണിയാൻ തോന്നിയത്.വരാനുള്ളത് വഴിയിൽ തങ്ങുകയില്ലല്ലോ. ഞാൻ കുകിയിട്ടില്ലാന്ന് ആണിയിട്ട് പറഞ്ഞിട്ടും യൂത്ത് ഫസ്റ്റ്‌വെൽ കഴിയുന്നതു വരെ ഓഡിറ്റേറിയത്തിൽ കയറരുതെന്ന്  എനിക്ക് ബേൻ കിട്ടി.അങ്ങനെയാണ് പുള്ളികാരന്റെ ഹിറ്റ് ലിസ്റ്റിൽ ഞാനിടം നേടിയത്.

നിശ്ചിത സമയത്തിന് 15 മിനിറ്റ് മുൻപ് ഞാനാ മിക്സി ഒരുവിധത്തിൽ അസ്സംബിൾ ചെയ്‌തെടുത്തിട്ട് സാറിന് റിപ്പോർട്ട് ചെയ്തു. പുള്ളി അടുത്തു വന്നിട്ട് “നീ ഇതിന്റെ വൈന്റിങ്, ആർമേച്ചർ തുടങ്ങിയവ ചെക്ക് ചെയ്തോന്ന് ചോദിച്ചു. സത്യത്തിൽ ടെൻഷന്റ് ഇടയിൽ ഞാനാക്കാര്യം മറന്നു പോയിരുന്നു.
“പിന്നെ എന്തൂട്ടിനാ ഇത് നീ പോളിച്ചു നോക്കിയത്, ഞാൻ ഇതിന് സപ്ലെ കൊടുക്കാൻ പോവുകയാ,മിക്സി കറങ്ങിയില്ലങ്കിൽ നീ സപ്ലിമെന്റ്‌റി പരീക്ഷക്ക് തെയ്യാറായിക്കോ”.. ദൈവമേ.. പാ‍സ്സ് മാർക്ക് വാങ്ങിയാണങ്കിലും ഇതുവരെ ഒരു പരീക്ഷയിലും തോറ്റിട്ടില്ല,ഇതിൽ തോറ്റാൽ ഒരു വർഷം പോകും, ആളുകളുടെ മുഖത്ത് എങ്ങനെ നോക്കും, മാതാപിതാക്കളുടെ പ്രതീക്ഷ… അങ്ങനെ മനസ്സിലൂടെ ഒരുപാട് കാര്യങ്ങൾ ഫാസ്റ്റ് ഫോർവേഡിൽ കടന്നു പോയി. പെട്ടെന്ന് മനസ്സിൽ’ കൃഷ്ണാ എന്നെ ഈ പരീക്ഷണത്തിൽ നിന്നും രക്ഷിക്കണേ, ഇതിൽ വിജയിച്ചാൽ ഗുരുവായൂരിൽ വന്ന് ശയനപ്രദക്ഷിണം നടത്താമേ”ന്ന്  ആരോ മനസ്സിൽ പറഞ്ഞു. സാറ് സപ്ലെ കൊടുത്തതും മിക്സി വളരെ സ്മൂത്തായി കറങ്ങി. എന്റെ മുഖം തെളിഞ്ഞു. "ഇത്  കറങ്ങിന്ന് വിചാരിച്ചിട്ട് നീ ജയിക്കുമെന്ന് കരുതണ്ട്, എന്തായാലും നീ തോൽക്കുമെന്ന് സാറ് ഷൌട്ട് ചെയ്തു പറഞ്ഞങ്കിലും മനസ്സിൽ ജയിക്കുമെന്ന ആത്മവിശ്വാസം നിറഞ്ഞിരുന്നു. റിസൾട്ട് വന്നപ്പോൾ പാസ്സ് മാർക്ക് ഉള്ളുവെങ്കിലും ഞാൻ ജയിച്ചു. പിന്നെ ഗുരുവായൂർ പോയി ജീവിതത്തിൽ ആദ്യമായി ശയനപ്രദക്ഷിണം ചെയ്തു. കഴിഞ്ഞ തവണ ലീവിനു പോയപ്പോൾ ആദ്യ ശയനപ്രദക്ഷിണത്തിന്റെ പതിനാലാമത് വാർഷികം പ്രമാണിച്ച് ഒന്നുക്കുടെ ഉരുണ്ടു. ഒരു റൌണ്ട് ഉരുണ്ടേഴ്ന്നേറ്റപ്പോൾ “അല്ലാ വീട്ടിന്ന് പോരുമ്പോൾ പറഞ്ഞത് മൂന്ന് റൌണ്ട് ഉരുളുമെന്നാണല്ലോ, ഇത് ഒന്നേ ആയിട്ടുള്ളൂ”ന്ന് ഭാര്യയുടെ ഓർമ്മപെടുത്തൽ. സാരമില്ല അടുത്ത തവണ വരുമ്പോൾ പെന്റിങ് ഉള്ളത് ഉരുളാമെന്ന് പറഞ്ഞ് പ്രശ്നം സൊൾവാക്കി. നമ്മള് കഷ്ടപ്പെട്ട് ഉരുളുന്നതു കാണുമ്പോൾ ഭാര്യക്ക് ചിലപ്പോൾ മനസ്സിൽ സന്തോഷം തോന്നുന്നുണ്ടാവാം.

പറയാൻ വിട്ടു പോയത്
ഞാൻ ഏതേങ്കിലും ഒരു പ്രത്യേക ദൈവത്തിന്റെ ഫേനൊന്നുമല്ലായിരുന്നു. വിദ്യക്കായി സരസ്വതിയേയും, ധനത്തിനായി ലക്ഷ്മി ദേവിയേയും, വിഘ്നങ്ങളകറ്റാൻ ഗണപതിയേയും, റേഷൻ കാർഡിൽ നിന്നും പേര് വെട്ടാതിരിക്കാൻ ശിവനേയും, മുതലാളിത്ത- സാമ്രാജ്യത്വ ശക്തികളെ ഭയമുള്ളതു കൊണ്ട് മാർക്സിനേയും ഒരു പോലെ  പ്രാർത്ഥിച്ചിരുന്ന ഒരു കാലമെനിക്ക് ഉണ്ടായിരുന്നു. ഇപ്പോൾ ഗുരുവായൂർ കൃഷ്ണനോട് പ്രത്യേകമായ  മമത കാണിക്കുന്നുണ്ടോന്ന് ഒരു സംശയം.